
ക്രൈംബ്രാഞ്ചിന് കോടതി നിർദ്ദേശം
ശ്രീനഗർ: അയോദ്ധ്യ രാമക്ഷേത്രം, ബദരീനാഥ് ക്ഷേത്രം എന്നിവിടങ്ങളിലെ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ ജമ്മു കാശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിലും തട്ടിപ്പ് നടന്നുവെന്ന് ആരോപണം. വിഷയത്തിൽ ജമ്മു കാശ്മീരിലെ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇടപെട്ടു.
ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വെള്ളി വഴിപാടുകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ക്രൈംബ്രാഞ്ചിനോട് നിർദ്ദേശിച്ചു. 550 കോടി രൂപയുടെ വെള്ളി വഴിപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് ആവശ്യപ്പെട്ടത്. ഭക്തർ സമർപ്പിച്ച വെള്ളിക്കുപകരം മറ്റു ലോഹങ്ങൾവച്ചെന്ന പരാതിയിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ.
ഉരുക്കുന്നതിനായി മേയിൽ ക്ഷേത്ര ബോർഡ് സർക്കാരിലേക്കയച്ച 20 ടൺ വെള്ളി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഈ വെള്ളി വ്യാജമാണെന്നും അഞ്ചുശതമാനം മാത്രമാണ് ഇതിൽ വെള്ളിയുള്ളതെന്നും കണ്ടെത്തി. ബാക്കി 95 ശതമാനം വ്യാജ ലോഹമാണ്. ഇതോടെ 550 കോടി രൂപ മൂല്യം കണക്കാക്കിയ വെള്ളിയുടെ വില വെറും 30 കോടി രൂപയായി. ദുരുപയോഗം, പകരം വയ്ക്കൽ, മോഷ്ടിക്കൽ, മായം ചേർക്കൽ എന്നിവ ആരോപിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദ്ദേശം. സി.സി ടി വി ഉൾപ്പെടെ പരിശോധിച്ച ശേഷം റിപ്പോർട്ടുകളുമായി 29ന് ഹാജരാകാൻ കോടതി ക്രൈംബ്രാഞ്ചിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
അയോദ്ധ്യ സംഭാവന കൊള്ള:
അന്തിമ റിപ്പോർട്ട് ഇന്ന്
അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ മൂന്നംഗ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ഇന്ന് ഉത്തർപ്രദേശ് സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചേക്കും. അന്വേഷണത്തിന് സർക്കാർ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. കുറ്റകൃത്യം നടന്ന രീതി,കുറ്റക്കാർ,തെളിവുകൾ,സാക്ഷിമൊഴികൾ തുടങ്ങി വിശദമായ റിപ്പോർട്ടായിരിക്കും ലക്‌നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പാന്ത്,ലക്‌നൗ റേഞ്ച് ഐ.ജി കിരൺ എസ്,ധനവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി നീൽരത്തൻ കുമാർ എന്നിവരടങ്ങിയ സംഘം കൈമാറുക. ഭരണതലത്തിലെ വീഴ്ചകൾ സംബന്ധിച്ചും പരാമർശമുണ്ടാകും. അന്വേഷണത്തിന്റെ തത്‌സ്ഥിതി അറിയിക്കാൻ കഴിഞ്ഞദിവസം സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. അടുത്ത തിങ്കളാഴ്ച വിഷയം പരിഗണിക്കും. അതേസമയം സുതാര്യതയ്ക്കും വിശ്വാസ്യത
ഉറപ്പുവരുത്തുന്നതിനുമായി സംഭാവനയുടെ കണക്ക് ട്രസ്റ്റിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.
പ്രതിയുടെ വീടിനുമുന്നിൽ
നോട്ടീസ്
കൊള്ളപ്പണം ഉപയോഗിച്ച് കേസിലെ പ്രതി ലവ്കുശ് മിശ്ര ഭാര്യ സുപ്രിയയുടെ പേരിൽ സ്ഥലം വാങ്ങിയിരുന്നു. അവിടെ നിർമ്മിക്കുന്ന വീടിനു മുന്നിൽ അയോദ്ധ്യ വികസന അതോറിട്ടി ഇന്നലെ നോട്ടീസ് പതിച്ചു. ബിൽഡിംഗ് പ്ലാൻ അംഗീകരിച്ചതിന്റെ അടക്കം രേഖകളുമായി 15നകം ഹാജരാക്കണമെന്നാണ് നിർദ്ദേശം.
കുറ്രക്കാരെ വെറുതെവിടില്ല:
ബദ്‌രിനാഥ് സി.ഇ.ഒ
ബദ്‌രിനാഥ് ക്ഷേത്രത്തിലെ സംഭാവന കൊള്ള കേസിലെ കുറ്രക്കാരെ വെറുതെവിടില്ലെന്ന് സി.ഇ.ഒ സോഹൻ സിംഗ് രംഗാഡ്. ക്ഷേത്രത്തിന്റെ ആഭ്യന്തരസമിതി അന്വേഷിച്ച് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഉത്തരാഖണ്ഡ് സർക്കാരിന് ഉടൻ കൈമാറുമെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |