റാഞ്ചി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യയുടെ ബൗളിംഗ് തീരുമാനങ്ങളെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ നായകനും ബാറ്റിംഗ് ഇതിഹാസവുമായ സുനിൽ ഗവാസ്‌കർ. 17-ാം ഓവറിൽ സ്പിന്നർ കുൽദീപ് യാദവിന് പകരം പേസർമാരായ മായങ്ക് യാദവിനെയോ അർഷ്ദീപ് സിംഗിനെയോ പന്തേൽപ്പിക്കണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജിയോസ്റ്റാറിനോട് സംസാരിക്കവേയാണ് ഗവാസ്‌കർ ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ വിമർശിച്ചത്.
വെള്ളിയാഴ്ച റാഞ്ചിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം വെസ്റ്റിൻഡീസ് 18.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ അനായാസം മറികടന്നിരുന്നു. ഇതോടെ അഞ്ചുമത്സര പരമ്പര 1-1ന് തുല്യതയിലായി. മത്സരത്തിൽ കുൽദീപ് എറിഞ്ഞ 17-ാം ഓവറാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. മൂന്നു സിക്സറുകളും ഒരു ബൗണ്ടറിയും അടക്കം 24 റൺസാണ് ഒരു ഓവറിൽ വഴങ്ങിയത്. ഒരു വൈഡും എറിഞ്ഞു. ഇതോടെ മത്സരത്തിന്റെ നിയന്ത്രണം വെസ്റ്റിൻഡീസ് ബാറ്റർമാരുടെ കൈകളിൽ ഭന്ദ്രമായി. അർഷ്ദീപിനെയോ മായങ്കിനെയോ ആ ഓവറിൽ പരീക്ഷിക്കാമായിരുന്നുവെന്നാണ് ഗവാസ്‌കർ പറഞ്ഞത്. അതേസമയം അവസാന ഓവറിൽ അർഷ്ദീപ് റൺസ് വഴങ്ങേണ്ടിവന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെസ്റ്റിൻഡീസ് മുൻനിരയെ തകർത്ത മായങ്ക് യാദവ് മൂന്നു വിക്കറ്റുകൾ നേടിയിരുന്നു. കമിൽ പൂരൻ, ഷിംറോൺ ഹെറ്റ്‌മെയർ, റോവ്മാൻ പവൽ എന്നിവരെയാണ് മായങ്ക് പുറത്താക്കിയത്. ആറാം ഓവറിൽ വെസ്റ്റിൻഡീസ് 58ന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ പതറുകയും ചെയ്തു. ഓവറിൽ ശരാശരി 12 റൺസോളം വഴങ്ങിയെങ്കിലും വിക്കറ്റെടുക്കാനുള്ള മായങ്കിന്റെ കഴിവ് നിർണായക ഘട്ടത്തിൽ ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താമായിരുന്നുവെന്നാണ് ഗവാസ്‌കറുടെ വിലയിരുത്തൽ. ഒരു വിക്കറ്റ് കൂടി വീണിരുന്നെങ്കിൽ പുതിയ ബാറ്റർ ക്രീസിലെത്തേണ്ടിവരുമായിരുന്നുവെന്നും സമ്മർദത്തിലായിരുന്ന വെസ്റ്റിൻഡീസിന്റെ താളം തെറ്റിക്കാൻ അതു സഹായിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പതാം ഓവറിൽ ശിവം ദുബെയെ പന്തേൽപ്പിച്ചതിനെയും ഗവാസ്‌കർ ചോദ്യം ചെയ്തു. ബാറ്റർമാർ ക്രീസിൽ നിലയുറപ്പിക്കുന്നതിനു മുമ്പ് കുൽദീപിനെ പന്തേൽപ്പിക്കാമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 18-ാം ഓവറിൽ പന്തെറിഞ്ഞ അർഷ്ദീപിനെ വെസ്റ്റിൻഡീസ് നായകൻ ഷായ് ഹോപ്പും റൊമാരിയോ ഷെപ്പേർഡും ചേർന്ന് ആക്രമിച്ചു. 17 റൺസാണ് ആ ഓവറിൽ പിറന്നത്. പിന്നാലെ അക്സർ പട്ടേലിന്റെ 19-ാം ഓവറിൽ രണ്ടു സിക്സറുകൾ കൂടി നേടിയ വെസ്റ്റിൻഡീസ് വിജയത്തിലേക്ക് കുതിക്കുകയായിരുന്നു,.
Former India captain Sunil Gavaskar criticised India’s bowling tactics after the West Indies chased down a target of 251 in the second T20I in Ranchi to level the series 1-1. He questioned the decision to give Kuldeep Yadav the crucial 17th over, suggesting that pacers Mayank Yadav or Arshdeep Singh could have been better options.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |