ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഫിൻലൻഡ്. ഇപ്പോഴിതാ ലോകമെമ്പാടുമുള്ള സിംഗിൾസിനായി ഒരു സുവർണാവസരം ഒരുക്കുകയാണ് ഫിൻലൻഡ്. തികച്ചും സൗജന്യമായി ഫിൻലൻഡ് സന്ദർശിക്കാനും അവിടെനിന്ന് തങ്ങളുടെ പ്രണയം കണ്ടെത്താനുമുള്ള അസുലഭ അവസരമാണ് ഇവിടെത്തെ ടൂറിസം ബോർഡായ 'വിസിറ്റ് ഫിൻലൻഡ്' ഒരുക്കുന്നത്.
'ഫിന്നിഷ് ഡിന്നർ ഡേ' എന്ന് പേരിട്ടിരിക്കുന്ന ഈ വിനോദയാത്രാ പരിപാടിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 സിംഗിൾസിനെയാകും തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവരുടെ വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, മറ്റ് വിനോദപരിപാടികൾ എന്നിവയുടെ മുഴുവൻ ചെലവുകളും ഫിൻലൻഡ് ടൂറിസം ബോർഡ് വഹിക്കും.
ഫിൻലൻഡിലെ പ്രശസ്തരായ പാചകവിദഗ്ധർ തയ്യാറാക്കുന്ന പരമ്പരാഗത വിഭവങ്ങൾ ആസ്വദിക്കുന്നതിനൊപ്പം ഹെൽസിങ്കി, ടാംപെരെ തുടങ്ങിയ നഗരങ്ങളിൽവച്ച് ഫിൻലൻഡിലെ സിംഗിളായ യുവതി യുവാക്കളുമായി ഡിന്നർ ഡേറ്റുകളിൽ പങ്കെടുക്കാനും ഇവർക്ക് അവസരം ലഭിക്കും. സൂപ്പർമാർക്കറ്റുകളിൽ പോകുന്ന സിംഗിൾസ് തങ്ങൾ പ്രണയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്നതിനായി പിങ്ക് നിറത്തിലുള്ള ഷോപ്പിംഗ് ബാസ്കറ്റുകൾ ഉപയോഗിക്കുന്ന 'സിങ്കുകോറി' എന്ന ഫിൻലൻഡുകാരുടെ ഡേറ്റിംഗ് ട്രെൻഡിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്.
ഫിൻലൻഡിന്റെ തനതായ ഭക്ഷണസംസ്കാരം ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ് ഈ കാമ്പെയ്ന്റെ മറ്റൊരു പ്രധാന ലക്ഷ്യം. 2027 ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 19 വരെയാണ് 'ഫിന്നിഷ് ഡിന്നർ ഡേ'. ഫിൻലൻഡിൽ സ്ഥിരതാമസക്കാരല്ലാത്ത ലോകത്തിലെവിടെ നിന്നുമുള്ള 18 വയസിന് മുകളിൽ പ്രായമുള്ള സിംഗിളായിട്ടുള്ള ആർക്കും ഇതിൽ പങ്കെടുക്കാൻ അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ ഇംഗ്ലീഷിൽ ഒരു വീഡിയോ റെക്കോർഡ് ചെയ്യണം. ഒരു ഡിന്നർ ഡേറ്റിൽ നിങ്ങൾ പങ്കാളിക്ക് എന്ത് ഭക്ഷണമാണ് വിളമ്പുക, അതിന്റെ കാരണം എന്താണ്? എന്ന ചോദ്യത്തിനാണ് വീഡിയോയിൽ മറുപടി നൽകേണ്ടത്. ഈ വീഡിയോ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ #FinnishDinnerDate എന്ന ഹാഷ്ടാഗ് ചേർത്ത് 'Visit Finland' അക്കൗണ്ടിനെ ടാഗ് ചെയ്ത് പോസ്റ്റുചെയ്യണം. 2026 നവംബർ 10 ഫിൻലൻഡ് സമയം രാവിലെ 11:59 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികളെ ഡിസംബർ 1 ന് വിസിറ്റ് ഫിൻലൻഡിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം, ടിക്ടോക് അക്കൗണ്ടുകളിലൂടെ പ്രഖ്യാപിക്കും.
Finland's tourism board, 'Visit Finland', is inviting 16 singles worldwide for a free trip called 'Finnish Dinner Date'. The initiative aims to introduce Finnish culture and cuisine, offering participants an opportunity to meet local singles. All travel, accommodation, and activity expenses are covered. Applicants must submit a social media video by November 10, 2026.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |