SignIn
Kerala Kaumudi Online
Monday, 15 June 2026 12.58 AM IST

തുർക്കിയെ സഞ്ചിയിൽ തൂക്കി കംഗാരുക്കൾ

world-cup

2-0ത്തിന് തുർക്കിയെ അട്ടിമറിച്ച് ഓസ്ട്രേലിയ

വാൻകൂവർ : ലോകകപ്പ് ഫുട്ബാളിൽ ഇന്നലെ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തുർക്കിയെ അട്ടിമറിച്ച് ഓസ്ട്രേലിയ. ആദ്യ പകുതിയിൽ നെസ്റ്റോറി ഇരാൻകുന്ദയും രണ്ടാം പകുതിയിൽ കൊനോർ മെറ്റ്കാഫും നേടിയ ഗോളുകൾക്കായിരുന്നു ഓസീസ് ജയം. പരിചയസമ്പന്നനായ മാറ്റ് റയാന് പകരം കോച്ച് അവസരം നൽകിയ 22കാരൻ ഗോളി പാട്രിക്ക് ബീച്ചിന്റെ എണ്ണം പറഞ്ഞ സേവുകളാണ് ഓസീസ് വിജയത്തിൽ നിർണായകമായത്.

27-ാം മിനിട്ടിൽ പോൾ എൻഗിൾസ്റ്റർ തുർക്കി പ്രതിരോധത്തെ തൂത്തെറിഞ്ഞ് മുന്നേറി നൽകിയ പന്തുമായി ഇടതുവിംഗിലൂടെയെത്തിയാണ് ഇരാൻകുന്ദ ഓസീസിനായി ആദ്യ ഗോൾ നേടിയത്. ഒരടി കിട്ടിയതോടെ ഉണർന്ന തുർക്കിക്കുവേണ്ടി കലാനോഗ്ളൂവും ആർദ ഗുലേറുമൊക്കെ ആക്രമണങ്ങൾ സംഘടിപ്പിച്ചെങ്കിലും മറ്റേഅറ്റത്ത് കോട്ടപോലെ പാട്രിക് നെഞ്ചുറപ്പിച്ച് നിന്നു. രണ്ടാം പകുതിയിൽ അബ്ദുൽ കരിം ബർദാക്ചിയുടെ ഒരുഗ്രൻ ഷോട്ട് വിരലുകൊണ്ട് കുത്തിയുയർത്തിവിട്ട പാട്രിക്കിന്റെ മികവ് വേറിട്ടുനിന്നു.75-ാം മിനിട്ടിൽ 25വാര അകലെനിന്നുള്ള ഒരുഗ്രൗണ്ട് ഷോട്ടിലൂടെയാണ് മെറ്റ്കാൽഫ് രണ്ടാം ഗോൾ നേടിയത്.

2006ന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയ തങ്ങളുടെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ വിജയം കാണുന്നത്.

അഭയാർത്ഥി ക്യാമ്പിൽ

നിന്ന് ഇരാൻകുന്ദ

ഇന്നലെ തുർക്കിക്കെതിരായ ഓസീസിന്റെ ആദ്യഗോളിലൂടെ ശ്രദ്ധേയനായ നെസ്റ്റോറി ഇരാൻകുന്ദ തന്റെ ബാല്യകാലം ചെലവിട്ടത് ആഫ്രിക്കൻ രാജ്യമായ താൻസാനിയിലെ ഒരു അഭയാർത്ഥി ക്യാമ്പിലാണ്. മറ്റൊരു ആഫ്രിക്കൻ രാജ്യമായ ബുറുൻഡിയിലെ ആഭ്യന്തരകലാപത്തിൽ നിന്ന് രക്ഷപെട്ടോടിയവരാണ് ഇരാൻകുന്ദയുടെ മാതാപിതാക്കൾ. ഒരു ഫുട്ബാൾ സ്റ്റേഡിയത്തിനടുത്തായിരുന്നു അഭയാർത്ഥി ക്യാമ്പ്. അവിടെ ദൂരെനിന്ന് കളികണ്ടുതുടങ്ങിയ പയ്യൻ പിന്നെ പന്തുതട്ടിത്തുടങ്ങി. ഒടുവിൽ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡിലേക്ക് കുടിയേറുമ്പോൾ അതുവരെ പഠിച്ച ഫുട്ബാളായിരുന്നു കൈമുതൽ. ഓസീസിലെത്തിയപ്പോൾ പ്രാദേശിക ക്ളബുകളിൽ കളിക്കാൻ അവസരം ലഭിച്ചു. പടിപടിയായി ഉയർന്ന് ചെറുപ്രായത്തിലേ ഓസീസ് ദേശീയ ടീമിലേക്ക് എത്തി. ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിന്റെ ജൂനിയർ ടീമിലൂടെ ഇപ്പോൾ ഇംഗ്ളീഷ് ക്ളബ് വാറ്റ്ഫോഡിലെത്തിനിൽക്കുന്നു ഈ 20കാരൻ. 2024ലാണ് ഓസീസ് ദേശീയ ടീമിൽ അരങ്ങേറിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360