ന്യൂഡൽഹി: കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തമായി സംരംഭങ്ങളിലേക്കോ കണ്ടന്റ് ക്രിയേഷനിലേക്കോ കടക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുവതി. ഈ അടുത്തായി കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച മാൻസി ഖണ്ഡേൽക്കറെന്ന യുവതിയാണ് കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സംരംഭം തുടങ്ങുന്നതിലെ തടസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.
മറ്റുള്ളവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരിക്കലും സ്വന്തം ജോലി ഉപേക്ഷിക്കരുതെന്ന് മാൻസി പറയുന്നു. താൻ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചതിനുപിന്നാലെ തനിക്ക് വന്ന മെസേജുകൾ മുൻനിർത്തിയാണ് മാൻസി വീഡിയോ പങ്കുവച്ചത്. തനിക്ക് മെസേജ് അയച്ചവരിൽ അധികം ആളുകളും ജോലി ഉപേക്ഷിച്ച് സ്വന്തമായി സംരംഭമോ മറ്റെന്തെങ്കിലും ജോലിയോ ചെയ്യാൻ ആഗ്രഹിക്കുന്നവരാണെന്നും മാൻസി പറയുന്നു.
ജോലി രാജി വയ്‌ക്കാനുള്ള തന്റെ തീരുമാനം പെട്ടെന്നുണ്ടായതോ ധൈര്യം തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ളതോ ആയിരുന്നില്ലെന്ന് അവർ വ്യക്തമാക്കി. ഒരു വർഷത്തോളം മറ്റൊരു ജോലി കണ്ടെത്താൻ കഴിയാത്ത അവസ്ഥയുണ്ടായാലും അത് തന്റെ ജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് രാജി വച്ചതെന്ന് യുവതി പറയുന്നു. വരുമാനം ഇല്ലാത്ത സാഹചര്യത്തിലും ജീവിതച്ചെലവുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കിയ ശേഷമാണ് ജോലി ഉപേക്ഷിച്ചതെന്നും യുവതി വ്യക്തമാക്കി.
പലരും തൊഴിൽസ്ഥലത്ത് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാകാമെന്നും താനും അത്തരം സാഹചര്യങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും മാൻസി പറഞ്ഞു. എന്നാൽ, ജോലി രാജിവയ്‌ക്കുന്നതിന് മുൻപ് സ്വന്തം സാമ്പത്തിക സ്ഥിതി വിലയിരുത്തേണ്ടത് പ്രധാനമാണെന്ന് യുവതി വ്യക്തമാക്കി.
'ജോലി ഉപേക്ഷിക്കുന്നതിന് മുൻപ് ഞാൻ എന്നോട് ചോദിച്ച അതേ ചോദ്യം നിങ്ങളും നിങ്ങളോടും ചോദിക്കണം. അതിന് ഉത്തരം 'അതെ' എന്നാണെങ്കിൽ നിങ്ങൾക്ക് എന്റെയോ മറ്റാരുടെയെങ്കിലുമോ അനുമതി ആവശ്യമില്ല' - മാൻസി പറഞ്ഞു. ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ ക്യാപ്‌ഷനിലും മാൻസി ഇതേകാര്യം ആവർത്തിച്ചു. 'ധൈര്യമുണ്ടെന്ന് കരുതി ജോലി ഉപേക്ഷിക്കരുത്. ഞാൻ ജോലി ഉപേക്ഷിച്ചത് ആവശ്യത്തിന് കണക്കുകൂട്ടലുകൾ നടത്തിയതിന് ശേഷമാണ്'- മാൻസി കുറിച്ചു.
Mansi Khandelkar warns against quitting corporate jobs impulsively, stressing the need for financial planning before pursuing entrepreneurship or content creation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |