SignIn
Kerala Kaumudi Online
Tuesday, 09 June 2026 1.55 AM IST

ശക്തികൂട്ടാൻ 'ഇന്ത്യ' മുന്നണി: എസ്.ഐ.ആറും പരീക്ഷാ ക്രമക്കേടും ഉയർത്തി പ്രതിഷേധം ശക്തമാക്കും

s

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വൻ പിളർപ്പിനെ നേരിടുന്ന പശ്ചാത്തലത്തിൽ അടിയന്തരമായി വിളിച്ചു കൂട്ടിയ 'ഇന്ത്യ' മുന്നണി യോഗം കേന്ദ്രസർക്കാരിനെതിരെയുള്ള പോരാട്ടം ശക്തമാക്കാനും ഐക്യത്തോടെ പ്രവർത്തിക്കാനും തീരുമാനിച്ചു. ഡി.എം.കെ, ആംആദ്‌മി പാർട്ടി എന്നിവ വിട്ടുനിന്നു. 23 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. അഞ്ച് കാര്യങ്ങളിൽ യോഗം പൂർണമായി യോജിച്ചുവെന്ന് പത്രസമ്മേളനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.

എസ്‌.ഐ.ആർ, വോട്ട് മോഷണം, തിരഞ്ഞെടുപ്പ് ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംയുക്തമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതും. നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ശക്തമാക്കും. സാമ്പത്തിക സ്ഥിതി, തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരെ സംബന്ധിച്ച പ്രശ്നങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ അടക്കംചർച്ച ചെയ്യാൻ സർവകക്ഷി യോഗം കേന്ദ്രത്തോട് ആവശ്യപ്പെടും. രണ്ട് മാസത്തിലൊരിക്കൽ 'ഇന്ത്യ' മുന്നണി യോഗം ചേരും. അടുത്ത യോഗം ആഗസ്റ്റിൽ ഹൈദരാബാദിൽ നടക്കും. മൺസൂൺ സമ്മേളനത്തിലുടനീളം മുന്നണി നേതാക്കൾ എന്നും രാവിലെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ യോഗം ചേരുമെന്നും ഖാർഗെ പറഞ്ഞു. 'ഇന്ത്യ' മുന്നണിയെ തകർക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾക്കെതിരെ ഒന്നിച്ചു നിൽക്കണമെന്ന് തൃണമൂൽ നേതാവ് മമതാ ബാനർജി നിർദേശിച്ചു.

കോൺഗ്രസിന്

വിമർശനം

ഘടകക്ഷികളുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിൽ കോൺഗ്രസ് വീഴ്‌ച വരുത്തുന്നുവെന്ന് വിമർശനമുയർന്നു. തങ്ങൾക്കെതിരെ കേരളത്തിൽ ബി.ജെ.പി ഡീൽ ആരോപണം ഉന്നയിച്ചതിലെ വൈരുദ്ധ്യം സി.പി.എം നേതാവ് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. സി.പി.ഐ നേതാവ് ഡി.രാജ അടക്കം വിമർശനം ആവർത്തിച്ചു.

രാഹുൽ വിരുദ്ധ പോസ്റ്ററുകൾ

യോഗം നടന്ന ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ളബിന് സമീപത്തെ നിരത്തിൽ രാഹുലിനെതിരെ 'ഇന്ത്യ' മുന്നണിയിലെ നേതാക്കൾ നടത്തിയ പരാമർശങ്ങൾ ബോർഡുകളായി പ്രത്യക്ഷപ്പെട്ടു. പിണറായി വിജയന്റെ പടമുള്ള ബോർഡും ഉണ്ടായിരുന്നു.

പങ്കെടുത്ത പ്രമുഖർ

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, ജയറാം രമേശ്(കോൺഗ്രസ്), മമത ബാനർജി, അഭിഷേക് ബാനർജി, കല്യാൺ ബാനർജി, ഡെറിക് ഒബ്രയൻ(തൃണമൂൽ), അഖിലേഷ് യാദവ്(എസ്.പി), തേജസ്വി യാദവ്, സഞ്ജയ് യാദവ്(ആർ.ജെ.ഡി), ജോൺ ബ്രിട്ടാസ്(സി.പി.എം), ഡി.രാജ, പി. സന്തോഷ് കുമാർ(സി.പി.ഐ), സുപ്രിയ സുലെ(എൻ.സി.പി-എസ്.പി), ദീപങ്കർ ഭട്ടാചാര്യ(സി.പി.ഐ-എം.എൽ), ഒമർ അബ്ദുള്ള(എൻ.സി), മെഹബൂബ മുഫ്‌തി(പി.ഡി.പി), വൈകോ(എം.ഡി.എം.കെ), തിരുമാവളവൻ(വി.സി.കെ). ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും ജെ.എം.എം നേതാവ് ഹേമന്ത് സോറനും ഓൺലൈനിൽ ചേർന്നു.

കേരളത്തിൽ നിന്ന് സാദിഖ് അലി തങ്ങൾ, കുഞ്ഞാലിക്കുട്ടി(മുസ്ളീം ലീഗ്), ജോസ് കെ. മണി(കേരളാ കോൺഗ്രസ്), എൻ.കെ.പ്രേമചന്ദ്രൻ(ആർ.എസ്.പി), ഫ്രാൻസിസ് ജോർജ്(കേരളാകോൺ.-ജോസഫ്), ജി. ദേവരാജൻ(ഫോർവേഡ് ബ്ളോക്ക്)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, INC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360