SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.10 PM IST

മൂക്കാതെ  പഴുത്തവരെ ടീമിലെടുത്തതിന്റെ ഫലം, പുതിയ താരങ്ങൾക്ക് ശ്രദ്ധ ഫീൽഡിംഗിൽ അല്ല; മുൻ കോച്ച്

indian-cricket-team-
ഇന്ത്യന ടീം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ ക്യാച്ചുകൾ കൈവിടുന്നതും എതിർടീമിന്റെ റൺഔട്ട് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിലും ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ മുൻ ഫീൽഡിംഗ് കോച്ച് ആർ. ശ്രീധർ. ഫീൽഡിംഗിൽ ഇന്ത്യയുടെ നിലവാരം മെച്ചപ്പെടുത്താൻ ടീമിന്റെ പ്രവർത്തനരീതിയിൽ തന്നെ മാറ്റം വേണമെന്നും യുവതാരങ്ങൾക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ വ‌ർഷത്തെ ട്വന്റി 20 മത്സരങ്ങളിലെ കണക്കുകൾ പ്രകാരം 73.4 ശതമാനമാണ് ഇന്ത്യയുടെ ക്യാച്ചിങ് കാര്യക്ഷമത. ആകെ 58 ക്യാച്ചുകളാണ് ഇന്ത്യൻ താരങ്ങൾ കൈവിട്ടത്. ഫീൽഡിംഗിലൂടെ 129 റൺസ് ഇന്ത്യ രക്ഷിച്ചെങ്കിലും ക്യാച്ചുകൾ കൈവിട്ടതും ഗ്രൗണ്ട് ഫീൽഡിംഗിലെ പിഴവുകളും ചേർന്ന് 226 റൺസ് നഷ്ടപ്പെടുത്തി. 19 റൺഔട്ട് അവസരങ്ങളാണ് ഇന്ത്യ പാഴാക്കിയത്. അതേസമയം, 14 റൺഔട്ടുകൾ നേടാൻ ടീമിന് കഴിഞ്ഞു. വിക്കറ്റ് കീപ്പർമാർക്ക് ലഭിച്ച അഞ്ച് സ്റ്റംപിംഗ് അവസരങ്ങളിൽ രണ്ടും നഷ്ടപ്പെടുത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീം ഫീൽഡിംഗിൽ പരാജയമാണെന്നും ക്യാച്ച് കൈവിട്ട് എതിർടീമുകൾക്ക് അനായാസം ബൗണ്ടറികൾ സമ്മാനിക്കാൻ യുവതാരങ്ങൾ മത്സരിക്കുകയാണെന്നും ആർ. ശ്രീധ‌ർ തുറന്നടിച്ചു. ഫീൽഡിംഗിലെ മോശം പ്രകടനത്തിന് വലിയ വിലയാണ് ടീമിന് നൽകേണ്ടി വരുന്നതെന്നും മൂക്കാതെ പഴുത്ത താരങ്ങളെ ടീമിലെടുത്താൽ ഇങ്ങനെയിരിക്കുമെന്നും ശ്രീധർ വിമർശിച്ചു.

ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ വ്യക്തമായ ശൈലി രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഫീൽഡിംഗിൽ അത്തരമൊരു സംസ്കാരം വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ടീമിലെത്തുന്ന പുതിയ താരങ്ങൾക്ക് ബാറ്റിംഗിൽ മാത്രമാണ് കൂടുതൽ ശ്രദ്ധയെന്നും മികച്ച ഫീൽഡർമാരായി വളരാനുള്ള തയ്യാറെടുപ്പ് കുറവാണെന്നും ശ്രീധർ അഭിപ്രായപ്പെട്ടു.

ഒക്ടോബർ 22ന് ആരംഭിക്കുന്ന ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനവും ഫീൽഡർമാർക്ക് വെല്ലുവിളിയാകുമെന്ന് ശ്രീധർ മുന്നറിയിപ്പ് നൽകി. തണുത്ത കാലാവസ്ഥയും ശക്തമായ കാറ്റും ഉയർന്ന ക്യാച്ചുകൾ കൈപ്പിടിയിലൊതുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കിയേക്കാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. യുവതാരം വൈഭവ് സൂര്യവംശിയുടെ ഫീൽഡിംഗ് മെച്ചപ്പെടുത്താനും പ്രത്യേക പരിശീലന പദ്ധതി വേണമെന്ന് ശ്രീധർ പറഞ്ഞു. ഇത്രയും ചെറുപ്പത്തിൽ തന്നെ മത്സരങ്ങളിൽ ഫീൽഡിംഗിനിടെ പകരക്കാരനെ ഇറക്കേണ്ടിവരുന്നത് നല്ല സൂചനയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English Summary

Former Indian fielding coach R. Sridhar expressed concern over the Indian cricket team's poor fielding, citing dropped catches and missed run-out opportunities. Statistics from this year's T20s show a 73.4% catching efficiency, with 58 catches dropped and 19 run-out chances wasted. Sridhar emphasized the need for operational changes and better training for young players to improve standards.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN CRICKET TEAM, R SRIDHAR, INDIA FIELDING MISTAKES, INDIAN CRICKET FIELDING, FIELDING COACH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360