SignIn
Kerala Kaumudi Online
Sunday, 01 November 2026 1.56 AM IST

കി​രീടപ്പി​റവി​ ദി​നം

sports

സംസ്ഥാന സ്കൂൾ മേളയി​ൽ തി​രുവനന്തപുരം ജി​ല്ലയ്ക്ക് ഹാടി​ക്ക് കി​രീടം

അത്‌ലറ്റി​ക്സി​ൽ ഹാട്രി​ക് കി​രീടം സ്വന്തമാക്കി​ മലപ്പുറം ജി​ല്ല

അത്‌ലറ്റി​ക്സി​ൽ ബെസ്റ്റ് സ്കൂളായി​ ഐഡി​യൽ കടകശ്ശേരി​​

കോഴിക്കോട്: സാമൂതിരിയുടെ മണ്ണിൽ ത്രില്ലർ പോരാട്ടങ്ങളുമായി കൗമാരപ്പട നിറ‌ഞ്ഞാടിയ സംസ്ഥാന സ്കൂൾ കായിക മേളയുടെ 68-ാം പതിപ്പിന്റെ ക്ലൈമാക്സിലും,​ ഓവറാൾ കിരീടത്തിൽ തിരുവനന്തപുരവും അത്‌ലറ്റിക്സ് കിരീടത്തിൽ മലപ്പുറവും മുത്തമിട്ടു. ഒരാഴ്ചക്കാലം കോഴിക്കോടിനെ ആവേശത്തിൽ ആറാടിച്ച് എൻ.ഐ.ടി മൈതാനമുൾപ്പെടെ പത്ത് വേദികളിലായി നടന്ന മത്സരങ്ങളിൽ വാശിയേറിയ പോരാട്ടങ്ങളുണ്ടായിരുന്നെങ്കിലും തിരുവനന്തപുരത്തെയും മലപ്പുറത്തെയും മറിച്ചിടാൻ തക്ക അദ്ഭുതങ്ങളൊന്നുമുണ്ടായില്ല. അത്‌ലറ്റിക്സിൽ മലപ്പുറത്തിന്റെയും സ്കൂൾ കായിക മേള ഒളിമ്പിക്സ് മാതൃകയിലാക്കിയ ശേഷം ഓവറോളിൽ തിരുവനന്തപുരത്തിന്റെയും ഹാട്രിക്ക് കിരീട നേട്ടം ആധികാരികമായി തന്നെയായിരുന്നു.

ഓവറോൾ കിരീടത്തിനായുള്ള പോരാട്ടത്തിൽ മുൻവർഷത്തെപ്പോലെ എതിരാളികളില്ലാതെ കുതിക്കുകയായിരുന്നു തിരുവനന്തപുരം. 227 സ്വർണവും 160 വെള്ളിയും 171 വെങ്കലവുമുൾപ്പെടെ ആകെ 2012.3 പോയിന്റുമായാണ് മുഖ്യമന്ത്രിയുടെ പേരിലുള്ള 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പ് തിരുവനന്തപുരം വീണ്ടുമുയർത്തിയത്. ഗെയിംസിൽ നിന്ന് മാത്രം തിരുവനന്തപുരത്തിന്റെ അക്കൗണ്ടിൽ എത്തിയത് 1310പോയിന്റാണ്. അക്വാട്ടി‌ക്സിൽ നിന്ന് 606 ഉം അത്‌ലറ്റിക്‌സിൽ നിന്ന് 96.3 പോയിന്റും തലസ്ഥാനത്തെത്തി. കഴിഞ്ഞ തവണ സ്വന്തം തട്ടകത്തിൽ 1825 പോയിന്റ് നേടയായിരുന്നു തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാരായത്. ഇത്തവണ 187.3 പോയിന്റ് അധികം നേടാനായി. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 82 സ്വർണവും 84 വെള്ളിയും 116 വെങ്കലവുമുൾപ്പെടെ 965.3 പോയിന്റേ ഉള്ളെന്നറിയുമ്പോഴാണ് തിരുവനന്തപുരത്തിന്റെ സമഗ്രാധിപത്യം വ്യക്തമാകൂ. 86 സ്വർണവും 83 വെള്ളിയും 106 വെങ്കലവുമുൾപ്പെടെ 923.3 പോയിന്റാണ് മൂന്നാം സ്ഥാനത്തുള്ള മലപ്പുറത്തിനുള്ളത്. 882 പോയിന്റുമായി കണ്ണൂർ നാലാമതും 825 പോയിന്റുമായി ആതിഥേയരായ കോഴക്കോട് അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയം വേദിയായ അത്‌ലറ്റിക്സ് പോരാട്ടങ്ങളിൽ ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരിയുടെ ചിറകിലേറിയായിരുന്നു മലപ്പുറത്തിന്റെ ഹാട്രിക്ക് കിരീടത്തിലേക്കുള്ള കുതിപ്പ്. മുൻവർഷങ്ങളിൽ മലപ്പുറത്തിന്റെ കുതിപ്പിന് ഐഡിയലിനൊപ്പം കരുത്തായിരുന്ന നവാമുകുന്ദ സ്കൂളിന്റെ അസാന്നിധ്യം അറിയിക്കാതെ കെ.എച്ച്.എം.എച്ച്.എസ് അലത്തിയൂർ കിരീടപ്പോരിൽ നിർണായക സംഭാവന നൽകി.

അത്‌ലറ്റിക്സിന്റെ ആദ്യ ദിനം പാലക്കാടായിരുന്നു മുന്നിൽ. എന്നാൽ രണ്ടാം ദിനം തന്നെ നേരിയ ലീഡിൽ മലപ്പുറം പാലക്കാടിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. മൂന്നാം ദിനവും പാലക്കാട് ഭീഷണി ഉയർത്തിയെങ്കിലും നാലാം ദിനം 40 പോയിന്റിന്റെ ലീഡെടുത്ത മലപ്പുറം ഓവറോൾ കിരീടം ഏറെക്കുറെ ഉറപ്പിച്ചു. അവസാന ദിനമായ ഇന്നലെ 36.3 പോയിന്റുകൂടി നേടി ഡബിൾ സെഞ്ച്വറി തികച്ച മലപ്പുറം ആകെ 204.3 പോയിന്റ് നേടിയാണ് ഓവറോൾ ചാമ്പ്യൻപട്ടം തുടർച്ചയായ മൂന്നാം തവണയും കൈക്കലാക്കിയത്. 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും മലപ്പുറത്തിന്റെ താരങ്ങൾ സ്വന്തമാക്കി. 14 സ്വർണവും 18 വെള്ളിയും 16 വെങ്കലവുമുൾപ്പെടെ 161.5 പോയിന്റുമായി കഴിഞ്ഞ തവണത്തെ പോലെ പാലക്കാട് റണ്ണറപ്പായി. ഇത്തവണത്തെ കറുത്ത കുതിരകൾ എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനം നടത്തിയ ആലപ്പുഴ 10 സ്വർണവും 9 വെള്ളിയും 12വെങ്കലവുമുൾപ്പെടെ 109 പോയിന്റുമായി മൂന്നാം സ്ഥാനം നേടി. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്ന കോഴിക്കോടിനെ അഞ്ചാം സ്ഥാനത്തേക്ക് (69പോയിന്റ്) പിന്തള്ളി​ തിരുവനന്തപുരം (96.3)​ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. തിരുവനന്തപുരത്തിന്റെ അക്കൗണ്ടിൽ 85.3 പോയിന്റ് എത്തിച്ചത് ജി.വി രാജ സ്പോർട്സ് സ്കൂളാണ്. അത്‌ലറ്റിക്സിലെ അവസാന ഇനമായ സീനിയർ ആൺകുട്ടികളുടെ 4-400 മീറ്റർ റിലേയിൽ മലപ്പുറത്തിന്റെ റെക്കാഡ് സ്വർണ നേട്ടത്തോടെയാണ് 68-ാം സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തിരശീല വീണത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360