
ന്യൂഡൽഹി: 'കുഞ്ഞേ,ഈ കോടതി കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ധീരയായ പെൺകുട്ടിയാണ് നീ. കോടതിയിൽ വന്ന് നിന്നെ ഉപദ്രവിച്ച ആളെ ചൂണ്ടിക്കാണിച്ച് സത്യം പറഞ്ഞു. 'അങ്കിൾ' എന്ന് വിളിച്ചിരുന്ന ആൾ നിന്നോട് വളരെ മോശം കാര്യമാണ് ചെയ്‌തത്. നീ മൗനം പാലിച്ചില്ല. അമ്മയോട് പറഞ്ഞു. സംസാരിക്കാനുള്ള ആ ധൈര്യം കാണിച്ചതുകൊണ്ട്,ഇനി ഒരിക്കലും മറ്റൊരു കുട്ടിയെയും ഉപദ്രവിക്കാൻ അവന് കഴിയാത്ത സാഹചര്യമുണ്ടായി. നിന്റെ നഷ്‌ടപ്പെട്ട ബാല്യം തിരികെ നൽകാൻ കോടതിക്ക് കഴിയില്ല. എന്നാൽ, നിന്റെ വാക്കുകൾക്ക് ചെവികൊടുത്തുവെന്ന് ഉറപ്പാക്കാൻ കഴിയും.
നിന്റെ പരാതി പരിഗണിക്കപ്പെട്ടിരിക്കുന്നു. നിന്നെ ഉപദ്രവിച്ച ആൾ ഇനി പുറംലോകം കാണില്ല. സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകൂ. സ്‌കൂളിൽ പോകണം. കൂട്ടുകാരുമായി ചിരിക്കൂ,കളിക്കൂ,സ്വപ്‌നങ്ങൾ കാണൂ. നിന്റെ ഈ ധീരതയെ കോടതി എന്നും ഓർമ്മിക്കും' - ഡൽഹിയിൽ പീഡനത്തിനിരയായ 10 വയസുകാരിക്കായി വിചാരണക്കോടതി ജഡ്‌ജി രജനി രംഗയുടെ ഹൃദയാക്ഷരങ്ങളാണിത്. കഴിഞ്ഞ മേയിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച വിധിയിലാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയത്.
ശിക്ഷയ്‌ക്കെതിരെ പ്രതി സമർപ്പിച്ച അപ്പീൽ കഴിഞ്ഞദിവസം പരിഗണിച്ചപ്പോഴാണ് ഇക്കാര്യം ഡൽഹി ഹൈക്കോടതി ശ്രദ്ധിച്ചത്. ജസ്റ്റിസുമാരായ പ്രതിഭ എം. സിംഗ്,ദിനേശ് ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വനിതാ ജഡ്‌ജിയെ പ്രകീർത്തിച്ചു. വിധിയിലെ ഈഭാഗം പ്രിന്റെടുത്ത് കത്തെന്ന നിലയിൽ 10 വയസുകാരിക്ക് കൈമാറാൻ ലീഗൽ സർവീസസ് അതോറിട്ടിയോട് നിർദ്ദേശിച്ചു. അതിജീവിതയ്‌ക്ക് വിചാരണക്കോടതി വിധിച്ച 10.50 ലക്ഷം രൂപ നഷ്‌ടപരിഹാരം കൈമാറാനും ഉത്തരവിട്ടു. 2023 ജൂലായിലാണ് പെൺകുട്ടി പീഡനത്തിനിരയായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |