
ന്യൂഡൽഹി: അടുത്ത വർഷം ഉത്തർപ്രദേശിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി ബാനറിൽ 200 സീറ്റുകളെങ്കിലും ആവശ്യപ്പെടാനൊരുങ്ങി കോൺഗ്രസ്. 403 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഒക്‌ടോബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം.
കോൺഗ്രസ് 50 ശതമാനം സീറ്റുകളാണ് പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം പറഞ്ഞു. രണ്ട് മാസമായി കോൺഗ്രസ് സീറ്റ് വിഭജന പ്രക്രിയയ്ക്ക് തയ്യാറെടുക്കുകയാണെന്നും സംസ്ഥാനത്ത് സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. പാർട്ടിക്ക് 403 സീറ്റുകളിലും മത്സരിക്കാൻ സ്ഥാനാർത്ഥികളുണ്ട്. എന്നാൽ സഖ്യം പ്രകാരം, 50 ശതമാനം സീറ്റുകൾ ലഭിക്കാൻ അർഹതയുണ്ട്.
സീറ്റ് വിഭജന ചർച്ചകളിൽ മുതിർന്ന നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പം താനും പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഒക്‌ടോബറിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയാൽ സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് ആവശ്യത്തിന് സമയം ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-എസ്.പി സഖ്യത്തിന് 80ൽ 43 സീറ്റു ലഭിച്ചു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടായിരുന്നില്ല.
അതിനിടെ ബി.ജെ.പിയും ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കി. ഒക്ടോബർ 3, 4 തീയതികളിൽ മഥുരയിൽ ബി.ജെ.പി സംഘടനാ യോഗം തീരുമാനിച്ചു. ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |