
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എന്നിവരുടെ രാജിയാവശ്യപ്പെട്ട് ഇന്നലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയം പാസാക്കി. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഇന്നുചേരുന്ന 'ഇന്ത്യ" സഖ്യയോഗത്തിൽ സമരപരിപാടികൾ തീരുമാനിക്കും. കോൺഗ്രസുമായി ഭിന്നത തുടരുന്ന ഡി.എം.കെയും ആംആദ്മി പാർട്ടിയും പങ്കെടുക്കില്ല. രണ്ട് മന്ത്രിസ്ഥാനങ്ങൾക്കുവേണ്ടി തമിഴ്നാട്ടിൽ കോൺഗ്രസ് ടി.വി.കെയുമായി സഖ്യമുണ്ടാക്കിയെന്ന് ഡി.എം.കെ വക്താവ് ടി.കെ.എസ്.
ഇളങ്കോവൻ ഇന്നലെ ചെന്നൈയിൽ പ്രതികരിച്ചത് ശ്രദ്ധേയമാണ്. ലക്‌നൗവിൽ കർഷക സമ്മേളനത്തിൽ പങ്കെടുക്കാനുള്ളതിനാൽ യോഗത്തിനെത്തില്ലെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും അറിയിച്ചിട്ടുണ്ട്. മോദി സർക്കാരിന്റെ കൈയിലെ പാവയാണ് ഗ്യാനേഷെന്ന്, കോൺഗ്രസ് പ്രവർത്തക സമതി യോഗത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
പാർട്ടിയുടെ പോരാട്ടം ഏതെങ്കിലും പാർട്ടിക്കോ, സ്ഥാപനത്തിനോ, വ്യക്തിക്കോ എതിരല്ല. വോട്ടർമാരുടെ അവകാശങ്ങൾക്കും, ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും നിലനിൽപ്പിന് വേണ്ടിയാണ്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ചു. പ്രധാനമന്ത്രി പദത്തിൽ തുടരാൻ ധാർമികമായി മോദിക്ക് അവകാശമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. പ്രിയങ്ക ഗാന്ധി,സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല,മുഖ്യമന്ത്രി വി.ഡി.സതീശൻ തുടങ്ങിയവർ പങ്കെടുത്തു.
അടുത്തയാഴ്ച പരിഗണിക്കും
ഗ്യാനേഷിനെതിരെയുള്ള ഹർജികൾ സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വികാസ് സിംഗ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് ആവശ്യപ്പെട്ടപ്പോഴാണ് പ്രതികരണം.
ഇടതുപാർട്ടികളുടെ മിന്നൽ പ്രതിഷേധം
സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ ആഭിമുഖ്യത്തിൽ ഇടതുപാർട്ടികൾ ഡൽഹിയിലെ തിരഞ്ഞടുപ്പ് കമ്മിഷൻ ആസ്ഥാനത്തിനുസമീപം മിന്നൽ പ്രതിഷേധം നടത്തി. തുടർന്ന് സംഘർഷമുണ്ടായി. വൃന്ദ കാരാട്ട്,സുഭാഷിണി അലി,രാജ്യസഭാ എം.പിമാരായ എ.എ. റഹീം,വി.ശിവദാസൻ തുടങ്ങിയവരെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. റഹീമിന്റെ ഷർട്ട് വലിച്ചൂകീറി. സമരത്തിൽ കർഷകരും അണിനിരക്കും. ഒക്‌ടോബർ 3 മുതൽ 23 വരെ ഗ്രാമങ്ങളിൽ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌തു.
ഇതിനിടെ,ഗ്യാനേഷിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് മുൻ ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന ആർ.കെ.സിംഗ് ആവശ്യപ്പെട്ടു. യു.പി ആഗ്രയിലെ ഗ്യാനേഷിന്റെ വീടിന്റെ മതിലിലും ഗേറ്റിലും 'ഗ്യാനേഷ് രാജ്യദ്രോഹി' എന്നെഴുതിയതിന് രണ്ട് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു. ഇ.സി.ഐ നെറ്റ് പോർട്ടലിലും ആപ്പിലും മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയിരുന്നുവെന്ന വിവരവും പുറത്തുവന്നു. വോട്ടർപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവരെ അർഹരാണെന്ന് കണ്ടെത്തിയാൽ പുനഃസ്ഥാപിക്കാൻ ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക്(ഇ.ആർ.ഒ) കഴിയുന്നില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. സോഫ്റ്റ്‌വെയറിൽ പ്രത്യേക ബട്ടൺ ഏർപ്പെടുത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |