
വിദ്യാർത്ഥികൾക്ക് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് സൈറ്റിൽ
ന്യൂഡൽഹി: ഈ മാസം 21ന് നടത്തുന്ന നീറ്റ് യു.ജി പുനഃപരീക്ഷയ്‌ക്കുള്ള ചോദ്യപേപ്പറുകൾ വ്യോമസേനാ വിമാനങ്ങളിൽ എത്തിക്കും. ചോദ്യപേപ്പർ സൂക്ഷിച്ചിരിക്കുന്ന 18ൽപ്പരം രഹസ്യകേന്ദ്രങ്ങളിൽ നിന്ന് പരീക്ഷ നടക്കുന്ന നഗരങ്ങളിലെ വിമാനത്താവളത്തിലെത്തിക്കും. എം.ഐ 17 ഹെലിക്കോപ്റ്റർ അടക്കമാണ് ഉപയോഗിക്കുക. പരീക്ഷാകേന്ദ്രങ്ങളിലേക്ക് റോഡ് മാർഗം കൊണ്ടുപോകാനാണ് പദ്ധതി. ചോദ്യപേപ്പർ ചോർച്ചയിൽ പരീക്ഷാനടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ.ടി.എ) വിശ്വാസ്യതയിൽ ഇടിവ് സംഭവിച്ചതോടെയാണ് പ്രതിരോധ മന്ത്രാലയത്തെ ആശ്രയിച്ചത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണ് എൻ.ടി.എ പ്രവർത്തിക്കുന്നത്. പുനഃപരീക്ഷയുടെ ഒരുക്കം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് വിലയിരുത്തുന്നത്. സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ഇന്നലെ മുതൽ neet.nta.nic.in വെബ്സൈറ്റിൽ ലഭ്യമാക്കി. വിദ്യാർത്ഥികൾക്ക് പരീക്ഷാനഗരം മനസിലാക്കാൻ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌താൽ മതി. നഗരത്തിൽ എവിടെയാണ് പരീക്ഷാകേന്ദ്രമെന്ന് വ്യക്തമാക്കി അഡ്മിറ്റ് കാർഡ് പരീക്ഷയ്‌ക്കു തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ലഭ്യമാക്കും. അതേസമയം, 2018 മുതൽ ഇങ്ങോട്ട് ചോദ്യപേപ്പർ ചോർച്ചയുണ്ടായിട്ടുണ്ടോയെന്ന് വിശദീകരിക്കാൻ എൻ.ടി.എയോട് വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി ആവശ്യപ്പെട്ടു. രേഖാമൂലം വിശദീകരണം നൽകണം. ഓൺ സ്‌ക്രീൻ മാർക്കിംഗ് (ഒ.എസ്.എം) വിവാദത്തിൽ സി.ബി.എസ്.ഇയോടും റിപ്പോർട്ട് ആവശ്യപ്പെട്ടെന്നാണ് സൂചന.
ചോദ്യപേപ്പർ കൈകാര്യം
ചെയ്യുന്നവർക്ക് "ലോക്ക്"ഡൗൺ
ചോർച്ചയെ തുടർന്ന് റദ്ദാക്കിയ ചോദ്യപേപ്പർ തയ്യാറാക്കിയ അദ്ധ്യാപകർ അടക്കം സി.ബി.ഐയുടെ പിടിയിലായിരുന്നു. കനത്ത മുൻകരുതലാണ് പുനഃപരീക്ഷയ്ക്ക് സ്വീകരിക്കുന്നത്. ചോദ്യപേപ്പർ തയ്യാറാക്കിയവർ, വിവർത്തകർ, മോഡറേറ്റർമാർ തുടങ്ങിയവരെ പ്രത്യേക കേന്ദ്രത്തിൽ ലോക്ക്ഡൗണിൽ പാർപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. പുറംലോകവുമായി ഒരുതരത്തിലും ബന്ധം സ്ഥാപിക്കാൻ കഴിയാത്ത തരത്തിലാണ് നിയന്ത്രണം. പരീക്ഷ കഴിയും വരെ ഫോണോ, ഇന്റർനെറ്റോ ഉപയോഗിക്കാൻ അനുവാദമില്ല. 24 മണിക്കൂറും ഇവർ നിരീക്ഷണത്തിലാണ്. നേരത്തെ സാമൂഹ്യമാദ്ധ്യമങ്ങൾ മുഖേന ചോദ്യപേപ്പർ പ്രചരിച്ച സാഹചര്യത്തിൽ അക്കാര്യത്തിലും ഏജൻസികൾ പ്രത്യേക നിരീക്ഷണം നടത്തും.
ബയോമെട്രിക് വെരിഫിക്കേഷൻ
പരീക്ഷാ സെന്ററുകളിൽ ത്രിതല സുരക്ഷ
5 ലക്ഷത്തിൽപ്പരം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും
ആൾമാറാട്ടം തടയാൻ ബയോമെട്രിക് വെരിഫിക്കേഷൻ, ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം.
സി.സി.ടി.വി ക്യാമറകളിലൂടെ തത്സമയ നിരീക്ഷണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |