SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.22 AM IST

വഖഫ് ബോ‌ർഡിൽ അമുസ്ലിം അംഗങ്ങളും: കേന്ദ്ര ഭേദഗതിയെ സുപ്രീം കോടതിയിൽ അനുകൂലിച്ച് കേരളം

waqf

ന്യൂഡൽഹി: വഖഫ് ബോ‌ർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന കേന്ദ്ര സർക്കാർ ഭേദഗതിയെ സുപ്രീം കോടതിയിൽ അനുകൂലിച്ച് സംസ്ഥാന സർക്കാ‌‌ർ. വഖഫ് ഭേദഗതി നിയമത്തിലെ വകുപ്പ് 14 പ്രകാരം ബോർഡ് പുനഃസംഘടിപ്പിക്കുമെന്നും സൂചന നൽകി. നിയമ ഭേദഗതിയെ ദേശീയതലത്തിൽ കോൺഗ്രസും മുസ്ലിം ലീഗും എതിർക്കുന്നതിനിടെയാണ് യു.ഡി.എഫ് സർക്കാരിന്റെ അനുകൂല നിലപാട്.

കേരള ഹൈക്കോടതിയിൽ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് ഉൾപ്പെടെ സമർപ്പിച്ച പൊതു താത്പര്യ ഹർജികളിലും ഇതേ നിലപാടായിരിക്കും സ്വീകരിക്കുക. എൽ.ഡി.എഫ് സ‌ർക്കാരിന്റെ കാലത്ത്, കഴിഞ്ഞ ഫെബ്രുവരിയിൽ ബോ‌ർഡ് പുനഃസംഘടിപ്പിച്ചിരുന്നു. എന്നാലതിൽ പോരായ്‌മകളുണ്ടെന്നും,നിലവിലെ നിയമമനുസരിച്ച് ബോ‌ർഡ് രൂപീകരിക്കുമെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്‌ത അറിയിച്ചു. ഭരണപരമായ തീരുമാനങ്ങളെടുക്കുന്നതിൽ നിന്ന് സംസ്ഥാന വഖഫ് ബോർഡിനെ കേരള ഹൈക്കോടതി വിലക്കിയിരുന്നു. ഇതിനെതിരെ ബോ‌ർഡ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവാണെന്നും,സുപ്രീംകോടതിയുടെ ഇടപെടൽ ഈ ഘട്ടത്തിൽ ആവശ്യമില്ലെന്നും സംസ്ഥാനം നിലപാടെടുത്തു. ഇതംഗീകരിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച്, ഭരണപരമായ തീരുമാനങ്ങളെടുക്കുന്നതിൽ നിന്ന് ബോർഡിനെ വിലക്കിയതിൽ ഇടപെട്ടില്ല. ഇന്ന് ഹൈക്കോടതി വിഷയം പരിഗണിക്കാനിരിക്കുന്നതും മുഖവിലയ്‌ക്കെടുത്തു. ഹർജികളിൽ അതിവേഗം ഹൈക്കോടതി തീരുമാനമെടുക്കണം. ബോ‌ർഡടക്കം കക്ഷികളെ കേൾക്കണമെന്നും നിർദ്ദേശിച്ചു. 2025ലെ വഖഫ് ഭേദഗതി നിയമപ്രകാരം രണ്ട് മുസ്ലിം ഇതര അംഗങ്ങൾ സംസ്ഥാന വഖഫ് ബോർ‌ഡുകളിലുണ്ടാകണം. എന്നാൽ കേരളത്തിലെ ബോർഡിൽ അക്കാര്യം പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ഹർജിക്കാരുടെ പരാതി.

ജോയിന്റ് സെക്രട്ടറിയുടെ

മേൽനോട്ടം വേണ്ട

അതേ സമയം, സംസ്ഥാന സർക്കാരിലെ ജോയിന്റ് സെക്രട്ടറി ഭരണപരമായ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കണമെന്ന ഹൈക്കോടതി നി‌ർദ്ദേശം സുപ്രീംകോടതി റദ്ദാക്കി. ബോർഡംഗമെന്ന നിലയിൽ പ്രവർത്തനം തുടരാം. വഖഫ് ബോ‌ർഡിനെ കേൾക്കാതെയാണ് ഇടക്കാല ഉത്തരവെന്ന് ബോ‌ർഡിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ചിദംബരേഷ് പറഞ്ഞു. ഒരു രാഷ്ട്രീയ പാ‌ർട്ടിയുടെ നേതാവാണ് ഹ‌ർജിക്കാരനെന്നും, സ്വന്തം ആൾക്കാരെ തിരുകിക്കയറ്റാനാണ് ആഗ്രഹിക്കുന്നതെന്നും മറ്റൊരു മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദിയും അറിയിച്ചു.

English Summary

The Kerala government has supported the Centre's amendment allowing non-Muslim members to be included in Waqf Boards during proceedings in the Supreme Court. It also indicated that the Waqf Board would be reconstituted in accordance with Section 14 of the amended Waqf Act.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAQF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360