SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.49 AM IST

ഗ്യാനേഷിന്റെ രാജി വരെ പ്രക്ഷോഭത്തിന് കോൺഗ്രസ്; ഇന്ന് പ്രവർത്തക സമിതി യോഗം, നാളെ 'ഇന്ത്യ' മുന്നണി യോഗം

h

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്‌ക്കും വരെ പ്രക്ഷോഭത്തിന് കോൺഗ്രസ്. ഇന്ന് പ്രവർത്തക സമിതി യോഗം ചേരും. ജനാധിപത്യത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട വിഷയമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി,കെ.സി. വേണുഗോപാൽ,ജയറാം രമേശ് തുടങ്ങിയവ‌ർ പങ്കെടുക്കും. നാളെ 'ഇന്ത്യ' മുന്നണി യോഗവും ചേരുന്നുണ്ട്.

ഗ്യാനേഷിനെതിരെ പാർലമെന്റിൽ വീണ്ടും ഇംപീച്ച്മെന്റ് നോട്ടീസ് നൽകുന്നതിൽ യോജിച്ചു നീങ്ങാനാണ് ലക്ഷ്യം. കോൺഗ്രസുമായി പിണങ്ങി നിൽക്കുന്ന ഡി.എം.കെയും ആംആദ്മി പാർട്ടിയും പ്രതിനിധികളെ അയക്കുമോയെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. സമാജ്‌വാദി പാ‌ർട്ടി നേതാവ് അഖിലേഷ് യാദവ് പങ്കെടുക്കില്ല. പകരം പ്രതിനിധിയെ അയയ്ക്കും. ഉത്തർപ്രദേശിൽ കോൺഗ്രസുമായി ഭിന്നത തുടരുന്നതിനിടെയാണിത്. അതേസമയം,ബി.ജെ.പി മുഖ്യമന്ത്രിമാരെ അടക്കം രംഗത്തിറക്കി ഗ്യാനേഷിനെ പ്രതിരോധിക്കുകയാണ് ബി.ജെ.പി. സംസ്ഥാനങ്ങളുടെ ചുമതലയുള്ള പ്രഭാരിമാർ,സഹപ്രഭാരിമാ‌ർ എന്നിവരുമായി പാർട്ടി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ ഇന്ന് കൂടിക്കാഴ്ച നടത്തും.

തെരുവിൽ പ്രതിഷേധം

ഗ്യാനേഷിന്റെ രാജിയാവശ്യപ്പെട്ട് ഇന്നലെ രാജ്യവ്യാപകമായി കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. ഡൽഹിയിൽ കോൺഗ്രസ്,യൂത്ത് കോൺഗ്രസ്,എൻ.എസ്.യു എന്നിവയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് ആസ്ഥാനത്തേക്ക് പ്രകടനം നടത്തി. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിൽ എ.കെ.ജി ഭവനിൽ നിന്ന് ഗോൽ മാർക്കറ്റിലെ ഭഗത് സിംഗ് പ്രതിമ വരെ ഇടതുനേതാക്കളുടെ പ്രകടനം നടന്നു. ജയ്‌പൂ‌ർ,പാട്ന,ശ്രീനഗർ,ഉത്തരാഖണ്ഡ്,അസാം,ഗുജറാത്ത്,ഉത്തർപ്രദേശ്,​ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി.

ഗാന്ധിജയന്തി ദിനത്തിൽ ജയിൽ നിറയ്‌ക്കൽ

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് മുംബയിൽ പ്രതിഷേധസമരം നടത്താൻ കോക്രോച്ച് ജനത പാർട്ടിക്ക് പൊലീസ് അനുമതി നൽകിയിട്ടില്ല. മുംബയ് ശിവാജി പാർക്കിൽ അന്നു വൈകിട്ട് നാലിന് ജയിൽ നിറയ്‌ക്കൽ സമരം നടത്തുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രഖ്യാപിച്ചു. ഒക്ടോബർ 2ന് ജന്തർ മന്ദറിൽ പ്രതിഷേധസമരം നടത്താൻ ഇടതു വിദ്യാർത്ഥി സംഘടനകളും ആക്‌ടിവിസ്റ്റ് യോഗേന്ദ്ര യാദവുമടക്കം ഡൽഹി പൊലീസിന്റെ അനുമതി തേടി. ഗ്യാനേഷിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജിയെത്തി. ഗ്യാനേഷിനെതിരെ സമ‌ർപ്പിച്ച ഹ‌ർജിയിൽ ഇടപെടാൻ ബോംബെ ഹൈക്കോടതിയുടെ കോലാപൂർ ബെഞ്ച് വിസമ്മതിച്ചു.

ബംഗാൾ ഫലത്തെ എസ്.ഐ.ആർ ബാധിച്ചില്ലെന്ന്

ബംഗാളിലെ എസ്.ഐ.ആർ പ്രക്രിയ അവിടുത്തെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചു. 31 നിയമസഭാ സീറ്റുകളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന തൃണമൂൽ എം.പി ഡെറക് ഒബ്രയന്റെ ആവശ്യത്തെ എതിർത്തു. അപ്പലേറ്ര് ട്രൈബ്യൂണലുകൾക്കു മുന്നിൽ 37 ലക്ഷത്തിൽപ്പരം അപ്പീലുകൾ പരിഗണനയിലുണ്ട്. വോട്ടർമാരെ ഉൾപ്പെടുത്തിയതിനെതിരെ കമ്മിഷൻ 16 ലക്ഷത്തിൽപ്പരം അപ്പീൽ സമർപ്പിച്ചെന്നും സമ്മതിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GYANESH KUMAR, CJP PROTEST, GYANESH KUMAR RESIGNATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360