SignIn
Kerala Kaumudi Online
Monday, 28 September 2026 2.02 AM IST

 മൻ കി ബാത്തിൽ മോദി ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല

s

ന്യൂ‌ഡൽഹി: ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിൽ' പ്രധാനമന്ത്രി നരേന്ദ്രമോദി. 2016 സെപ്‌തംബർ 28നും 29നും ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകരവാദകേന്ദ്രങ്ങളിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് ഓ‌ർമ്മിപ്പിച്ചാണിത്. നിയന്ത്രണരേഖയും കടന്ന് ഭീകരവാദത്തിനെതിരെ നടത്തിയ നടപടി ലോകത്തെ അദ്ഭുതപ്പെടുത്തി.

മിന്നലാക്രമണത്തിലൂടെ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ലോകത്തെ ബോദ്ധ്യപ്പെടുത്താനായി. കഴിഞ്ഞ ഒരു ദശകത്തിനിടെ 'ബലാക്കോട്ട്' മുതൽ ‘ഓപ്പറേഷൻ സിന്ദൂർ’ വരെ പലതവണ ഭീകരർക്ക് സന്ദേശം നൽകി. അതിനുമുൻപ്,​ഓരോ ഭീകരാക്രമണത്തിനുശേഷവും പാകിസ്ഥാനെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്ന് യു.പി.എ സർക്കാരിനെ കുറ്റപ്പെടുത്തി മോദി പറഞ്ഞു.

സെൻസസ്

ഉത്തരവാദിത്വം

സെൻസസ് ദേശീയ ഉത്തരവാദിത്വമാണെന്നും മോദി ചൂണ്ടിക്കാട്ടി. മൊബൈൽ ഫോൺ മുഖേന വിവരങ്ങൾ നൽകാം. ഹിന്ദി ഉൾപ്പെടെ 16 ഭാഷകളിൽ സൗകര്യം ലഭ്യമാണ്. സെൻസസിന്റെ ഓൺലൈൻ പോ‍ർട്ടൽ സന്ദർശിക്കണം. ഏകദേശം 15 മുതൽ 20 മിനിട്ട് വരെ മാത്രമേ വേണ്ടിവരൂ. ഒരു രേഖ പോലും അപ്‌ലോഡ് ചെയ്യേണ്ടതില്ല. വിവരങ്ങൾ സബ്മിറ്റ് ചെയ്‌തു കഴിഞ്ഞാൽ പ്രത്യേക ഐ.ഡി ലഭിക്കും. സെൻസസ് ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ ഇതിന്റെ നമ്പർ അവരോട് പറയണം. വിവരങ്ങൾ സ്ഥിരീകരിച്ച ശേഷം സെൻസസിന്റെ ഭാഗമാക്കും.

വിശ്വ ഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര പ്രവർത്തകസമിതി അദ്ധ്യക്ഷനായിരുന്ന,അന്തരിച്ച അശോക് സിംഗാളിനെയും മോദി സ്‌മരിച്ചു. ഇന്നലെ സിംഗാളിന്റെ നൂറാം ജന്മവാർഷികമായിരുന്നു. രാമജന്മഭൂമി പ്രസ്ഥാനത്തിന് സിംഗാൾ നൽകിയ ദിശാബോധത്തിന്റെയും ഊർജ്ജത്തിന്റെയും ഫലമാണ് ഇന്ന് അയോദ്ധ്യയിലുള്ള രാമക്ഷേത്രം. ഒക്ടോബർ 2ന് മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ്. രാജ്യത്തിന് അദ്ദേഹത്തിന് അർപ്പിക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ ശ്രദ്ധാഞ്ജലി ശുചിത്വമാണെന്നും മോദി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360