
ന്യൂഡൽഹി: വിദ്യാർത്ഥിനി പീഡനത്തിനിരയായെന്ന അഭ്യൂഹങ്ങൾക്കു പിന്നാലെ പഞ്ചാബ് ജലന്ധറിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിലും സമീപത്തെ ദേശീയപാതയിലും വ്യാപക സംഘർഷം. ഇന്നലെ രാത്രി ഭഗ്‌വാര-ജലന്ധർ ദേശീയപാതയിൽ പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടി. പൊലീസ് ജീപ്പുകൾ അഗ്നിക്കിരയാക്കി. നിരവധി പേർക്ക് പരിക്കേറ്റു. പിന്നാലെ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
നാല് ദിവസം മുൻപ് സർവകലാശാല ഹോസ്റ്റലിൽ പ്ലംബിംഗ് ജോലിക്കെത്തിയയാൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നും പൊലീസിൽ അറിയിക്കാതെ അധികൃതർ വീട്ടിലേക്ക് പറഞ്ഞുവിട്ടുവെന്നുമാണ് ആരോപണം. ശനിയാഴ്ച രാത്രി ആരംഭിച്ച പ്രതിഷേധം ഇന്നലെയും തുടരുകയായിരുന്നു. ക്യാമ്പസിലെ പല കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും വിദ്യാർത്ഥികൾ തീവച്ചു. ക്യാമ്പസിൽ പ്രദർശനത്തിനായി വച്ചിരുന്ന വ്യോമസേനയുടെ മിഗ് 23 യുദ്ധവിമാനത്തിന്റെ മാതൃകയിൽ കയറിനിന്ന് വിദ്യാർത്ഥി പ്രതിഷേധിച്ചു.
ഇന്നലെ പുലർച്ചെ കേസെടുത്തതിന്റെ തെളിവ് കാണിക്കണമെന്ന് ആവശ്യപ്പെട്ട് ഭഗ്‌വാര-ജലന്ധർ ദേശീയപാത വിദ്യാർത്ഥികൾ ഉപരോധിച്ചിരുന്നു. ജലന്ധർ റേഞ്ച് ഡി.ഐ.ജി നേരിട്ടെത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെന്നും എസ്.ഐ.ടി അന്വേഷണം തുടങ്ങിയെന്നും അറിയിച്ചതോടെ പ്രതിഷേധം തണുത്തതെങ്കിലും വൈകിട്ടോടെ വീണ്ടും വിദ്യാർത്ഥികൾ സംഘടിക്കുകയായിരുന്നു. വിദ്യാർത്ഥികളുമായി സർവകലാശാല മാനേജ്മെന്റും പൊലീസും നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണിത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് പീഡനം നടന്നുവെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന നിഗമനത്തിലാണ്. 15 ദിവസം മുൻപ് മറ്റൊരു വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തെന്ന ആരോപണവും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ക്യാമ്പസിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ആംആദ്മി പാർട്ടിയിൽ നിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയ രാജ്യസഭാ എം.പി അശോക് മിത്തലിന്റെ സ്ഥാപനമാണിത്.
കുപ്രചാരണങ്ങളെന്ന് കോളേജ് അധികൃതർ
ക്യാമ്പസിൽ പീഡനം നടന്നുവെന്ന ആരോപണം കോളേജ് അധികൃതർ തള്ളി. സാമൂഹ്യ മാദ്ധ്യമങ്ങൾ മുഖേന ചിലർ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇത് വിദ്യാർത്ഥികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് സർവകലാശാല രജിസ്ട്രാർ ഡോ. മോണിക്ക ഗുലാട്ടി പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |