SignIn
Kerala Kaumudi Online
Saturday, 16 May 2026 5.12 PM IST

‘മറഡോണയുടെ ജീവൻ രക്ഷിക്കാമായിരുന്നു, പക്ഷേ...’; വിചാരണക്കിടെ നിർണ്ണായക വെളിപ്പെടുത്തലുമായി ഡോക്ടർ

diego-maradona

ബ്യൂണസ് അയേഴ്സ്: അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീ​ഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ നി‌‌ർണായക വെളിപ്പെടുത്തലുമായി ഡോക്ടർ. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ എപ്പോഴെങ്കിലും ഡൈയൂററ്റിക് മരുന്ന് നൽകിയിരുന്നെങ്കിൽ 48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുമായിരുന്നു എന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ. മറഡോണയുടെ അവസാന നാളുകളിൽ മരണം തടയാൻ എന്ത് ചെയ്യാമായിരുന്നു എന്ന കോടതിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഡോ. ഷീറ്റർ.

2000കളുടെ തുടക്കത്തിൽ മറഡോണയെ ചികിത്സിക്കുകയും 2020ൽ അദ്ദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം ചെയ്ത സംഘത്തിലുണ്ടായിരുന്ന തീവ്രപരിചരണ വിഭാഗം ഡോക്ടറുമായ മാരിയോ ഷീറ്റർ ആണ് അർജന്റീനയിലെ സാൻ ഇസിദ്രോ കോടതിയിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

'ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങളുമായി ഐസിയുവിൽ വരുന്ന ഇത്തരം രോഗികളെ ഞാൻ ദിവസവും കാണാറുള്ളതാണ്. ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് കുറക്കാൻ ഞങ്ങൾ അവർക്ക് ഡൈയൂററ്റിക്സ് നൽകാറുണ്ട്. മരുന്ന് നൽകി 12 മണിക്കൂർ കഴിയുമ്പോൾ തന്നെ അവർക്ക് വീട്ടിലേക്ക് മടങ്ങാൻ സാധിക്കാറുണ്ട്- ഡോ. ഷീറ്റർ കോടതിയിൽ പറഞ്ഞു.

അതേസമയം, മരണസമയത്ത് മറഡോണയുടെ പല അവയവങ്ങളിലും അമിതമായി ദ്രാവകം അടിഞ്ഞുകൂടിയിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടത്തിൽ പങ്കെടുത്ത മറ്റൊരു ഡോക്ടറായ കാർലോസ് കാസിനെല്ലി കഴിഞ്ഞ ആഴ്ച മൊഴി നൽകിയിരുന്നു. ലിറ്റർ കണക്കിന് ദ്രാവകം ശരീരത്തിൽ അടിഞ്ഞുകൂടാൻ കുറഞ്ഞത് ഒരു ആഴ്ചയോ പത്ത് ദിവസമോ എടുക്കുമെന്നും മറഡോണയെ പരിചരിച്ച മെഡിക്കൽ സംഘത്തിന് അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായ വീക്കം എളുപ്പത്തിൽ തിരിച്ചറിയാമായിരുന്നുവെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിച്ചു.

2020ൽ മറഡോണയുടെ ശസ്ത്രക്രിയക്ക് ശേഷം വീട്ടിലെ പരിചരണത്തിന് ഡോ. ഷീറ്റർ എതിരായിരുന്നു. എന്നാൽ, ആശുപത്രിയേക്കാൾ സുരക്ഷിതമായ ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് മാറുന്നതിന് പകരം ബ്യൂണസ് ഐറിസിന് വടക്കുള്ള ഒരു വാടകവീട്ടിൽ വിശ്രമിക്കാൻ മറഡോണ തീരുമാനിക്കുകയായിരുന്നു. അവിടെവച്ചാണ് കൃത്യമായ പരിചരണം ലഭിക്കാതെ ശ്വാസകോശത്തിലെ വീക്കത്തെയും ഹൃദയാഘാതത്തെയും തുടർന്ന് 60-ാം വയസ്സിൽ അദ്ദേഹം മരണപ്പെട്ടത്.

മറഡോണയുടെ മരണത്തിൽ ഗുരുതരമായ ചികിത്സാ വീഴ്ചയും അനാസ്ഥയും വരുത്തിയതിന് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ഏഴ് ആരോഗ്യ പ്രവർത്തകരാണ് നിലവിൽ വിചാരണ നേരിടുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇവർക്ക് 25 വർഷം വരെ തടവുശിക്ഷ ലഭിക്കാം.ഈ കേസിന്റെ വിചാരണ ജൂലൈ വരെ നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, DIEGO MARADONA, DEATH, FOOTBALL, ARGENTINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360