
ന്യൂഡൽഹി: ഡൽഹിയിൽ പീഡനക്കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ സുപ്രീംകോടതി, സ്വമേധയാ കേസെടുത്തു. ഈ മാസം 13ൽപ്പരം ലൈംഗികാതിക്രമക്കേസുകളാണ് രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇത്തരം സംഭവങ്ങൾ വർദ്ധിച്ചുവരുന്നത് സർക്കാരിന്റെയും പൊലീസിന്റെയും പരാജയമാണെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടു. 2012ലെ നിർഭയ കേസിന് ശേഷവും നിയമപാലന സംവിധാനങ്ങളിൽ പുരോഗതിയുണ്ടായില്ല. ആരെങ്കിലും അക്രമിക്കുമെന്ന ഭയമില്ലാതെയും അന്തസോടെയും ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യഘടകമാണ്. പാർക്കുകൾ,റോഡുകൾ,ബസുകൾ,മെട്രോ സ്റ്റേഷനുകൾ,സബ്‌വേകൾ,നടപ്പാലങ്ങൾ എന്നിവയുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലെ അതിക്രമങ്ങളെ കുറിച്ച് കോടതി പ്രത്യേകം പരാമർശിച്ചു. മതിയായ വെളിച്ചവും നിരീക്ഷണ സംവിധാനങ്ങളും ഇല്ലാത്തതും പൊലീസ് പട്രോളിംഗിന്റെ അഭാവവും,ഭരണപരമായ വീഴ്ചകളും കാരണം ഇത്തരം ഇടങ്ങൾ ഹൈ റിസ്‌ക് മേഖലകളായി മാറുന്നത് അനുവദിക്കാനാവില്ല. കുറ്റകൃത്യങ്ങൾക്കെതിരെ ജനപ്രതിനിധികൾ ഐക്യദാർഢ്യം പ്രകടിപ്പിച്ചാൽ പോരാ. കുറ്റകൃത്യങ്ങൾ തടയൽ,ക്രമസമാധാനം നിലനിറുത്തൽ,ദുർബല വിഭാഗങ്ങളെ സംരക്ഷിക്കൽ തുടങ്ങിയ ചുമതലകളുള്ള ഉദ്യോഗസ്ഥർ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കോടതി നിരീക്ഷിച്ചു.
ഇരകളിൽ അധികവും
പ്രായപൂർത്തിയാകാത്തവർ
സെപ്‌തംബർ 10ന് സ്വരൂപ് നഗറിൽ 17കാരിയാണ് കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. 13ന് മൃതദേഹം കണ്ടെത്തി. പ്രായപൂർത്തിയാകാത്ത 3 ആൺകുട്ടികൾ അടക്കം 4 പേർ അറസ്റ്റിലായി. 17ന് സദർ ബസാറിൽ ആറാം ക്സാസുകാരിയെ പീഡിപ്പിച്ച കേസിൽ പിടിയിലായത് തയ്യൽക്കാരനായ മഖ്സൂദ്. 21ന് ദേശ്ബന്ധു ഗുപ്‌ത റോഡിൽ 6 വയസുകാരി പീഡനത്തിനിരയാക്കി. കൽക്കാജിയിൽ തോക്കിൻമുനയിൽ നിറുത്തി 17കാരിയെ മാനഭംഗത്തിനിരയാക്കിയത് പൊലീസുകാരെന്ന വ്യാജേനയെത്തിയവരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |