SignIn
Kerala Kaumudi Online
Friday, 02 October 2026 8.06 PM IST

'യഥാർത്ഥത്തിൽ ഇതൊന്നും എന്റെ സ്വപ്‌നമായിരുന്നില്ല',​ തന്റെ നായകസ്ഥാനത്തെക്കുറിച്ച് ഇന്ത്യൻ ക്യാപ്‌ടൻ ശുഭ്‌മാൻ ഗിൽ

READ ENGLISH VERSION
shubman-gill-
ഇന്ത്യൻ നായകൻ ശുഭ്‌മാൻ ഗിൽ

ചണ്ഡിഗഡ്: ഏകദിന ക്രിക്കറ്റിൽ ലോക ഒന്നാം നമ്പർ ബാറ്ററായതിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യൻ നായകൻ ശുഭ്‌മാൻ ഗിൽ. സന്തോഷമുണ്ടെങ്കിലും വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന്റെ വിജയത്തിനാണ് പ്രാധാന്യമെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം റാങ്ക് സ്വന്തമാക്കിയത് തന്റെ കരിയറിലെ ടിക്ക് മാർക്ക് മാത്രമാണെന്നും ഗിൽ വ്യക്തമാക്കി. ജിയോ സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'2023 ലോകകപ്പിനിടെയാണ് ഞാൻ ആദ്യമായി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയതെന്നാണ് ഓർമ്മ. അന്ന് വളരെ സന്തോഷം തോന്നി. കുട്ടിക്കാലത്ത് റാങ്കിങ്ങുകൾ കാണുമ്പോൾ ഒരിക്കൽ ഏകദിനത്തിലെ ഒന്നാം നമ്പർ ബാറ്ററാകണമെന്ന് ആഗ്രഹിച്ചിരുന്നു. ആ നേട്ടം കൈവരിച്ചപ്പോൾ അത് ഒരു 'ടിക്ക് മാർക്ക്' പോലെയായിരുന്നു. പക്ഷേ ഇപ്പോൾ അതിനേക്കാൾ പ്രാധാന്യം അതിനില്ലെന്നാണ് ഞാൻ കരുതുന്നത്. ഒരു മത്സരത്തിൽ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ ടീമിനെ എങ്ങനെ വിജയിപ്പിക്കാം, ടീമിനായി എങ്ങനെ മികച്ച സംഭാവന നൽകാം എന്നതിനാണ് എനിക്ക് കൂടുതൽ പ്രാധാന്യം.

ഇന്ത്യൻ ക്യാപ്‌ടനാവുക ഒരു സ്വപ്നത്തേക്കാൾ ഉത്തരവാദിത്വമായാണ് ഞാൻ കാണുന്നത്. വളർന്നുവരുന്ന സമയത്ത് ഒരു ദിവസം ഇന്ത്യയുടെ നായകനാവുക എന്നത് എന്റെ സ്വപ്നമായിരുന്നില്ല. രാജ്യത്തിനായി കളിക്കുകയും രാജ്യത്തെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യുകയാണ് എപ്പോഴും എന്റെ ലക്ഷ്യം.

നായകനാകാനുള്ള അവസരം ലഭിച്ചപ്പോൾ അത് വലിയ ബഹുമതിയും ഉത്തരവാദിത്വവുമാണെന്ന് മനസിലാക്കി. ടീമിന്റെ ഉത്തരവാദിത്വം എന്നെ ഏൽപ്പിച്ചിരിക്കുകയാണെന്ന രീതിയിലാണ് ഞാൻ അതിനെ കാണുന്നത്. അതുകൊണ്ടുതന്നെ കാര്യങ്ങൾ എനിക്ക് കൂടുതൽ എളുപ്പമാകുന്നു. വലിയ സമ്മർദം അനുഭവപ്പെടാറില്ല. ശരിയായ ഉദ്ദേശ്യത്തോടെയാണ് കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ ബാക്കിയെല്ലാം ശരിയായ രീതിയിൽ തന്നെ മുന്നോട്ടുപോകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.' - ഗിൽ കൂട്ടിച്ചേർത്തു. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനം നാളെ ന്യൂ ചണ്ഡിഗഡിലെ പി.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

English Summary

Indian captain Shubman Gill reacted to becoming the world's number one ODI batter, stating team victory outweighs individual achievements. He called the top rank a "tick mark" in his career. Gill views captaincy as a responsibility, not a dream, emphasizing leading the country to victory and expressing his belief in doing things with the right intent to manage pressure effectively.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHUBHMAN GILL, FIRST RANK, LATESTNEWS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360