SignIn
Kerala Kaumudi Online
Thursday, 25 June 2026 2.06 AM IST

ആശംസ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്യണം! വിവാദങ്ങളിൽ വലഞ്ഞ് പാവം സ്റ്റൈൽ മന്നൻ

d

ചെന്നൈ: പിറന്നാളുകാരനെ വിളിച്ച് ആശംസ അറിയിച്ചാൽ മാത്രം പോരാ, അത് മാലോകരെ അറിയിക്കാനായി സമൂഹ മാദ്ധ്യമങ്ങളിൽ കൂടി വിളംബരം ചെയ്യണം! പ്രത്യേകിച്ച് പിറന്നാളുകാരൻ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് ആകുമ്പോൾ. അങ്ങനെ സമൂഹ മാദ്ധ്യമങ്ങളിൽ കൂടി ആശംസകൾ അറിയിക്കാത്തതിന്റെ പേരിൽ 'പഴി' കേൾക്കേണ്ടി വന്നത് സൂപ്പർ സ്റ്റാർ രജനികാന്തിനും.

പ്രധാനമന്ത്രി നരേന്ദ്രമോദി, തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കമലഹാസൻ തുടങ്ങിയവരൊക്കെ വിജയ്‌ക്ക് പിറന്നാൾ ആശസംകൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ നേർന്നപ്പോൾ രജനികാന്ത് അങ്ങനെ ചെയ്തില്ല. മുഖ്യമന്ത്രിയായ ശേഷം വിജയ്‌യുടെ ആദ്യ പിറന്നാളായിരുന്നു 22ന്. രജനികാന്തിന് വിജയ് മുഖ്യമന്ത്രിയായത് ഇഷ്ടമാകാത്തതുകൊണ്ടാണ് ആശംസ നേരാത്തത് എന്ന രീതിയിൽ പ്രചാരണം കൊഴുത്തപ്പോൾ ഗതികെട്ട് രജനികാന്ത് തന്നെ രംഗത്തെത്തി. ഞാൻ അദ്ദേഹത്തിന് ഫോൺ വഴി ആശംസകൾ നേർന്നുഎന്ന് പറയേണ്ടി വന്നു.

ഇന്നലെ ചെന്നൈയിൽ തന്റെ പുതിയ ചിത്രം 'ധർമ്മൻ' ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് സൂപ്പർസ്റ്റാർ കിംവദന്തികൾക്ക് മറുപടി നൽകിയത്.

താൻ പറയുന്ന മിക്കവാറും എല്ലാ കാര്യങ്ങളും ചർച്ചയാകുന്നതിനാൽ പൊതു ഇടപെടലുകളെ ഇപ്പോൾ ജാഗ്രതയോടെയാണ് സമീപിക്കുന്നതെന്ന് രജനി പറഞ്ഞു. 'ആരെങ്കിലും എന്നെ സംസാരിക്കാൻ വിളിക്കുന്നുവെന്ന് പറയുമ്പോൾ, എനിക്ക് മടിയാണ് തോന്നുന്നത്. കാരണം ഞാൻ സംസാരിക്കുമ്പോഴെല്ലാം, അത് നിങ്ങൾക്കോ എനിക്കോ ഒരു പ്രശ്നമായി മാറുന്നു.' എന്നാൽ മൗനം പാലിക്കാമെന്നു വച്ചാലോ അതും പ്രശ്നമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'ഞാൻ മിണ്ടാതിരുന്നാൽ, അവർ എന്നെ കളിയാക്കും, എന്തുകൊണ്ടാണ് അദ്ദേഹം സംസാരിക്കാത്തത്? അദ്ദേഹം വായിൽ ഒരു കൊഴുക്കട്ടയാണോ?' - ചിരിപടർത്തികൊണ്ട് അദ്ദേഹം പറഞ്ഞു.

''ഞാൻ സംസാരിച്ചാൽ, ചിലർ പറയും, അദ്ദേഹം ഇപ്പോൾ എന്തിനാണ് സംസാരിച്ചത്? മറ്റുള്ളവർ പറയും അദ്ദേഹം സംസാരിക്കാൻ പാടില്ലായിരുന്നു. എനിക്ക് ഒരു കാര്യം മനസ്സിലായി: നമ്മളെ ഇഷ്ടപ്പെടാത്ത ആളുകൾ എന്തു ചെയ്താലു നമ്മളെ ഇഷ്ടപ്പെടില്ല, നമ്മൾ എന്ത് ചെയ്താലും. നമ്മളെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് നമ്മൾ ചെയ്യുന്നതെല്ലാം ഇഷ്ടപ്പെടുമെന്ന് കരുതുന്നതും മണ്ടത്തരമാണ്. അതുകൊണ്ട് ജാഗ്രത പാലിക്കണം.''

തമിഴ്നാട് നിയമസഭാ തിര‌ഞ്ഞെടുപ്പിനു ശേഷം വിജയ് മുഖ്യമന്ത്രിയാകാതിരിക്കാൻ രജനികാന്ത് ശ്രമിച്ചുവെന്നു വരെ പ്രചാരണമുണ്ടായി. അതെല്ലാം നിഷേധിക്കാൻ അദ്ദേഹത്തിന് പോയസ് ഗാർഡൻ വസതിയിൽ വാർത്താസമ്മേളനം വിളിക്കേണ്ടി വന്നു.

വിജയ് മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിജയ്‌യോട് അസൂയയുണ്ടോ എന്ന് ചോദ്യം വന്നപ്പോൾ,''ഞാൻ രാഷ്ട്രീയത്തിൽ പോലുമില്ല, പിന്നെ എന്തിനാണ് വിജയ്‌യോട് അസൂയപ്പെടുന്നത്? ഒരുപക്ഷേ കമൽ മുഖ്യമന്ത്രിയായാൽ എനിക്ക് അസൂയ തോന്നിയേക്കാം. വിജയ്‌യും ഞാനും തമ്മിൽ 25 വർഷത്തെ തലമുറ വിടവുണ്ട്. നമ്മൾ മത്സരിച്ചാൽ അത് നല്ലതായി തോന്നില്ല.'' എന്ന മറുപടിയാണ് നൽകിയത്.

കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച് അശ്വത് മാരിമുത്തു സംവിധാനം ചെയ്ത സിനിമയാണ് 'ധർമ്മൻ'.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360