SignIn
Kerala Kaumudi Online
Sunday, 07 June 2026 3.07 AM IST

നായക ശ്രേയസ്

shreyas

മുംബയ് : രണ്ടര വർഷത്തോളം ഇന്ത്യൻ ട്വന്റി -20 ക്രിക്കറ്റ് ടീമിൽപോലും ഇടമില്ലായിരുന്ന ശ്രേയസ് അയ്യർ ഇനി ഈ ഫോർമാറ്റിൽ ഇന്ത്യയെ നയിക്കും. ട്വന്റി-20 ലോകകപ്പ് നേടിത്തന്ന സൂര്യകുമാർ യാദവിനെ ക്യാപ്ടൻസിയിൽ നിന്ന് മാത്രമല്ല ടീമിൽ നിന്നുതന്നെ മാറ്റിയിട്ടുണ്ട്. ബാറ്റിംഗിൽ തുടർച്ചയായി ഫോം കണ്ടെത്താൻ കഴിയാത്തതാണ് കാരണം.

ട്വന്റി-20 ഫോർമാറ്റിൽ ദേശീയ ടീമിനുവേണ്ടി കളിക്കാനിറങ്ങിയിട്ട് ഏറെനാളായെങ്കിലും നായകനെന്ന നിലയിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ ഐ.പി.എൽ ജേതാക്കളാക്കിയതും ഡൽഹിയേയും പഞ്ചാബിനെയും ഫൈനലിലെത്തിച്ചതുമാണ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ ശ്രേയസിന് മുതൽക്കൂട്ടായത്.

2023 ഡിസംബറിലാണ് ശ്രേയസ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി-20 കളിച്ചത്. വർഷമാദ്യം ന്യൂസിലാൻഡിന് എതിരായ പരമ്പരയിൽ പകരക്കാരനായി ടീമിലെടുത്തിരുന്നെങ്കിലും കളിക്കാൻ അവസരം നൽകിയിരുന്നില്ല.

ഇന്ത്യയ്ക്ക് വേണ്ടി കളിച്ച 51 ട്വന്റി-20കളിൽ 1104 റൺസ് ശ്രേയസ് നേടിയിട്ടുണ്ട്.

ഈ മാസം അയർലാൻഡിനെതിരെ നടക്കുന്ന രണ്ട് ട്വന്റി-20കൾ , അടുത്തമാസം ഇംഗ്ളണ്ടിനെതിരെ നടക്കുന്ന അഞ്ച് ട്വന്റി-20കൾ,സെപ്തംബറിൽ അയ്ച്ചി നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് എന്നിവയ്ക്കുള്ള ടീമിൽ വൈഭവ് സൂര്യവംശിയെത്തിയതിനാെപ്പം മറ്റ് ചില മാറ്റങ്ങളുമുണ്ട്. നിതീഷ് കുമാർ റെഡ്ഡി,രവി ബിഷ്ണോയ്, പ്രിൻസ് യാദവ് എന്നിവർ ടീമിലെത്തിയപ്പോൾ റിങ്കു സിംഗും കുൽദീപ് യാദവും ഒഴിവാക്കപ്പെട്ടു. ജസ്പ്രീത് ബുംറയ്ക്ക് ഐറിഷ്, ഇംഗ്ളണ്ട് പര്യടനങ്ങളിലും ഹാർദിക് പാണ്ഡ്യയ്ക്ക് ഈ പര്യടനങ്ങളിലും ഏഷ്യൻ ഗെയിംസിലും വിശ്രമം അനുവദിച്ചു. സഞ്ജു സാംസണും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർമാരായുണ്ട്.

ഇന്ത്യൻ ടീം : ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ,സഞ്ജു സാംസൺ,ഇഷാൻ കിഷൻ,ശിവം ദുബെ,തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി,അക്ഷർ പട്ടേൽ,വാഷിംഗ്ടൺ സുന്ദർ,വരുൺ ചക്രവർത്തി, വൈഭവ് സൂര്യവംശി,രവി ബിഷ്ണോയ്,സിറാജ്,ഹർഷിത് റാണ,അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.( അയർലാൻഡിനും ഇംഗ്ളണ്ടിനും എതിരായ ടീം. ഏഷ്യൻ ഗെയിംസിൽ സിറാജിന് പകരം ബുംറയെത്തും.)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SHREYAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360