ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് അഭിനയിച്ച സിനിമയെ പരാമർശിച്ചുകൊണ്ട് ഭരണകക്ഷിയായ ടിവികെയെ പരിഹസിച്ച് ഡി.എം.കെ. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി കരുണാനിധി എം.പി. സ്‌ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരെ ജില്ലാ കളക്ടറേറ്റ് ഓഫീസിന് സമീപം സംഘടിപ്പിച്ച ഒരു പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. നടൻ വിജയ് നായകനായ 'തെരി' സിനിമയെ പരാമർശിച്ചായിരുന്നു കനിമൊഴിയുടെ പരിഹാസം.
തെരി സിനിമയിൽ സ്ത്രീയോട് മോശമായി പെരുമാറുന്ന വില്ലനെ മർദ്ദിച്ച് പാലത്തിനടിയിൽ കെട്ടിയിടുന്ന രംഗമുണ്ട്. അതുപോലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും ലൈംഗികാതിക്രമങ്ങളിലും ഏർപ്പെടുന്നവരെ പാലത്തിനടിയിൽ കെട്ടിയിടണമെന്നാണ് വിജയ് കരുതുന്നതെങ്കിൽ ആദ്യം സ്വന്തം പാർട്ടിക്കാരെ തന്നെ കെട്ടിയിടേണ്ടിവരുമെന്നാണ് കനിമൊഴി പരിഹസിച്ചത്. ഡി.എം.കെ സർക്കാർ നിരവധി പാലങ്ങൾ നിർമ്മിച്ചിട്ടുള്ളതിനാൽ അതിന് സൗകര്യമുണ്ടെന്നും അവർ വ്യക്തമാക്കി.
ടി.വി.കെ ഭാരവാഹികളിൽ ഇരുപതിലധികം പേർ ഇതിനകം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും അതിക്രമങ്ങളിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കനിമൊഴിയുടെ ആരോപണം. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ അധികാരത്തിലുള്ള പാർട്ടികളിൽ ചേർന്നാൽ സംരക്ഷണം ലഭിക്കുമെന്ന ധാരണയുണ്ടാകാറുണ്ട്. എന്നാൽ കുറ്റകൃത്യം ചെയ്യാൻ ആഗ്രഹിക്കുന്നവരെല്ലാം ടി.വി.കെയിൽ ചേർന്നിരിക്കുകയാണെന്ന് തോന്നുന്നുവെന്നും അവർ പരിഹസിച്ചു. പാർട്ടി ഭാരവാഹികൾക്കെതിരായ പരാതികളുടെ പട്ടിക വായിക്കാൻ പോലും കഴിയാത്തത്ര വലുതാണെന്നും കനിമൊഴി ആരോപിച്ചു.
സ്ത്രീകൾ തീരുമാനിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്നും തമിഴ്നാട്ടിലെ സ്ത്രീകൾ മാറ്റത്തിനായി തെരുവിലിറങ്ങിക്കഴിഞ്ഞെന്നും കനിമൊഴി പറഞ്ഞു. തെറ്റിദ്ധരിച്ച് വോട്ട് ചെയ്തുപോയതിനാൽ ഇന്ന് പല സ്ത്രീകളും കുടുംബങ്ങളും യുവാക്കളും പശ്ചാത്തപിക്കുന്ന സാഹചര്യമാണുള്ളത്. എന്നാൽ വോട്ട് ചെയ്തവരെ കുറ്റപ്പെടുത്തുന്നില്ല. അത്തരമൊരു തെറ്റ് അവർ ആവർത്തിക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കനിമൊഴി വ്യക്തമാക്കി. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്താണ് വിജയ് അധികാരത്തിലെത്തിയത്. എന്നാൽ ഇപ്പോൾ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നാണ് കനിമൊഴിയുടെ വിമർശനം.
DMK Deputy General Secretary Kanimozhi Karunanidhi MP mocked actor-turned-politician C Joseph Vijay and his party TVK by referencing Vijay's own movie 'Theri'.Speaking at a protest meeting near the District Collectorate against crimes on women, Kanimozhi said that in 'Theri' there is a scene where the villain who misbehaves with a woman is beaten and tied under a bridge.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |