പുസ്‌തകം കിട്ടിയാൽ അതിന്റെ പേജുകൾ മണത്തുനോക്കുന്നവരാകും നമ്മളിൽ പലരും. പുതിയ പുസ്‌തകമാകുമ്പോൾ അങ്ങനെ ചെയ്‌തില്ലെങ്കിലേ അത്ഭുതമുള്ളു. എന്നാൽ, എപ്പോഴെങ്കിലും നാം എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്നോ ആ ഗന്ധത്തിന് കാരണം എന്താണെന്നോ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആളുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നതിന് പിന്നിൽ ഒരു കാരണമുണ്ടെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.
പലപ്പോഴും പുസ്‌തകത്തിന്റെ മണം ഏതോ പഴയ ഓർമ്മകളെ ഉണർത്തുന്നതായി തോന്നാറില്ലേ? ഇതിന് പിന്നിൽ ശാസ്‌ത്രീയപരമായ ചില കാരണങ്ങളുണ്ട്. കഴിഞ്ഞുപോയ കാലങ്ങളിലെ ഓർമ്മകളുമായി നമുക്കുള്ള വൈകാരികബന്ധമാണ് ഈ അനുഭവത്തിന്റെ പ്രധാന കാരണം.
പഴയ പുസ്‌തകങ്ങളിൽ അനുഭവപ്പെടുന്ന പ്രത്യേകമായ മണം പലർക്കും വളരെ ഇഷ്‌ടമാണ്. കടലാസ് കാലക്രമേണ ജീർണിക്കുമ്പോൾ അതിൽനിന്ന് 'വോലറ്റൈൽ ഓർഗാനിക് കോമ്പൗണ്ടുകൾ' പുറത്തുവരുന്നു. സാധാരണ താപനിലയിൽ എളുപ്പത്തിൽ ബാഷ്‌പീകരിക്കപ്പെടുന്ന ഈ രാസവസ്‌തുക്കൾ നമുക്ക് ഒരു ഗന്ധമായി അനുഭവപ്പെടുന്നു. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകർ നടത്തിയ 'സ്‌മെൽ ഒഫ് ഹെറിറ്റേജ് : എ ഫ്രെയിംവക്ക് ഫോർ ദി ഐഡന്റിഫിക്കേഷൻ, അനാലിസിസ് ആന്റ് ആർക്കൈവൽ ഒഫ് ഹിസ്റ്റോറിക് ഓഡോഴ്‌സ്' എന്ന പഠനമനുസരിച്ച്, ഗന്ധങ്ങൾ ചരിത്രവുമായി നമ്മളെ ബന്ധിപ്പിച്ച് നിർത്തുന്നു. അവയെ ഒരുതരത്തിൽ നമ്മുടെ സാംസ്‌കാരിക പൈതൃകമായിപ്പോലും കണക്കാക്കാം.
ഓരോ പുസ്‌തകത്തിലെയും കടലാസിന്റെ ഘടനയും നിർമ്മാണരീതിയും വ്യത്യസ്‌തമായതിനാൽ പുസ്‌തകത്തിന്റെ പഴക്കം, ഉപയോഗിച്ചിരിക്കുന്ന വസ്‌തുക്കൾ, സൂക്ഷിച്ചിരിക്കുന്ന സാഹചര്യം എന്നിവയ്ക്കനുസരിച്ച് രൂപപ്പെടുന്ന സുഗന്ധത്തിലും വ്യത്യാസമുണ്ടാകാം. ഈ ഗന്ധവ്യത്യാസങ്ങൾ മനസിലാക്കുന്നതിനായി യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകർ വികസിപ്പിച്ച ചാർട്ടാണ് 'ഹിസ്റ്റോറിക് ബുക്ക് ഓഡോർ വീൽ'. പുസ്‌തകങ്ങളുടെ ഗന്ധത്തെ വിവിധ വിഭാഗങ്ങളായി തിരിക്കുകയും ഓരോ ഗന്ധത്തിനും കാരണമാകുന്ന രാസവസ്‌തുക്കളെ അവയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒന്നാണിത്.
പുസ്‌തകം തുറന്നുനോക്കാതെതന്നെ അതിന്റെ അവസ്ഥ മനസിലാക്കാൻ ലൈബ്രേറിയന്മാർ ഇത്തരം മാർഗങ്ങൾ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് ചോക്ലേറ്റ്, കാപ്പി തുടങ്ങിയവയ്‌ക്ക് സമാനമായ ഗന്ധമാണ് അനുഭവപ്പെടുന്നതെങ്കിൽ പുസ്‌തകം ജീർണിച്ചുതുടങ്ങിയെന്ന് മനസിലാക്കാം. പൂപ്പൽ, ഈർപ്പം തുടങ്ങിയവയെക്കുറിച്ച് കൃത്യമായ സൂചന നൽകാനും ഇത്തരം ഗന്ധങ്ങൾക്ക് സാധിക്കും.
The smell of books is linked to chemicals released as paper ages, while those scents can also trigger emotional memories. Researchers have even developed a “Historic Book Odour Wheel” to classify book smells and help identify their condition.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |