ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ നാലാം ട്വന്റി-20 മത്സരത്തിൽ കൗമാര താരം വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയ ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. പരിക്കേറ്റ് പുറത്താകുന്ന താരങ്ങൾക്ക് പകരക്കാരനായി മാത്രമാണോ വൈഭവിനെ ടീമിൽ പരിഗണിക്കുന്നതെന്ന് ചോപ്ര ചോദിക്കുന്നു. പ്ലേയിംഗ് ഇലവനിൽ സ്ഥിരമായി അവസരം നൽകാൻ കഴിയുന്നില്ലെങ്കിൽ താരത്തെ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചയയ്ക്കണമെന്നും അദ്ദേഹം നിർദേശിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ചോപ്ര.
പരിക്കിനെ തുടർന്ന് ഇഷാൻ കിഷൻ ടീമിൽ നിന്നും പുറത്തായതിനെ തുടർന്നാണ് രണ്ടാം ട്വന്റി-20യിൽ വൈഭവിന് അവസരം ലഭിച്ചത്. മൂന്നാം മത്സരത്തിലും താരം കളിച്ചിരുന്നു. 4, 45 എന്നിങ്ങനെയായിരുന്നു വൈഭവിന്റെ സ്കോർ. എന്നാൽ പരിക്കിൽനിന്ന് മുക്തനായി ഇഷാൻ തിരിച്ചെത്തിയതോടെ നാലാം മത്സരത്തിൽ വൈഭവിന്റെ സ്ഥാനം നഷ്ടമായി. മൂന്നാം മത്സരത്തിൽ അഭിഷേക് ശർമ്മ സെഞ്ച്വറി നേടിയപ്പോൾ വൈഭവും അർദ്ധസെഞ്ച്വറിക്ക് തൊട്ടരികിലെത്തിയിരുന്നു. മികച്ച പ്രകടനം നടത്തിയിട്ടും താരത്തെ ഒഴിവാക്കിയത് നിരാശപ്പെടുത്തിയെന്ന് ചോപ്ര പ്രതികരിച്ചു.
'വൈഭവിനെ ആരെങ്കിലും പരിക്കേറ്റ് പുറത്താകുമ്പോൾ മാത്രമാണോ കളിപ്പിക്കേണ്ടത്? അങ്ങനെയാണെങ്കിൽ അവനെ നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നതാണ് നല്ലത്. ആഭ്യന്തര ക്രിക്കറ്റിലും പ്രത്യേകിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കളിച്ച് അനുഭവസമ്പത്ത് നേടാൻ അവന് അവസരം നൽകണം. ഇന്ത്യൻ ടീമിന്റെ ഡ്രസിംഗ് റൂമിൽ കഴിയുന്നത് പഠനത്തിന് സഹായിക്കുമെന്നത് ശരിയാണ്. എന്നാൽ ദീർഘകാലം കളിക്കാതെ അവിടെ തുടരുന്നതിൽ കാര്യമില്ല. അവന് ബാറ്റ് ചെയ്യാനുള്ള അവസരം ലഭിക്കണം' -ചോപ്ര പറഞ്ഞു. വൈഭവിന്റെ കാര്യത്തിൽ ടീം മാനേജ്‌മെന്റിന് വ്യക്തമായ ധാരണയുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.
''വൈഭവിനെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടും ഭാവി പദ്ധതിയും ടീം മാനേജ്‌മെന്റ് വ്യക്തമാക്കണം. ഒരുപക്ഷേ അവർ ഇതിനകം തന്നെ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടാകാം. എന്നാൽ ഇക്കാര്യം പുറത്തുപറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വൈഭവിനെക്കുറിച്ച് ഇന്ത്യയുടെ പദ്ധതിയെന്താണെന്ന് ആർക്കും അറിയില്ല. നാലാം മത്സരത്തിൽ അവനെ ഒഴിവാക്കിയത് നിരാശയുണ്ടാക്കി'' - ചോപ്ര കൂട്ടിച്ചേർത്തു. അതേസമയം, നാലാം ട്വന്റി-20യിൽ തിരിച്ചെത്തിയ ഇഷാൻ കിഷന് ബാറ്റിംഗിൽ തിളങ്ങാനായില്ല. 260 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി താരം നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ഒടുവിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനേ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ.
Former Indian opener Aakash Chopra criticized the team management for dropping teenage batter Vaibhav Suryavanshi from the 4th T20I against New Zealand. Vaibhav, who scored 4 and 45, was replaced by a returning Ishan Kishan. Chopra questioned if Vaibhav is only an injury replacement and urged clarity on his role, suggesting he play domestic cricket if not consistently utilized.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |