
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ അഴിമതി ആരോപണത്തിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് അടക്കം 17 പേർ പ്രതികളായേക്കും. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന നടപടികളിലേക്ക് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കടന്നു. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കുപുറമെ ട്രസ്റ്റ് അംഗം അനിൽ മിശ്ര, ക്ഷേത്ര നിർമ്മാണത്തിന്റെ ചുമതല വഹിച്ച ഗോപാൽ റായ്, സംഭാവന എണ്ണിത്തിട്ടപ്പെടുത്താൻ മേൽനോട്ടം വഹിച്ചിരുന്ന ടിന്നു എന്ന രാം ശങ്കർ യാദവ് തുടങ്ങി 17 പേർക്കെതിരെ കേസെടുക്കണമെന്ന് എസ്.ഐ.ടി ശുപാർശ നൽകിയിരുന്നു. ഇടക്കാല റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പരിശോധിച്ചു. പണവും സ്വർണം, വജ്രം, വെള്ളി ആഭരണങ്ങളും ഉൾപ്പെടെ അടിച്ചുമാറ്റിയ രീതി എസ്.ഐ.ടി റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. ട്രസ്റ്റ് പുനഃസംഘടിപ്പിക്കണമെന്ന നിർദ്ദേശം മോദിയുടെ സജീവ പരിഗണനയിലാണ്. കോടിക്കണക്കിന് ഭക്തർക്ക് വേദനയുണ്ടാക്കിയ സംഭവത്തിൽ മുഖം നോക്കാതെ നടപടിയുണ്ടായേക്കും. ഉത്തരവാദികളെ ജയിലിലടയ്‌ക്കാൻ എസ്.ഐ.ടിക്ക് സ്വാതന്ത്ര്യം നൽകിയെന്നും അറിയുന്നു. എസ്.ഐ.ടി സംഘം അയോദ്ധ്യയിൽ ക്യാമ്പ് ചെയ്യുകയാണ്. ഇതിനോടകം 150ൽപ്പരം പേരെ ചോദ്യംചെയ്‌തു. സംഭാവനകൾ നൽകിയ വൻകിട വ്യവസായികളുടെ മൊഴിയെടുക്കും.
ജിവനക്കാർ
കോടീശ്വരന്മാർ
2024 ജനുവരി 22നായിരുന്നു രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠ. ഉദ്ഘാടനത്തിനുപിന്നാലെ പല ജീവനക്കാരുടെയും ജീവിതം മാറിമറിഞ്ഞുവെന്ന് എസ്.ഐ.ടി കണ്ടെത്തി. ചമ്പത് റായിയുടെ വിശ്വസ്‌തനായ ഫൂൽകാന്ത് മിശ്ര 25 ലക്ഷത്തിന് മേലുള്ള മൂന്ന് ആഡംബരക്കാറുകൾ സ്വന്തമാക്കി. 150ൽപ്പരം ജീവനക്കാർക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നു. ഇവരിൽ ചിലർ മാപ്പു സാക്ഷികളായേക്കും. ലവ്കുശ്,അവനീഷ്,അനുകൽപ്,കരുണെ,ടിന്നു എന്നിവരിൽ നിന്ന് രണ്ടുകോടിയിൽപ്പരം രൂപ പിടിച്ചെടുത്തിരുന്നു. കാണിക്കപ്പെട്ടികളുടെ താക്കോൽ ചമ്പത് റായിയുടെ മറ്റൊരു വിശ്വസ്‌തനായ ടിന്നുവിന്റെ പക്കലായിരുന്നു. പ്രാഥമികമായി 200 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്.
സി.ബി.ഐ അന്വേഷിക്കണം: കോൺഗ്രസ്
രാജ്യത്തിന് നാണക്കേടുണ്ടാക്കിയ വിഷയമാണെന്നും അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ട്രസ്റ്റ് ഉടൻ പിരിച്ചുവിടണം. ക്ഷേത്രഭരണം നിർമോഹി അഖാഡയ്‌ക്ക് കൈമാറണമെന്നും കോൺഗ്രസിലെ മത-പുരോഹിത സെൽ പ്രസിഡന്റ് രിച ഗോസ്വാമി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |