മധുര: തമിഴ്നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന 'തായ് മാമൻ തങ്കമോതിരം' പദ്ധതിക്ക് തുടക്കം. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളെ കൈയ്യലെടുത്ത് ലാളിച്ച വിജയ് ആശുപത്രിയിലെ അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു.
സർക്കാർ ആശുപത്രികളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്കാണ് സ്വർണ മോതിരം ലഭിക്കുക. അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ കമ്പനികളായ ജോയ് ആലുക്കാസ്, കല്യാൺ ഗ്രൂപ്പ് പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ ഇ.കെ.വൈ.സി ചെയ്ത ആധാർ കാർഡും തിരിച്ചറിയൽ മേൽവിലാസം തെളിയിക്കുന്ന രേഖയോ നിർബന്ധമാണ്. ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികളും പദ്ധതിയുടെ ഗുണഭോക്താക്കളാകും.
പത്തിലേറെ പേർ കുഴഞ്ഞു വീണു
മധുര വിമാനത്താവളത്തിൽ നിന്നും റോഡ് മാർഗമെത്തിയ വിജയ്‌യെ കാണാൻ ആയിരങ്ങളാണ് കാത്തു നിന്നത്. റോഡ് ഷോയുടെ രീതിയിലായിരുന്നു വരവ്. കാത്ത് നിന്നവരിൽ പത്തിലേറെ പേർ കുഴഞ്ഞു വീണു. കടുത്ത ചൂടും തിക്കും തിരക്കുമാണ് കാരണം. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥരും വോളണ്ടിയർമാരും ചേർന്ന് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. രാജാജി ആശുപത്രിയിലെ പരിപാടിക്ക് ശേഷം വിജയ് ഉച്ചയ്ക്ക് ഗാന്ധി മ്യൂസിയം വിജയ് സന്ദർശിച്ചു. വൈകിട്ട് 3.45ന് മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |