
ന്യൂഡൽഹി: സ്ഥിരം സമരവേദിയായ ജന്തർ മന്ദർ ലക്ഷ്യമിട്ട് വിവിധ ഭാഗങ്ങളിൽ കേന്ദ്രീകരിച്ച് പ്രകടനമായെത്തിയ ഇടത് വിദ്യാർഥി-യുവജന പ്രവർത്തകർ ഇന്നലെയും ഡൽഹി പൊലീസിന് തലവേദനയായി. 2500ലേറെ പേരെയാണ് ഇന്നലെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
രാവിലെ 11 ഓടെ കൊണാട്ട് പ്ലേസിലെ ഇന്നർ സർക്കിളിലും രാജീവ് ചൗക്കിനു സമീപവും ചെറിയ സംഘങ്ങളായി സമരക്കാർ ഒത്തുകൂടി മുദ്രാവാക്യം വിളിച്ചു. പൊലീസ് പിരിച്ചുവിടാൻ ശ്രമിച്ചതോടെ ചിലയിടങ്ങളിൽ പിടിവലിയും സംഘർഷാവസ്ഥയുമുണ്ടായി. പ്രതിഷേധക്കാരെ ബസുകളിലേക്ക് മാറ്റി. പിന്നാലെ ഉച്ചയ്ക്ക് 12 മണിയോടെ എസ്.എഫ്.ഐ നേതൃത്വത്തിൽ കൊണാട്ട് പ്ലേസിൽ നിന്ന് വിദ്യാർഥികൾ ജന്തർ മന്ദറിലേക്ക് നീങ്ങാൻ ശ്രമിച്ചു.
വനിതാ പ്രവർത്തകരെയും പുരുഷ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഇവരെ പിന്നീട് നംഗ്ലോയിയിലെ സൂരജ്മൽ സ്റ്റേഡിയത്തിലേക്കു മാറ്റി.
പ്രതിഷേധം കൊണാട്ട് പ്ലേസിൽ മാത്രം ഒതുങ്ങിയില്ല. ഡൽഹി ഹാട്ട്-ഐ.എൻ.എ മേഖലയിൽനിന്നും സഫ്ദർജംഗ് മേൽപ്പാലത്തിനു സമീപത്തുനിന്നും ജന്തർ മന്ദറിലേക്കുള്ള നീക്കങ്ങൾ പൊലീസ് തടഞ്ഞു. ആർ.കെ. ആശ്രമ മാർഗിൽനിന്ന് നടത്താൻ ശ്രമിച്ച ഐസ പ്രവർത്തകരെയും പൊലീസ് തടഞ്ഞു. ദേശീയ അധ്യക്ഷ നേഹ ബോറ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. നിഗംബോധ് ഘട്ടിനു സമീപം വള്ളങ്ങളിൽ കയറി ക്രാന്തികാരി യുവ സംഘടനാ പ്രവർത്തകരും പ്രതിഷേധിച്ചു.
വൈകിട്ട് ആറരയോടെ എസ്.എഫ്.ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾ രാജീവ് ചൗക്കിൽ നിന്ന് ദേശീയ പതാകയേന്തി ത്രിരംഗ മാർച്ച് നടത്താനുള്ള ശ്രമവും പൊലീസ് തടഞ്ഞു. ഏകദേശം 30,000 പൊലീസുകാരെയും കേന്ദ്രസേനാംഗങ്ങളെയും ഇന്നലെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |