
മുള്ളൻപുർ : അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യൻ ബാറ്റർമാരുടെ തേരോട്ടം. കളിനിറുത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 368 റൺസ് എന്ന സ്കോറിലാണ് ഇന്ത്യ.സെഞ്ച്വറികൾ നേടിയ ഓപ്പണർ കെ.എൽ രാഹുലിന്റേയും (100) ക്യാപ്ടൻ ശുഭ്മാൻ ഗില്ലിന്റേയും (103നോട്ടൗട്ട്), 81 റൺസടിച്ച് പുറത്തായ സായ് സുദർശന്റേയും 50 റൺസുമായി പുറത്താകാതെ നിൽക്കുന്ന റിഷഭ് പന്തിന്റേയും മികവിലാണ് ഇന്ത്യ ഈ സ്കോറിലെത്തിയത്.
മുള്ളൻപുരിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ യശസ്വി ജയ്സ്വാളിനെ ടീം സ്കോർ 41ൽ വച്ചാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. എന്നാൽ തുടർന്നിറങ്ങിയ സായ് സുദർശനൊപ്പം രാഹുൽ രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 139 റൺസ് ഇന്ത്യയ്ക്ക് അടിത്തറയായി. 104 പന്തുകളിൽ 13 ഫോറുകളടക്കം 81 റൺസടിച്ച സായ് ചായയ്ക്ക് മുന്നേയാണ് പുറത്തായത്. പകരമിറങ്ങിയ ക്യാപ്ടൻ ഗിൽ തകർത്തടിച്ചു. സെഞ്ച്വറി തികച്ച രാഹുൽ ടീം സ്കോർ 247ലെത്തിയപ്പോഴാണ് മടങ്ങിയത്. 165 പന്തുകളിൽ 11 ബൗണ്ടറികൾ രാഹുലിന്റെ ബാറ്റിൽ നിന്ന് പിറന്നു. തുടർന്ന് ഗില്ലും പന്തും ചേർന്ന് ടീമിനെ മുന്നോട്ടുനയിച്ചു.143 പന്തുകൾ നേരിട്ട ഗിൽ 11 ഫോറുകളും ഒരു സിക്സും നേടി.
മാനവിന് അരങ്ങേറ്റം
ഈ മത്സരത്തിലൂടെ രാജസ്ഥാൻകാരനായ സ്പിൻ ആൾറൗണ്ടർ മാനവ് സുതർ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചു.23കാരനായ മാനവ് ഇടംകയ്യൻ ബാറ്ററും ഇടംകൈയൻ സ്പിന്നറുമാണ്. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 29 മത്സരങ്ങളിൽ നിന്ന് 129 വിക്കറ്റ് നേടിയാണ് ഇന്ത്യൻ ടീമിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |