SignIn
Kerala Kaumudi Online
Sunday, 27 September 2026 1.10 AM IST

പ്രതിരോധത്തിൽ ഡിഎംകെ; 'തമിഴ്നാടിന്റെ എപ്സ്റ്റീൻ ഫയൽസ്' കത്തുന്നു, കൂടുതൽ പരാതികൾ

veera-mani

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ 'ജെം'വീരമണിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്നു. 'തമിഴ്നാടിന്റെ എപ്സ്റ്റീൻ ഫയൽസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന രീതിയിൽ കേസ് മാറുമ്പോൾ രാഷ്ട്രീയ വിവാദവും കത്തുകയാണ്.

മുഖ്യപ്രതി 84 വയസുള്ള പ്രമുഖ വ്യവസായി, ജെം ഗ്രാനൈറ്റ്സ് സ്ഥാപകൻ ആർ.വീരമണിയാണ്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇപ്പോൾ നിരവധി കുട്ടികൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തി. എല്ലാവരും 12- 15 പ്രായമുള്ളവർ. 2025 ഒക്ടോബറിൽ വീഡിയോ തെളിവ് കിട്ടിയിട്ടും ഒരു വർഷം പൊലീസ് കേസ് മൂടിവെച്ചുവെന്നും 'തുടർനടപടി വേണ്ട' എന്ന് റിപ്പോർട്ട് കൊടുത്തുവെന്നുമുള്ള ആക്ഷേപമാണ് അന്ന് ഭരണത്തിലിരുന്ന ‌ഡി.എം.കെയെ പ്രതിരോധത്തിലാക്കിയത്.

പ്രതികൾക്കെതിരെ തുടർനടപടികൾ അവസാനിപ്പിക്കണമെന്ന് ശുപാർശ ചെയ്ത് കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തതിന്റെ പേരിൽ ചെന്നൈ പൊലീസ് വിമർശനം നേരിടുകയാണ്. കോടതി ആ റിപ്പോർട്ട് തള്ളിയതാണ് നിലവിലെ അന്വേഷണത്തിന് കാരണം. പരാതി ആദ്യമായി ഉയർന്നപ്പോൾ ചെന്നൈ പൊലീസ് കമ്മിഷണറേറ്റിന്റെ ചുമതലയിലുണ്ടായിരുന്ന രണ്ട് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ ടി.വി.കെ നേതൃത്വത്തിലുള്ള സർക്കാർ തത്‌സ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു. അന്വേഷിക്കാൻ വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന എസ്‌.ഐടി രൂപീകരിച്ചു. ഉപതിരഞ്ഞെടുപ്പ് വേദികളിൽ ഡി.എം.കെയ്ക്കെതിരായ രാഷ്ട്രീയ ആയുധമായി ടി.വി.കെ ഈ കേസ് ഉപയോഗിക്കുയും ചെയ്യുന്നുണ്ട്.

ഡി.എം.കെ വീരമണിയെ രക്ഷിക്കുന്നുവെന്ന്

ഡി.എം.കെക്കാർ വീരമണിയെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഇന്നലെ മന്ത്രി നിർമ്മൽകുമാർ രംഗത്തെത്തി. ഡി.എം.കെ സർക്കാർ 'ജെം' വീരമണി കേസ് കൈകാര്യം ചെയ്ത രീതി തെറ്റാണ്. ഈ വിഷയത്തിൽ ആ പാർട്ടി അമിതമായി പ്രതികരിക്കുന്നത് കേസിൽ എന്തോ തെറ്റുണ്ടെന്ന് കാണിക്കുന്നു. വീഡിയോയിൽ മതിയായ തെളിവില്ലെന്ന് പറഞ്ഞ് മുൻ നിയമ മന്ത്രി രഘുപതി ഒഴിഞ്ഞുമാറിയിയെന്നു മധുരയിൽ അദ്ദേഹം ആരോപിച്ചു.

2024ൽ വീരമണിക്കെതിരെ നൽകിയ പരാതി അന്നത്തെ പൊലീസ് കമ്മിഷണർക്ക് ലഭിച്ചിട്ടുണ്ട്. അന്നത്തെ മുഖ്യമന്ത്രി സ്റ്റാലിനും പരാതി ലഭിച്ചിരിക്കും. വീരമണിയുടെ പക്കൽ പലരും വിലപേശി പണം തട്ടിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇത്രയധികം പ്രശ്നമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEERAMANI CASE, DMK, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360