
മുംബയ്: ഭർത്താവുമായി വാക്കുതർക്കം. പത്താം നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച നവവധുവിന് അദ്ഭുത രക്ഷ. മരക്കൊമ്പുകളിൽ കുടുങ്ങിക്കിടന്ന 26കാരിയായ പ്രതീക്ഷ ഹിവാരലേയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു.
മഹാരാഷ്ട്രയിലെ ഭണ്ഡൂപിൽ ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. നാലുമാസം മുമ്പായിരുന്നു പ്രതീക്ഷയുടെ വിവാഹം. ദിവസങ്ങൾക്കുള്ളിൽ തന്നെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസവും ഭർത്താവുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് ലേക്ക് റോഡിലെ സൺഷൈൻ ബിൽഡിംഗിലെ ജനലിലൂടെ എടുത്തുചാടി.ശബ്ദം കേട്ടെത്തിയ ആളുകൾ യുവതി മരത്തിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടു. ഉടൻ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു.
തറയിൽ നിന്ന് 20 അടി ഉയരത്തിലുള്ള മരക്കൊമ്പിലാണ് കുടുങ്ങിയത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് പ്രതീക്ഷയെ രക്ഷിച്ചത്. തുടയിൽ മരക്കൊമ്പ് തുളഞ്ഞുകയറിയതുൾപ്പെടെ ഗുരുതര പരിക്കേറ്റ യുവതി ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഗാർഹിക , സ്ത്രീധനപീഡനമുണ്ടായോ എന്നതുൾപ്പെടെ പരിശോധിക്കും. കുടുംബാംഗങ്ങളിൽ നിന്നും ഭർത്താവിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |