SignIn
Kerala Kaumudi Online
Friday, 23 October 2026 12.15 AM IST

ഹൊബാർട്ടിൽ തിരിച്ചടിച്ച് ഇന്ത്യ

cricket

മൂന്നാം ട്വന്റി-20യിൽ അഞ്ചുവിക്കറ്റിന് ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ

പരമ്പര 1-1ന് സമനിലയിൽ, നാലാം മത്സരം വ്യാഴാഴ്ച കാൻബറയിൽ

ഹാെബാർട്ട് : മെൽബണി നടന്ന രണ്ടാം ട്വന്റി-20യിലെ പരാജയത്തിന് ഓസീസിനോട് ഹൊബാർട്ടിൽ പകരംവീട്ടി ഇന്ത്യ. മൂന്നാം മത്സരത്തിൽ ഇന്ത്യ അഞ്ചുവിക്കറ്റിന് ജയിച്ചതോടെ അഞ്ചുമത്സരപരമ്പര 1-1ന് സമനിലയിലായി.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 186/6 റൺസടിച്ചപ്പോൾ ഇന്ത്യ 18.3 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

38 പന്തുകളിൽ എട്ടുഫോറും അഞ്ചുസിക്സുമടക്കം 74 റൺസടിച്ച ടിം ഡേവിഡ്, 39 പന്തുകളിൽ എട്ടുഫോറും രണ്ട് സിക്സുമടക്കം 64 റൺസടിച്ച മാർക്കസ് സ്റ്റോയ്നിസ്,15 പന്തുകളിൽ 26 റൺസ് നേടിയ മാത്യു ഷോർട്ട് എന്നിവരാണ് ഓസീസിനെ 186ലെത്തിച്ചത്. ആദ്യ ഓവറിൽ ട്രാവിസ് ഹെഡിനെയും (6), മൂന്നാം ഓവറിൽ ജോഷ് ഇൻഗിലിസിനെയും (1) പുറത്താക്കി അർഷ്ദീപ് സിംഗ് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ക്യാപ്ടൻ മിച്ചൽ മാർഷിനെ(11)ക്കൂട്ടി ഡേവിഡ് ഒൻപതാം ഓവറിൽ 70 കടത്തി. മാർഷിനെയും ഓവനേയും (0) അടുത്തടുത്ത പന്തുകളിൽ വരുൺ ചക്രവർത്തി പുറത്താക്കിയെങ്കിലും പകരമെത്തിയ സ്റ്റോയ്നിസ് കാലുറപ്പിച്ചു. 13 ഓവറിൽ ടീം 118ലെത്തിയപ്പോഴാണ് ഡേവിഡ് പുറത്തായത്. തുടർന്ന് ഷോട്ടിനൊപ്പം സ്കോർ ഉയർത്തിയ സ്റ്റോയ്നിസ് അവസാന ഓവറിൽ അർഷ്ദീപിന് ഇരയായി.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശർമ്മ (25), ശുഭ്മാൻ ഗിൽ (15), സൂര്യകുമാർ യാദവ് (24), തിലക് വർമ്മ (29), അക്ഷർ പട്ടേൽ (17), വാഷിംഗ്ടൺ സുന്ദർ (49 നോട്ടൗട്ട് ),ജിതേഷ് ശർമ്മ (22നോട്ടൗട്ട് ) എന്നിവർ കൂട്ടായി നടത്തിയ പ്രയത്നമാണ് വിജയത്തിലെത്തിയത്.23 പന്തുകളിൽ മൂന്നുഫോറും നാലുസിക്സുമടക്കമാണ് വാഷിംഗ്ടൺ സുന്ദർ 49 റൺസ് നേടിയത്. നാലോവറിൽ 35 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ അർഷ്ദീപ് സിംഗാണ് മാൻ ഒഫ് ദ മാച്ച്.

നാലാം ട്വന്റി-20 വ്യാഴാഴ്ച കാൻബെറയിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360