
ചെന്നൈ: കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 41 പേരെ അനുസ്മരിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ദുരന്തം ഉണങ്ങാത്ത മുറിവാണെന്നും മായാത്ത വേദനയാണെന്നും അദ്ദേഹം എക്സിലൂടെ പറഞ്ഞു. 2025 സെപ്തംബർ 27നാണ് കരൂരിൽ ടി.വി.കെ റാലി നടന്നിടത്ത് തിക്കുംതിരക്കുമുണ്ടായി 41 പേർ മരിച്ചതും നിരവധിപേർക്ക് പരിക്കേറ്റതും.
'2025 സെപ്തംബർ 27 എന്റെയും കരൂരിലെ നമ്മുടെ ബന്ധുക്കളുടെ ജീവിതത്തിലും തമിഴ്നാട്ടിലെ സഹോദരങ്ങളുടെ ഹൃദയങ്ങളിലും ഉണങ്ങാത്ത മുറിവായും മായാത്ത വേദനയുമായ ഒരു ദിവസം', എന്നായിരുന്നു വിജയിന്റെ കുറിപ്പ് തുടങ്ങിയത്. ദുരന്തം, മരിച്ചവരുടെ കുടുംബത്തിനും ടി.വി.കെയ്ക്കും വാക്കുകൾക്ക് അതീതമായ ദുഃഖമാണ് അവശേഷിപ്പിച്ചതെന്ന് കുറിച്ച വിജയ് മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.
കരൂരിന്റെ കണ്ണീരിന് ഇന്നലെയായിരുന്നു ഒരാണ്ട് തികഞ്ഞത്. ഉറ്റവരെ നഷ്ടമായ കുടുംബങ്ങളുടെ തേങ്ങൽ ഇന്നും അവസാനിച്ചിട്ടില്ല. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച വിജയ്‌യുടെ പ്രചാരണ റാലികൾ തമിഴകത്തെ ഇളക്കി മറിച്ച സമയമായിരുന്നു അത്. ട്രിച്ചിയിലെയും നാഗപട്ടണത്തെയും റാലികൾ വൻവിജയമാക്കിയ ടി.വി.കെയ്ക്ക് കരൂരിൽ പതറി.
താരാരാധനയിൽ രാഷ്ട്രീയം കലർത്തിയപ്പോൾ ഇരച്ചെത്തിയ ജനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുരകയായിരുന്നു. വിജയ്‌യെ കാണാൻ അന്ന് പതിനായിരങ്ങളാണ് വേലുച്ചാമിപുരത്തെത്തിയത്. വൈകിട്ട് മൂന്നിന് പരിപാടി തുടങ്ങുമെന്ന് അറിഞ്ഞ് ഉച്ചയ്ക്ക് ഒന്നു മുതൽ ആളുകൾ റോഡിൽ തടിച്ചു കൂടി. വിജയ് എത്താൻ മണിക്കൂറുകൾ വൈകിയതോടെ കരൂർ ആൾക്കടലായി.
ഏഴോടെ വിജയ് എത്തിയെങ്കിലും തിരക്ക് അനിയന്ത്രിതമായിരുന്നു. മണിക്കൂറുകൾ കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളർ ശ്വാസം മുട്ടിയും നിർജലീകരണം സംഭവിച്ചും കുഴഞ്ഞുവീണു. തിക്കിലും തിരക്കിലും 41 ജീവനുകളാണ് പൊലിഞ്ഞത്. ദുരന്തത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങൾ വിജയ് നേരിട്ടു. അദ്ദേഹത്തെ സി.ബി.ഐ ചോദ്യം ചെയ്തു. കേസിൽ അന്തിമ വിധി വന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |