ന്യൂഡൽഹി: നീം കരോലി ബാബ എന്നറിയപ്പെടുന്ന ആത്മീയ ഗുരുവിന്റെ ജീവിതവും ദർശനങ്ങളും വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെയും ആശയങ്ങളെയും ആസ്പദമാക്കിയ ‘ഹനുമാൻ അംശ്’ എന്ന ചിത്രം ഇന്ത്യയിൽ 120 കോടി രൂപയിലധികം കളക്ഷൻ നേടിയതോടെയാണ് നീം കരോലി ബാബയെയും അദ്ദേഹത്തിന്റെ ആശ്രമമായ കൈന്ചി ധാമും ഏറെ ചർച്ചയായത്. ഉത്തരാഖണ്ഡിലെ കുമയൂൺ മലനിരകളിലാണ് ശാന്തമായ അന്തരീക്ഷത്തിലുള്ള കൈന്ചി ധാം ആശ്രമം സ്ഥിതി ചെയ്യുന്നത്. നൈനിറ്റാളിൽ നിന്ന് ഏകദേശം 38 കിലോമീറ്റർ അകലെയാണ് ഇത്.
എന്നാൽ നീം കരോലി ബാബയ്ക്ക് ലഭിക്കുന്ന ആഗോള ശ്രദ്ധ പുതിയ കാര്യമല്ല. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള നിരവധി വിശ്വാസികളും സന്ദർശകരും അദ്ദേഹത്തിന്റെ ആശ്രമങ്ങളിലേക്ക് എത്താറുണ്ട്. പ്രമുഖരായ സ്റ്റീവ് ജോബ്സ്, മാർക്ക് സക്കർബർഗ്, ലാറി പേജ് എന്നിവരും ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്.ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് 19-ാം വയസ്സിലാണ് നീം കരോലി ബാബയുടെ ആശ്രമം സന്ദർശിച്ചത്. അദ്ദേഹത്തിന്റെ ഈ സന്ദർശനമാണ് ഭാവിയിൽ ആപ്പിൾ എന്ന കമ്പനിയുടെ തുടക്കത്തിലേക്ക് എത്തിച്ചതെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ അനുഷ്ക ശർമയും 2022 നവംബറിലാണ് ഉത്തരാഖണ്ഡിലെ നീം കരോലി ബാബ ആശ്രമം സന്ദർശിച്ചത്. ബാബയുടെ ആശ്രമത്തിൽ എത്തിയപ്പോൾ ആധ്യാത്മിക വഴികളിലൂടെയുള്ള സമാധാനവും സ്നേഹവും അനുഭവിക്കാൻ തങ്ങൾക്ക് കഴിഞ്ഞുവെന്ന് താരങ്ങൾ തങ്ങളുടെ അനുഭവം പങ്കുവച്ചിരുന്നു.
2015ലാണ് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് നീം കരോലി ബാബയുടെ ആശ്രമത്തിലെത്തിയത്. ഫേസ്ബുക്കിന്റെ നിർണായകമായൊരു ഘട്ടത്തിൽ വ്യക്തത തേടിയായിരുന്നു സന്ദർശനം. ആശ്രമം സന്ദർശിക്കാൻ സ്റ്റീവ് ജോബ്സ് സക്കർബർഗിനോട് നിർദേശിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ഈ യാത്ര ഫേസ്ബുക്കിന്റെ യഥാർഥ ലക്ഷ്യവുമായി വീണ്ടും ബന്ധപ്പെടാൻ തന്നെ സഹായിച്ചെന്ന് സക്കർബർഗ് പിന്നീട് പറഞ്ഞിട്ടുണ്ട്.
ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള നിരവധി വിശ്വാസികളെയും സഞ്ചാരികളെയും കൈന്ചി ധാം ക്ഷേത്രം ആകർഷിക്കുന്നു. ചിലർ ആവർത്തിച്ച് ഇവിടെയെത്താറുണ്ട്. മറ്റുചിലർ സുഹൃത്തുക്കളിൽ നിന്നുള്ള വിവരങ്ങളിലൂടെയോ വ്യക്തിപരമായ അനുഭവങ്ങളിലൂടെയോ ആശ്രമത്തെക്കുറിച്ച് അറിഞ്ഞാണ് ഇവിടേക്കെത്തുന്നത്.
സമാധാനവും ആത്മീയ ഉണർവും പോസിറ്റീവ് ഊർജവും നിറഞ്ഞ അന്തരീക്ഷമാണ് ഇവിടെയുള്ളതെന്ന് നിരവധി വിശ്വാസികൾ അഭിപ്രായപ്പെടുന്നു. ആത്മപരിശോധനയ്ക്കും മനസ്സിന് വ്യക്തത നേടുന്നതിനും ആത്മീയതയുമായി ബന്ധപ്പെടുന്നതിനുമുള്ള ഇടമായാണ് പലരും കൈന്ചി ധാമിനെ കാണുന്നത്.
Spiritual guru Neem Karoli Baba and his Kainchi Dham ashram are again widely discussed following a successful film about his life. Located in Uttarakhand, the ashram has long attracted global figures, including Steve Jobs, Mark Zuckerberg, Virat Kohli, and Anushka Sharma. These personalities have visited the serene retreat seeking peace, clarity, and spiritual inspiration, often citing profound personal experiences.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |