
അബുജ: വടക്കു കിഴക്കൻ നൈജീരിയയിൽ എബോള വൈറസ് ഭീതി. മേഖലയിൽ രണ്ട് പേർക്ക് എബോള ബാധിച്ചതായി സംശയമുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും നൈജീരിയ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
രണ്ട് വ്യക്തികളെയും നിലവിൽ ഐസൊലേഷനിലാക്കിയിട്ടുണ്ട്. ഇവ സംശയാസ്പദമായ കേസുകൾ മാത്രമാണെന്നും ലബോറട്ടറി പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷമേ എബോള ആണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച നൈജീരിയയിൽ ഒരാൾക്ക് എബോള സ്ഥിരീകരിച്ചിരുന്നു. ഉഗാണ്ട സന്ദർശിച്ച ശേഷം നൈജീരിയൻ തലസ്ഥാനമായ അബുജയിലേക്ക് മടങ്ങിയെത്തിയ സ്വിസ് സ്വദേശിയായ സ്ത്രീക്കായിരുന്നു രോഗം. ഇവരെയും ഭർത്താവിനെയും വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വിറ്റ്സർലൻഡിലേക്ക് മാറ്റി. നിലവിൽ സംശയ നിഴലിലുള്ള രണ്ട് കേസുകൾ കൂടി സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, രോഗം നൈജീരിയയ്ക്കുള്ളിൽ പടർന്നുപിടിച്ചിട്ടുണ്ടെന്നതിന്റെ സൂചനയാകാം. കേസുകൾക്ക് ആദ്യത്തെ കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
അതേ സമയം, ആഫ്രിക്കയിലെ നിലവിലെ എബോള വ്യാപനത്തിന്റെ പ്രധാന കേന്ദ്രമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ കോംഗോയിൽ (ഡി.ആർ കോംഗോ) സ്ഥിതി രൂക്ഷമാണ്. മരണം 5000 കടന്നു. 10,300 ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏപ്രിൽ പകുതിയോടെ കിഴക്കൻ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലാണ് വൈറസ് വ്യാപനം തുടങ്ങിയത്. വാക്സിനോ പ്രത്യേക ചികിത്സയോ ഇല്ലാത്ത തീവ്രതയേറിയ 'ബൂൻഡിബൂഗ്യോ" എന്ന എബോള വകഭേദമാണ് രാജ്യത്ത് പടരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |