SignIn
Kerala Kaumudi Online
Sunday, 20 September 2026 11.50 PM IST

ശുപാർശ അംഗീകരിച്ചാൽ സൗരഭ് ആദ്യ സ്വവർഗ അനുരാഗിയായ ജഡ്ജി

sourabh-kripal

ന്യൂഡൽഹി: നാല് വർഷത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ വിദേശിയായ സ്വവർഗ പങ്കാളിക്കൊപ്പം ജീവിക്കുന്ന മുതിർന്ന അഭിഭാഷകനെ ഡൽഹി ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. ശുപാർശ കേന്ദ്രം അംഗീകരിച്ചാൽ അഡ്വ. സൗരഭ് കൃപാൽ രാജ്യത്തെ ആദ്യ പ്രഖ്യാപിത സ്വവർഗാനുരാഗിയായ ജഡ്ജിയായി മാറും.

സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടും കൃപാൽ ജഡ്ജിയാകുന്നത് അംഗീകരിക്കുന്നതിൽ പരമോന്നത നീതിപീഠത്തിന് രണ്ട് മനസായിരുന്നു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഗീത മിത്തലാണ് 2017 ഒക്ടോബറിൽ സൗരഭ് കൃപാലിന്റെ പേര് ആദ്യം ശുപാർശ ചെയ്തത്. അന്ന് സുപ്രീംകോടതി തീരുമാനം മാറ്റിവച്ചു. ഇതേവിഷയം 2019ൽ രണ്ട് തവണ കൊളീജിയത്തിന് മുന്നിലെത്തി. അന്ന് ചീഫ് ജസ്റ്റിസായിരുന്ന എസ്.എ. ബോബ്‌ഡെ വിഷയത്തിൽ നിലപാട് തേടി കേന്ദ്രത്തിന് കത്തയച്ചു.

സൗരഭ് കൃപാലിന്റെ പങ്കാളി വിദേശിയായതിനാലുള്ള സുരക്ഷാ പ്രശ്നമാണ് നിയമന തടസമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതല്ല, മറിച്ച് തന്റെ ലൈംഗിക താല്പര്യമാണ് തടസമെന്ന് സൗരഭ് കൃപാൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

മുൻ ചീഫ് ജസ്റ്റിസിന്റെ മകൻ

 ഇന്ത്യയുടെ 31ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ബി.എൻ.കൃപാലിന്റെ മകൻ.

ഡൽഹി സെന്റ് സ്റ്റീഫൻ കോളേജിൽ നിന്ന് ബി.എസ്‌സി.ഫിസിക്സ് ഓണേഴ്സിൽ ബിരുദം നേടി.

ഓക്സ്‌ഫോർഡ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദം.

 കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം

 20 വർഷമായി ഇന്ത്യയിൽ അഭിഭാഷകവൃത്തിയിലേർപ്പെടുന്നു.

സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നയാൾ.

 സ്വിസ് ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് വിക്കോലാസ് ജെർമിൻ ബച്ച്മന്നാണ് പങ്കാളി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SOURABH KRIPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360