SignIn
Kerala Kaumudi Online
Sunday, 07 June 2026 3.07 AM IST

നോർവേയിൽ ഇന്ത്യൻ സൂര്യൻ

praggnanda

നോർവേ ചെസ് ടൂർണമെന്റിൽ പ്രഗ്നാനന്ദയ്ക്ക് കിരീടം

ഓസ്‌ലോ (നോർവെ): നോർവേ ചെസ് ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ആർ. പ്രഗ്നാനന്ദ. ഓസ്‌ലോയിൽ നടന്ന ടൂർണമെന്റിന്റെ അവസാന റൗണ്ടിൽ ജർമനിയുടെ വിൻസെന്റ് കീമറെ പരാജയപ്പെടുത്തി 18 പോയിന്റുകൾ നേടിയായാണ് 20കാരനായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ചരിത്ര നേട്ടത്തിലെത്തിയത്. നോർവേയിൽ വെന്നിക്കൊടി പാറിക്കാൻ ലോക ചാമ്പ്യന്മാരായ ഇന്ത്യൻ താരങ്ങളായ വിശ്വനാഥൻ ആനന്ദിനോ ഡി.ഗുകേഷിനോ കഴിഞ്ഞിട്ടില്ലെന്നത് ഈ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു.

അഞ്ചുതവണ ലോകചാമ്പ്യനായ നോർവേയുടെ ഇതിഹാസതാരം മാഗ്നസ് കാൾസനെ അദ്ദേഹത്തിന്റെ തട്ടകത്തിൽ നടന്ന ടൂർണമെന്റിൽ രണ്ടുതവണ തോൽപ്പിച്ചാണ് പ്രഗ്ഗിന്റെ കിരീടനേട്ടം. ഇന്ത്യൻ താരങ്ങളിൽ മുമ്പ് ആനന്ദ് മാത്രമാണ് കാൾസനെ ഒരു ടൂർണമെന്റിൽ രണ്ട് തവണ കീഴടക്കിയിട്ടുള്ളത്. ഈവർഷം ക്ലാസിക്കൽ ഗെയിമുകളിൽ കാൾസനെ രണ്ട് തവണ തോൽപ്പിക്കുന്ന ആദ്യ താരം കൂടിയാണ് പ്രഗ്‌നാനന്ദ. കാൾസനെയും ഗുകേഷിനെയും തോൽപ്പിച്ച് തുടങ്ങിയ പ്രഗ്ഗിന് ടൂർണമെന്റ് പാതിവഴി പിന്നിട്ടപ്പോൾ ചില തിരിച്ചടികൾ നേരിട്ടെങ്കിലും കാൾസനെയുൾപ്പടെ റൗണ്ട് റോബിൻ ലീഗിലെ രണ്ടാം മത്സരത്തിൽ തോൽപ്പിച്ച് കിരീടത്തിലേക്ക് ഉയരുകയായിരുന്നു.

നോർവേ ചെസ്

ഗുകേഷ്, കാൾസൺ, അലിറെസ ഫിറൂജ, വെസ്‌ലി സോ തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച ആറ് ഗ്രാൻഡ്മാസ്റ്റർമാർ അണിനിരന്ന കടുപ്പമേറിയ ടൂർണമെന്റ്.

ഒമ്പതാം റൗണ്ടിൽ ഗുകേഷിനെ തോൽപ്പിച്ച് പ്രഗ്‌നാനന്ദ കിരീടത്തിന് തൊട്ടടുത്തെത്തി . അവസാന റൗണ്ടിൽ വെസ്‌ലി സോയും അലിറേസയും കിരീടത്തിനായി മത്സരരംഗത്തുണ്ടായിരുന്നെങ്കിലും കീമറെ തോൽപ്പിച്ചതോടെ പ്രഗ്‌നാനന്ദ കിരീടം ഉറപ്പിച്ചു.

17 പോയിന്റ് നേടിയ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ വെസ്‌ലി സോ രണ്ടാം സ്ഥാനത്തെത്തി. അലിറേസ (15.5 പോയിന്റ്) മൂന്നാം സ്ഥാനവും, മാഗ്‌നസ് കാൾസൺ (13 പോയിന്റ്) അഞ്ചാം സ്ഥാനവും നേടി. ഗുകേഷ് ആറാമതായി.

70.5 ലക്ഷം രൂപയാണ് പ്രഗ്നാനന്ദയ്ക്ക് സമ്മാനമായി ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, PRAGGNANDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360