SignIn
Kerala Kaumudi Online
Tuesday, 26 May 2026 9.05 AM IST

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പാറ്റ; വിതരണക്കാരന് 10 ലക്ഷം രൂപ പിഴയിട്ട് റെയിൽവെ 

vande-bharat-

മുംബയ്: വന്ദേഭാരതിൽ യാത്രക്കാർക്ക് വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. അഹമ്മദാബാദ്-മുംബയ് യാത്രയ്ക്കിടെ വിളമ്പിയ പരിപ്പും ചോറിലുമാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. മുംബയ് സ്വദേശിയായ യാത്രക്കാരൻ ചിത്രങ്ങളും വീഡിയോയും അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ കരാറുകാരനെതിരെ റെയിൽവെ നടപടിയെ‌ടുത്തു.

ആർകെ ഗ്രൂപ്പിന് കീഴിലുള്ള ബൃന്ദാവൻ ഫുഡ് പ്രൊഡക്ട്സ് എന്ന കരാറുകാരനാണ് ഭക്ഷണം എത്തിച്ചതെന്ന് യാത്രക്കാരൻ ചൂണ്ടിക്കാട്ടി. തന്റെ കോച്ചിൽ മാത്രം ചുരുങ്ങിയത് രണ്ട് പേർക്കെങ്കിലും ഇത്തരത്തിൽ മോശം ഭക്ഷണം ലഭിച്ചതായി യാത്രക്കാരൻ വെളിപ്പെടുത്തി. ഇതോടെ കോച്ചിലുണ്ടായിരുന്ന മറ്റെല്ലാ യാത്രക്കാരും ഭക്ഷണം കഴിക്കുന്നത് നിർത്തി. .

സംഭവം ശ്രദ്ധയിൽപ്പെട്ട റെയിൽവെ കാരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി സേവനദാതാവിന്റെ കരാർ റദ്ദാക്കുന്നതിനുള്ള നോട്ടീസും നൽകി. നിലവിൽ കരാറുകാരന്റെ അടുക്കള സീൽ ചെയ്യുകയും ശുചീകരണ പ്രവർത്തനങ്ങൾക്ക് റെയിൽവെ നിർദ്ദേശം നൽകുകയും ചെയ്തു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച റെയിൽവെ, യാത്രക്കാരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമാണ് മുൻഗണന നൽകുന്നതെന്നും വ്യക്തമാക്കി.

ഇതാദ്യമായല്ല വന്ദേ ഭാരത് പോലെയുള്ള രാജ്യത്തെ പ്രീമിയം ട്രെയിനുകളിൽ ഇത്തരം പരാതികൾ ഉയരുന്നത്. അടുത്തിടെ അമുൽ തൈരിലും പുഴുക്കളെ കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 'നോ ഫുഡ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയും, പകരം സ്വന്തം വീട്ടിൽ നിന്നും ഭക്ഷണം കരുതുന്നതാണ് ഏറ്റവും സുരക്ഷിതം എന്നായിരുന്നു സംഭവത്തിൽ ഒരു ഉപഭോക്താവിന്റെ പ്രതികരണം. തുടർച്ചയായുണ്ടാകുന്ന ഇത്തരം വീഴ്ചകൾ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയമാണെന്നും മാപ്പപേക്ഷകൾ കൊണ്ട് കാര്യമില്ലെന്നും യാത്രക്കാർ പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VANDEBHARATH, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360