
അവസാന നിമിഷം സമനില പിടിച്ച് ഖത്തർ
ഖത്തർ 1- സ്വിറ്റ്സർലാൻഡ് 1
സാൻഫ്രാൻസിസ്കോ : തുടക്കത്തിൽ ഒരു പെനാൽറ്റിയിൽ നിന്ന് ഗോൾ വഴങ്ങിയതോടെ കൈവിട്ടുപോയെന്ന് കരുതിയ കളി അവസാന നിമിഷത്തിലെ സെൽഫ് ഗോളിലൂടെ സമനിലയിലാക്കി ഖത്തർ. മലയാളിതാരം തഹ്സിനെ കളിപ്പിക്കുമെന്ന് കരുതി കാത്തിരുന്ന മലയാളികൾ നിരാശരായെങ്കിലും കഴിഞ്ഞരാത്രി സ്വിറ്റ്സർലാൻഡും ഖത്തറും തമ്മിലുള്ള ഗ്രൂപ്പ് ബി മത്സരം തീപാറുന്നതായിരുന്നു.
17-ാം മിനിട്ടിൽ ബ്രീൽ എംബോളോ പെനാൽറ്റിയിലൂടെയാണ് സ്വിറ്റ്സർലാൻഡിനെ മുന്നിലെത്തിച്ചത്. ഖത്തർ ഗോളി മഹമൂദ് അബുനാദയും സ്വിസ് സ്ട്രൈക്കർ ഫ്രീലറും കൂട്ടിയിടിച്ചതിനെത്തുടർന്ന് വാർ പരിശോധിച്ചാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത എംബോളോ പിഴവുകളില്ലാതെ വല കുലുക്കി.
തുടർന്നും നിരവധി ആക്രമണങ്ങൾ സ്വിറ്റ്സർലാൻഡിന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാൽ ലക്ഷ്യത്തിലെത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല. മറുവശത്ത് ഖത്തറിന്റെ ആക്രമണങ്ങളും ഉന്നംതെറ്റിപ്പോയിരുന്നു. സ്വിസ് വിജയത്തിലവസാനിക്കുമെന്ന് കരുതി ഇൻജുറി ടൈമിലേക്ക് കടന്നപ്പോഴാണ് അപ്രതീക്ഷിതമായി സമനില ഗോൾ വീണത്. ഇടതുവിംഗിൽ നിന്ന് ഉയർന്നുവന്ന ക്രോസിന് ഖത്തറിന്റെ ബുവാലെം ഖൗക്കി ഉയർന്നുചാടി തലവച്ചത് ഒപ്പം ചാടി തടുക്കാൻ നോക്കിയ സ്വിസ് താരം മിറോ മുഹെയ്മിന്റെ തലയിൽ തട്ടി വലയിൽ കയറുകയായിരുന്നു.
വെള്ളിയാഴ്ച ബോസ്നിയയ്ക്ക് എതിരെയാണ് സ്വിറ്റ്സർലാൻഡിന്റെ അടുത്ത മത്സരം. ഖത്തർ അന്ന് കാനഡയെ നേരിടും.
പെനാൽറ്റി വിവാദത്തിൽ
ഖത്തറിനെതിരായ മത്സരത്തിൽ സ്വിറ്റ്സർലാൻഡിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത് വിവാദമായി. വീഡിയോ അസിസ്റ്റ് റഫറി (വാർ) ചെക്ക് ചെയ്തപ്പോൾ ഓഫ്സൈഡ് പരിശോധന നടത്തിയില്ലെന്നാണ് ആക്ഷേപം. എന്നാൽ ഓഫ്സൈഡ് ഗ്രാഫിക്സ് കാട്ടാതിരുന്നത് സാങ്കേതിക തകരാറ് മാത്രമായിരുന്നെന്നും അത് പരിഹരിച്ചുവെന്നും ഫിഫ പിന്നീട് അറിയിച്ചു.
1
ഈ ലോകകപ്പിലെ ആദ്യ പെനാൽറ്റിയും ആദ്യ സെൽഫ് ഗോളും പിറന്നത് ഖത്തറും സ്വിറ്റ്സർലാൻഡും തമ്മിലുള്ള മത്സരത്തിൽ.
ലോകകപ്പിലെ തങ്ങളുടെ ആദ്യ പോയിന്റ് ഖത്തർ ഈ സമനിലയിലൂടെ സ്വന്തമാക്കി. കഴിഞ്ഞ ലോകകപ്പിൽ ഖത്തർ മൂന്ന് കളികളും തോൽക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |