SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.19 PM IST

വിമാനയാത്രയ്ക്ക് അഞ്ചര മണിക്കൂർ; പുതിയ ബുള്ളറ്റ് ട്രെയിൻ മൂന്നരമണിക്കൂറിൽ എത്തും, 600ൽ കുതിക്കാൻ ചൈനയും ജപ്പാനും

china-japan-maglev
പ്രതീകാത്മക ചിത്രം

വിദേശരാജ്യങ്ങളിൽ ബുള്ളറ്റ് ട്രെയിനുകൾ വേഗത കൂട്ടാനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജപ്പാനും ചൈനയും ഈ ഓട്ടത്തിൽ മുന്നിലുണ്ട്. ഇപ്പോഴിതാ മണിക്കൂറിൽ 600 കിലോമീറ്റർ വേഗത്തിൽ പായാൻ സാധിക്കുന്ന മാഗ്ലെവ് സാങ്കേതികവിദ്യയ്ക്കായുള്ള മത്സരത്തിലാണ് ചൈനയും ജപ്പാനും. സാധാരണ ട്രെയിനുകളിൽ നിന്നും വ്യത്യസ്തമായി കാന്തികശക്തി ഉപയോഗിച്ച് ട്രെയിനിനെ ട്രാക്കിന് മുകളിലേക്ക് ഉയർത്തി വേഗത കൈവരിക്കാൻ അനുവദിക്കുന്നതാണ്. 600 കിലോമീറ്റർ വേഗതയിലെത്താൻ ഈ സാങ്കേതികവിദ്യ എളുപ്പത്തിൽ സഹായിക്കുമെന്നാണ് കരുതുന്നത്.

ചൈനീസ് നിർമ്മാതാക്കളായ സിആർആർസി മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന മാഗ്ലെവ് ട്രെയിൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചുവോ ഷിങ്കൻസെനുമായി ജപ്പാനും ഈ മത്സരത്തിൽ ഒപ്പമുണ്ട്. സൂപ്പർകണ്ടക്റ്റിംഗ് മാഗ്നറ്റിക് ലെവിറ്റേഷൻ അഥവാ SCMAGLEV സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. പരീക്ഷണ വേളയിൽ ഒരു ജാപ്പനീസ് ട്രെയിൻ മണിക്കൂറിൽ 603 കിലോമീറ്റർ വേഗത കൈവരിച്ചിരുന്നു.

ജപ്പാന് പുറത്ത് വികസിപ്പിച്ച മാഗ്ലെവ് സാങ്കേതികവിദ്യയിൽ സൂപ്പർ കണ്ടക്ടിംഗ് അല്ലാത്ത കോയിലുകളാണ് ഉപയോഗിക്കുന്നതെന്ന് സെൻട്രൽ ജപ്പാൻ റെയിൽവേ കമ്പനിയിലെ സീനിയർ കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ഓഫീസറായ നോറിയുകി ഷിരാകുനി പറയുന്നു. ഈ കോയിലുകൾക്ക് ട്രെയിനിനെ ഒരു സെന്റിമീറ്റർ ഉയർത്താനും മണിക്കൂറിൽ 430 കിലോമീറ്റർ വേഗത കൈവരിക്കാനും സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജപ്പാന്റെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നായ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനിന്റെ അടിസ്ഥാന തത്വങ്ങളെ ആശ്രയിച്ചാണ് SCMAGLEV ട്രെയിനിന്റെ സുരക്ഷയും സൗകര്യവും ഒരുക്കുന്നത്. ജപ്പാന്റെ വിപുലമായ വ്യാവസായിക ശേഷിയില്ലാതെ ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിയില്ല. നിലവിൽ, സർവീസിനെ ആശ്രയിച്ച് അതിവേഗ ട്രെയിൻ യാത്രയ്ക്ക് ഏകദേശം രണ്ട് മണിക്കൂർ സമയമെടുക്കും. എന്നാൽ മാഗ്ലെവ് ട്രെയിൻ സർവീസ് ആരംഭിച്ചാൽ ഈ സമയം 40 മിനിറ്റായി ചുരുങ്ങും. 286 കിലോമീറ്റർ ദൂരമുള്ള ജപ്പാൻ നഗരങ്ങളെ ബന്ധിപ്പിക്കാൻ ഒരു മണിക്കൂറിൽ താഴെ സമയം മാത്രം മതി.

പുതിയ അതിവേഗ ട്രെയിൻ ബെയ്ജിംഗും ഷാങ്ഹായിയും തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുമെന്ന് ചൈനയുടെ മാഗ്‌ലെവ് ഗവേഷണവികസന വിഭാഗത്തിന് നേതൃത്വം നൽകുന്ന സിആർആർസി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഡിംഗ് സാൻസാൻ പറയുന്നു. വിമാനത്താവളത്തിലെ നടപടികളും മറ്റ് കാര്യങ്ങളും ഉൾപ്പെടെ ഈ രണ്ട് നഗരങ്ങൾക്കിടയിലുള്ള വിമാനയാത്രയ്ക്ക് ഏകദേശം 4.5 മണിക്കൂർ സമയമെടുക്കും. ഹൈസ്പീഡ് ട്രെയിനാണെങ്കിൽ 5.5 മണിക്കൂർ സമയമെടുക്കും. എന്നാൽ പുതിയ മാഗ്‌ലെവ് പദ്ധതി യഥാർത്ഥ്യമായാൽ വെറും മൂന്നര മണിക്കൂർ മതി യാത്രാ സമയം.

ചൈനയുടെ പുതിയ അതവേഗ മാഗ്‌ലെവ് ട്രെയിൻ എപ്പോൾ സർവീസ് ആരംഭിക്കുമെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമൊന്നും ലഭ്യമല്ല. ഈ പദ്ധതിയുടെ പരീക്ഷണങ്ങൾ ഇപ്പോഴും തുടരുകയാണ്. അതുകൊണ്ട് യാത്രക്കാർക്ക് അല്പം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. എന്നാൽ ജപ്പാന്റെ മാഗ്‌ലെവ് പദ്ധതി കൃത്യമായ സമയക്രമത്തിലാണ് മുന്നോട്ടുപോകുന്നത്. ടോക്കിയോയെയും നഗോയയെയും ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം 2027ൽ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHINA JAPAN MAGLEV, 600 KMPH MAGLEV TRAIN, MAGLEV TECHNOLOGY CHINA JAPAN, CHINA MAGLEV TRAIN, JAPAN MAGLEV TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360