
ബംഗളൂരു: കർണാടകയിൽ മദ്യപിക്കുന്നതിനിടെ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. ബെലഗാവി ജില്ലയിൽ മുഡലാഗിയിലാണ് സംഭവം. സീതാറാമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി അരുൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് പിലിഭിത് സ്വദേശികളായ ഇരുവരും മുഡലാഗിയിലെ പ്രിയ സ്റ്റീൽ കമ്പനിയിലെ ജീവനക്കാരായിരുന്നു.
ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെ ഒരാൾ കൂടുതൽ ഇറച്ചിക്കഷ്ണങ്ങൾ കഴിച്ചതാണ് വാക്കുതർക്കത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്. വാക്കുതർക്കത്തിനിടെ സീതാറാമിന്റെ നെഞ്ചിൽ അരുൺ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടർന്ന് അരുൺ സീതാറാമിനെ സമീപത്തെ ഗോകക് ആശുപത്രിയിലെത്തിച്ചു.
കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റതെന്നാണ് അരുൺ ഡോക്ടർമാരെ അറിയിച്ചത്. എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പിന്നാലെ സീതാറാം മരണപ്പെടുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |