
അറ്റ്‌ലാന്റ : കഴിഞ്ഞരാത്രി സ്പെയ്നും കേപ് വെർദേയും തമ്മിലുള്ള മത്സരം കഴിഞ്ഞപ്പോൾ ഫുട്ബാൾ ലോകം ചർച്ച ചെയ്തത് വൊസീഞ്ഞയെന്ന 40കാരനായ ഗോൾ കീപ്പറെക്കുറിച്ചാണ്. ഘടാഘടികന്മാരായ സ്പാനിഷ് താരങ്ങളെ ഒന്നരമണിക്കൂറോളം ഗോളടിക്കാൻ അനുവദിക്കാതെ വട്ടംകറക്കിയ കേപ്പ് വെർദേയുടെ ഗോൾ കീപ്പർ. എണ്ണം പറഞ്ഞ ഏഴ് കിടിലൻ സേവുകളാണ് വൊസീഞ്ഞ തന്റെ ലോകകപ്പ് അരങ്ങേറ്റത്തിൽ നടത്തിയത്. ആദ്യ പകുതിയിലായിരുന്നു വൊസീഞ്ഞയുടെ മാസ്മരികപ്രകടനം.രണ്ടാം പകുതിയിൽ കേപ്പിന്റെ മറ്റ്പത്തുപേരും കൂടി സ്വന്തം ബോക്സിനുള്ളിൽ കണ്ടെയ്നർ പാർക്ക് ചെയ്തതുപോലെ നിന്ന് പ്രതിരോധിച്ചപ്പോഴാണ് ഏത് വഴിയേ കയറി ഗോളടിക്കണമെന്ന് ലാമിൻ യമാലിന് പോലും തിട്ടമില്ലാതെ പോയത്.
മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ലഭിച്ചത് വൊസീഞ്ഞയ്ക്കാണ്. പോർച്ചുഗീസ് രണ്ടാം ഡിവിഷൻ ക്ളബായ ഷാവേസിന്റെ ഗോളിയായ വൊസീഞ്ഞയെന്ന യോസിമാർ ഹൊസെ എവോറ ഡയസ് പുരസ്കാരം ഏറ്റുവാങ്ങിയത് നിറകണ്ണുകളോടെയായിരുന്നു. രണ്ട് കാര്യങ്ങളാണ് വൊസീഞ്ഞയെ കരയിപ്പിച്ചത്.
ഒന്ന്, തന്റെ അമേരിക്കൻ വിസയ്ക്കുള്ള പണം സമയത്ത് ശരിയാകാത്തതിനാൽ തന്റെ അമ്മയ്ക്ക് ഈ കളി നേരിട്ടുകാണാൻ ഗാലറിയിലെത്താനായില്ല. രണ്ട്, തന്നെ വളർത്തിയ അപ്പൂപ്പനും അമ്മൂമ്മയും താൻ ലോകകപ്പിൽ അരങ്ങേറുന്നത് കാണാൻ നിൽക്കാതെ ഈ ലോകത്തുനിന്ന് വിടവാങ്ങിയത്.
മത്സരം കഴിഞ്ഞ് ഗോൾപോസ്റ്റിന് മുന്നിൽ വികാരാധീനനായി വീണുകിടക്കുകയായിരുന്നു വൊസീഞ്ഞ. ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്പെയ്നിനെ സമനിലയിൽ തളയ്ക്കാനായി എന്നതിനപ്പുറം ഒരു ഗോളുപോലും താൻ വഴങ്ങിയില്ലെന്ന് വിശ്വസിക്കാൻ ഒരുപാടുനേരമെടുത്തെന്ന് വൊസീഞ്ഞ പറയുന്നു. 27 തവണയാണ് സ്പെയ്ൻകാർ കേപ്പിന്റെ ബോക്സിനുള്ളിൽ ആക്രമണം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |