
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി നേതാക്കൾ പാർലമെന്റിന് തൊട്ടടുത്തുള്ള കോൺസ്റ്റിറ്റ്യൂഷൻ ക്ളബിൽ നിന്ന് മൂന്നര കിലോമീറ്റർ അകലെയുള്ള സുപ്രീംകോടതിയിലേക്ക് അഞ്ച് ബസുകളിലാണ് പുറപ്പെട്ടത്.
സമര തന്ത്രങ്ങൾ ആലോചിക്കാൻ നേതാക്കൾ കോൺസ്റ്റിറ്റ്യൂഷൻ ക്ളബിൽ യോഗം ചേർന്നിരുന്നു. അകത്ത് യോഗം നടക്കുമ്പോൾ കേരളമടക്കം പല സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകർ പുറത്ത് റാഫി മാർഗിൽ താളമേളങ്ങളും മുദ്രാവാക്യങ്ങളുമായി രംഗം കൊഴുപ്പിച്ചു. റോഡിൽ വൻ സുരക്ഷാ സന്നാഹം. 2.30ഓടെ ബസിൽ പുറത്തേക്കിറങ്ങിയപ്പോൾ ആവേശം അണപൊട്ടി.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും മുന്നിൽ നീങ്ങിയ ബസിന്റെ ആദ്യ സീറ്റിലിരുന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്‌തു. തൊട്ടു പിന്നിൽ പ്രിയങ്ക, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഐസ നേതാവ് നേഹ ബോറ, പൊതുപ്രവർത്തകൻ യോഗേന്ദ്ര യാദവ് തുടങ്ങിയവർ. കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാരായ എം.കെ. രാഘവൻ, വി.കെ. ശ്രീകണ്ഠൻ, രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നി ബെഹ്‌നാൻ, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, ഹാരിസ് ബീരാൻ, പി.വി. അബ്‌ദുൾ വഹാബ് തുടങ്ങിയവർ തൊട്ടു പിന്നിലെ ബസിൽ.
ബസുകൾ റാഫി മാർഗിൽ നിന്ന് റെയ്‌സീന റോഡ്, ജൻപഥ് വഴി കൊണാട്ട് പ്ളേസിൽ നേതാക്കളിറങ്ങി. ബാരക്കംബ ജംഗ്ഷനിലേക്ക് ഡൽഹി ചലോ-ജനാധിപത്യത്തിനു വേണ്ടിയുള്ള മാർച്ച്' എന്ന ബാനറുമായി കാൽനടയായി പ്രകടനം. ബാരക്കംബയിൽ നിന്ന് നേതാക്കൾ തുറന്ന വാഹനത്തിൽ കയറി. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി അടക്കം നേതാക്കളുമെത്തി. മണ്ഡിഹൗസ് ജംഗ്‌ഷനിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ നേതാക്കൾ ഇന്ത്യാ ഗേറ്റ് വഴി സുപ്രീംകോടതിയിലേക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |