
ന്യൂഡൽഹി: മതപരിവർത്തനം നടത്താൻ സംഘടനകൾ വിദേശ ഫണ്ട് ഉപയോഗിക്കുന്നത് വിലക്കിയും പണം ഏതൊക്കെ കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയും കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കി. 2011 ലെ വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങൾ (എഫ്.സി.ആർ.എ) ഭേദഗതി ചെയ്താണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ നിബന്ധനകൾ ഉൾപ്പെടുത്തിയത്. ചട്ടലംഘനത്തിന് വൻ പിഴ ചുമത്തും.
ചട്ടം ലംഘിക്കുന്ന സംഘടനകളുടെ സ്വത്തുക്കൾ ഏറ്റെടുക്കാൻ സർക്കാരിന് അധികാരം നൽകുന്ന ബിൽ അടുത്തമാസം പാർലമെന്റിൽ വന്നേക്കും. ക്രൈസ്‌തവ വിഭാഗങ്ങളുടെ എതിർപ്പിനെ തുടർന്ന് കേന്ദ്ര സർക്കാർ മാറ്റിവച്ച ബില്ലാണിത്.
ആരാധനാലയങ്ങളുടെ നിർമ്മാണം, നവീകരണം, പരിപാലനം, മത വിദ്യാഭ്യാസം, ഭക്തിഗാനങ്ങളുടെ പ്രചാരം വിശുദ്ധ ഗ്രന്ഥങ്ങളുടെ അച്ചടി തുടങ്ങി 18 പ്രവർത്തനങ്ങൾക്ക് മാത്രമേ വിദേശ പണം വിനിയോഗാക്കാവൂ. മതവിദ്യാഭ്യാസം, ആചാരങ്ങൾ, ആരാധനാ സമ്പ്രദായങ്ങൾ എന്നിവയുടെ രേഖപ്പെടുത്തൽ, സംരക്ഷണം, പുനരുജ്ജീവനം, പ്രബോധനം, സത്സംഗങ്ങൾ, പ്രഭാഷണങ്ങൾ, ധ്യാനം എന്നിവയ്‌ക്കായി തുക വിനിയോഗിക്കുന്നത് മതപരിവർത്തനം ലക്ഷ്യമിട്ടാവരുതെന്നും വിഞ്ജാപനത്തിൽ പറയുന്നു.
എഫ്.സി.ആർ.എ രജിസ്ട്രേഷൻ ലഭിക്കാൻ മത ആവശ്യങ്ങൾക്ക് പുറമെ സാംസ്കാരികം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹിക വിഭാഗങ്ങൾ തുടങ്ങിയവയ്‌ക്ക് കീഴിലെ 105 തരം പ്രവർത്തനങ്ങളിൽ ഏതിനെല്ലാം പണം വിനിയോഗിക്കുമെന്ന് കൃത്യമായി വ്യക്തമാക്കണം. സ്ഥാപനങ്ങൾ അവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ, വെബ്സൈറ്റുകൾ എന്നിവയും വെളിപ്പെടുത്തണം.
തുകയുടെ 30% പിഴ
അനുമതിയില്ലാത്ത ആവശ്യങ്ങൾക്ക് വിദേശ സംഭാവന സ്വീകരിച്ചാൽ ഉപയോഗിച്ച തുകയുടെ 30 ശതമാനം അല്ലെങ്കിൽ ഒരു ലക്ഷം രൂപ ഏതാണ് വലുത്, പിഴയായി ഈടാക്കും.
ഊഹക്കച്ചവടത്തിനായി ഉപയോഗിച്ചാൽ ഒരു ലക്ഷം രൂപയോ നിക്ഷേപിച്ച തുകയുടെ 30 ശതമാനമോ, ഏതാണ് വലുത് അത് പിഴയായി ഈടാക്കും. വരുമാനം മുഴുവൻ തിരിച്ചു പിടിക്കും.
ഭരണപരമായ ചെലവുകൾക്കായി 20 ശതമാനത്തിൽ കൂടുതൽ വിദേശ സംഭാവനകൾ ചെലവിട്ടാലും ഒരു ലക്ഷം രൂപ ചെലവിട്ട തുകയുടെ 5 ശതമാനം ഏതാണ് വലുത് പിഴയായി ഈടാക്കും.
രജിസ്ട്രേഷൻ അനുവദിക്കാത്ത സംസ്ഥാനത്ത് ഫണ്ട് ചെലവിട്ടാലും പിഴ. ഏതെല്ലാം സംസ്ഥാനങ്ങളിലാണ് പ്രവർത്തനമെന്ന് കൃത്യമായി രേഖപ്പെടുത്തണം.
വിദേശ പൗരൻമാർ പ്രധാന ഭാരവാഹികളായ സംഘടനകൾക്ക് രജിസ്ട്രേഷൻ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ.
രണ്ട് സാമ്പത്തിക വർഷം കുറഞ്ഞത് 10 ലക്ഷം രൂപ ചെലവഴിക്കാത്ത സംഘടനകളെ നിഷ്‌ക്രിയമെന്ന് വിലയിരുത്തി രജിസ്ട്രേഷൻ റദ്ദാക്കും.
നേരത്തെ ലഭിച്ച തുകയുടെ 75 ശതമാനമെങ്കിലും ഉപയോഗിച്ചെങ്കിലേ അടുത്ത ഫണ്ടിന് അനുമതി ലഭിക്കൂ.
വിദേശ സംഭാവന സ്വീകരിക്കുന്ന സംഘടനകൾക്ക്
വാർത്താ പ്രസിദ്ധീകരണം, പ്രക്ഷേപണം എന്നിവയ്‌ക്ക് വിലക്കുള്ളതിനാൽ പുസ്തകങ്ങളോ ലേഖനങ്ങളോ പ്രസിദ്ധീകരിച്ചത് വാർഷിക റിട്ടേണിൽ വെളിപ്പെടുത്തണം.
എഫ്.സി.ആർ.എ ചട്ടം: എതിർപ്പുമായി സി.ബി.സി.ഐ
പാവപ്പെട്ടവരെ സഹായിക്കുന്ന എൻ.ജി.ഒകളെ സഹായിക്കുന്നതിന് പകരം ശ്വാസംമുട്ടിക്കുന്ന തരത്തിലാണ് കേന്ദ്ര സർക്കാർ വിദേശ സംഭാവന നിയന്ത്രണ നിയമ(എഫ്സിആർഎ) ചട്ടങ്ങൾ ഭേദഗതി ചെയ്തതെന്ന് കത്തോലിക്കാ മെത്രാൻ സമിതി(സി.ബി.സി.ഐ). മതപരിവർത്തനം തടയുന്നതിനുള്ള വ്യവസ്ഥകളിൽ അടക്കം അവ്യക്തതയുണ്ടെന്നും സി.ബി.സി.ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മാത്യു കോയിക്കൽ ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ സംഘടനകളുടെ ഏതൊരു പ്രവർത്തനത്തെയും മതപരിവർത്തനമായി വ്യാഖ്യാനിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ ഭേദഗതി. ആരോഗ്യം അടക്കം എൻ.ജി.ഒകൾ കൂടുതലായി ഇടപഴകുന്ന മേഖലകളൊന്നും അനുവദിക്കപ്പെട്ട 105 ഇനങ്ങളിലില്ല. ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രത്യേകം രജിസ്ട്രേഷൻ കർശനമാക്കിയതും എൻ.ജി.ഒകൾക്ക് പ്രഹരമാണ്. കേന്ദ്ര സർക്കാർ നീക്കം പൗരാവകാശങ്ങളിലെ കടന്നു കയറ്റമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ട് പരാതിപ്പെടുമെന്നും മാത്യു കോയിക്കൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |