SignIn
Kerala Kaumudi Online
Sunday, 27 September 2026 1.10 AM IST

വിവാഹം കഴിക്കാൻ 21 വയസാവണം: പൊലീസുകാരനെ മകൻ വെടിവച്ചുകൊന്നു

k

ചണ്ഡിഗർ: കാമുകിയെ വിവാഹം കഴിക്കണമെങ്കിൽ 21 വയസാവണമെന്ന് പറഞ്ഞ പൊലീസ് ഹെഡ് കോൺസ്റ്റബിളിനെ പതിനെട്ടുകാരനായ മകൻ വെടിവച്ചുകൊന്നു. പഞ്ചാബിലെ ചണ്ഡിഗർ പൊലീസ് ആസ്ഥാനത്തെ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നിതിൻ സിംഗാണ് മകൻ അർമാന്റെ വെടിയേറ്റ് മരിച്ചത്. സെക്ടർ 22ലെ പൊലീസ് ക്വാർട്ടേഴ്സിൽ വെള്ളിയാഴ്ച പുലർച്ചെയാണ് തലയ്ക്ക് വെടിയേറ്റ നിലയിൽ നിതിനെ കണ്ടെത്തിയത്.

സംഭവത്തിൽ കേസെടുത്ത പൊലീസ് അർമാനെ അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുനിന്ന് ഒരു നാടൻ തോക്കും കണ്ടെടുത്തിട്ടുണ്ട്. പിതാവിനെ വെടിവച്ചതിനു പിന്നാലെ അർമാൻ അമ്മയുടെ കഴുത്തിനു ഞെരിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ അർമാന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട അമ്മ വീടിന്റെ മട്ടുപ്പാവിലേക്ക് ഓടിക്കയറി അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം പുറത്തുനിന്നാരോ വന്ന് പിതാവിനെ വെടിവച്ചതാണെന്ന് വരുത്തിത്തീർക്കാനും അർമാൻ ശ്രമിച്ചതായി അയൽവാസികൾ മൊഴി നൽകി.

തന്റെ കാമുകിയെ വിവാഹം കഴിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട് അർമാൻ മാതാപിതാക്കളെ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ നിയമപ്രകാരം 21 വയസ് തികഞ്ഞതിനു ശേഷമേ വിവാഹം നടത്തൂവെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇതോടെ വ്യാഴാഴ്ച രാത്രിയും അർമാൻ മാതാപിതാക്കളുമായി വഴക്കായി. തുടർന്ന് വിവിധ ആവശ്യങ്ങൾക്കായി പണം ആവശ്യപ്പെട്ട് വഴക്കുണ്ടാക്കിയതുമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകം നടത്തിയതിൽ അർമാന് യാതൊരുവിധ പശ്ചാത്താപവുമില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഈ വർഷം ആദ്യം മണിമാജ്രയിൽ വച്ച് അർമാൻ അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് സഹോദരങ്ങൾ കൊല്ലപ്പെട്ടിരുന്നു. സുഹൃത്തിന്റെ വാഹനം ഓടിച്ചായിരുന്നു അർമാൻ അന്ന് അപകടമുണ്ടാക്കിയത്. ഈ കേസിൽ അറസ്റ്റിലായ ഇയാൾ പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360