SignIn
Kerala Kaumudi Online
Friday, 03 July 2026 6.38 PM IST

2027 ഐപിഎൽ മെഗാ ലേലത്തിന് മുൻപ് ഹാർദിക്കിനെ ഒഴിവാക്കാൻ മുംബയ്; ആ രണ്ട് ടീമുകൾക്കും താരത്തെ വേണ്ട

hardik-pandya-
ഹാർദിക് പാണ്ഡ്യ.

മുംബയ്: അടുത്ത ഐപിഎൽ സീസണ് മുന്നോടിയായി ഹാർദിക് പാണ്ഡ്യ മുംബയ് ഇന്ത്യൻസ് വിടുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. അടുത്ത ലേലത്തിന് മുൻപ് ഹാർദിക്കിനെ ഒഴിവാക്കാൻ മുംബയ് നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. 2015ൽ മുംബയിലൂടെ ഐപിഎൽ കരിയർ തുടങ്ങിയ ഹാർദിക് 2021 വരെ ടീമിനൊപ്പമുണ്ടായിരുന്നു. പിന്നീട് ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്ടനായ താരം ആദ്യ വർഷം തന്നെ അവരെ ചാമ്പ്യന്മാരാക്കുകയും ചെയ്തു.

വലിയ പ്രതീക്ഷളോടെ നായകനായിട്ടാണ് ഹാർദിക് മുംബയ് ടീമിലേക്ക് തിരിച്ചെത്തിയത്. എന്നാൽ അദ്ദേഹത്തിന് കീഴിൽ കളിച്ച മൂന്ന് സീസണുകളിലും മുംബയ് ഇന്ത്യൻസിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ടീമിന്റെ ഈ തുടർച്ചയായ തിരിച്ചടിയാണ് ഹാർദിക്കിനെ മാറ്റാൻ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചനകൾ. എന്നാൽ, ഹാർദിക്കിനെ മുംബയ് ഒഴിവാക്കിയാൽ ഗുജറാത്ത് ടൈറ്റൻസ് താരത്തെ തിരികെ വിളിക്കാൻ സാദ്ധ്യതയില്ലെന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ നിരീക്ഷണം. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ചോപ്രയുടെ പ്രതികരണം.

'ആർസിബിയും സൺറൈസേഴ്‌സ് ഹൈദരാബാദും ഒഴികെ ബാക്കി എല്ലാ ടീമുകൾക്കും ഹാർദിക്കിനെ ടീമിലെടുക്കാൻ താല്പര്യമുണ്ടെന്നാണ് കേൾക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിനും താല്പര്യമുണ്ടെന്ന് കേൾക്കുന്നു. എന്നാൽ അവർ ഹാർദിക്കിനെ തിരികെ എടുക്കുമെന്ന് എനിക്ക് സംശയമാണ്. ഹാർദിക്കിന് പകരമായി ഗുജറാത്തിൽ നിന്ന് മുംബയ്ക്ക് ആരെ വേണം? അവർ റാഷിദ് ഖാനെ ചോദിച്ചേക്കാം, പക്ഷേ ഗുജറാത്ത് അത് സമ്മതിക്കില്ല. പർപ്പിൾ ക്യാപ് നേടിയ കാഗിസോ റബാഡയെ ചോദിച്ചാലും അവർ വിട്ടുകൊടുക്കില്ല. ഗുജറാത്തിൽ നിന്ന് പോയ താരത്തെ അവർ എന്തിന് വീണ്ടും എടുക്കണം? നിലവിൽ ഗിൽ ടീമിനെ മികച്ച രീതിയിലാണ് നയിക്കുന്നത്. ഒരു ടീമിൽ തന്നെ രണ്ട് മുൻനിര നായകന്മാരെ വച്ചുകൊണ്ട് എന്തിനാണ് അവർ ടീമിന്റെ ബാലൻസ് തെറ്റിക്കുന്നത്?' - ചോപ്ര കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARDIK PANDYA, SPORTS, IPL2027, LATESNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360