
ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ഷൂട്ടിംഗ് താരവും പരിശീലകനുമായ ജസ്പാൽ റാണയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കർ. വർഷങ്ങളായി ഷൂട്ടിംഗ് താരം മനുവിന്റെ പരിശീലകനായിരുന്നു അന്തരിച്ച ജസ്പാൽ റാണ. ജസ്പാലിന്റെ ഭൗതികശരീരം ഡെറാഡൂണിലെ വസതിയിൽ എത്തിച്ചപ്പോൾ പ്രമുഖ കായികതാരങ്ങളടക്കം ഒട്ടേറെ പേരാണ് ആദരാഞ്ജലി അർപ്പിക്കാനായെത്തിയത്.
ജസ്പാലിന്റെ പിതാവ് നാരായൺ സിംഗ് റാണയ്ക്ക് അരികിലിരുന്ന് മനു ഭാക്കർ വിതുമ്പിക്കരഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത്. കോച്ച് എന്ന നിലയിൽ മനു ഭാക്കർ, സൗരഭ് ചൗധരി എന്നിവരുൾപ്പെടെയുള്ള ഭാവി താരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ് ജസ്‍പാൽ റാണ. ടോക്കിയോ ഒളിംപിക്‌സിന് മുമ്പ് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യസങ്ങൾ ഉണ്ടായെങ്കിലും പിന്നീട് അത് പരിഹരിക്കപ്പെട്ടിരുന്നു. 2024 പാരീസ് ഒളിംപിക്സിൽ ജസ്പാലിന്റെ കോച്ചിംഗിൽ മനു ഇരട്ട മെഡൽ സ്വന്തമാക്കിയിരുന്നു.
ജസ്പാലിന്റെ വിയോഗവാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പരിശീലകൻ മാത്രമല്ല, നല്ലൊരു സുഹൃത്ത് കൂടിയായിരുന്നുവെന്നുമാണ് മനു ഭാക്കർ പറഞ്ഞത്. 'ജസ്പാൽ ഇല്ലാത്ത ഒരു ഷൂട്ടിംഗ് റേഞ്ച് ഇനി ഒരിക്കലും പഴയതുപോലെ ആയിരിക്കില്ല. എനിക്ക് ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് ഉൾക്കൊള്ളാൻ ഞാൻ പാടുപെടുകയാണ്. അദ്ദേഹം എന്റെ കോച്ചോ, മെന്ററോ, വഴികാട്ടിയോ മാത്രമല്ല. മറ്റാരേക്കാളും എന്നെ നന്നായി മനസിലാക്കിയ ഒരു സുഹൃത്ത് കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം, ഉപദേശങ്ങൾ, സാന്നിദ്ധ്യം എന്നിവയെല്ലാം എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇനി അവിടെ അദ്ദേഹം നിൽക്കുന്നത് കാണാൻ കഴിയില്ലെന്ന് ചിന്തിക്കുമ്പോൾ തന്നെ നെഞ്ച് തകരുന്നു.’’– ഒളിംപിക്സ് ഡോട്ട് കോമിനോട് മനു ഭാക്കർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |