SignIn
Kerala Kaumudi Online
Saturday, 10 October 2026 2.46 AM IST

സഞ്ജു മിന്നിയിട്ടും വിൻഡീസ് റാഞ്ചി, രണ്ടാം ട്വന്റി-20യിൽ ആറ് വിക്കറ്റിന് തോറ്റ് ഇന്ത്യ

cricket

റാഞ്ചി: വിമർശകരുടെ വായടപ്പിച്ച അർദ്ധസെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ തിളങ്ങിയിട്ടും വിൻഡീസിന് എതിരായ രണ്ടാം ട്വന്റി-20യിൽ ആറ് വിക്കറ്റിന് തോറ്റ് ഇന്ത്യ. 41 പന്തുകളിൽ നിന്ന് 82 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിന്റെ മികവിൽ ഇന്ത്യ ഉയർത്തിയ 249/5 എന്ന സ്കോർ 18.3 ഓവറിലാണ് വിൻഡീസ് മറികടന്നത്. 45 പന്തുകളിൽ 102 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്ടൻ ഷായ് ഹോപ്പ്, 37 പന്തുകളിൽ 84 റൺസ് നേടിയ ഷെർഫാനേ റൂതർഫോഡ്,13 പന്തുകളിൽ 34 റൺസ് നേടിയ റൊമാരിയോ ഷെപ്പേഡ്, 13 പന്തിൽ 24 റൺസ് നേടിയ റോവ്മാൻ പവൽ എന്നിവർ ചേർന്നാണ് വിൻഡീസിന് അവിസ്മരണീയ ജയമൊരുക്കിയത്. ഇതോടെ അഞ്ചുമത്സര പരമ്പര 1-1ന് തുല്യതയിലായി. മൂന്നാം മത്സരം ഞായറാഴ്ച ഇൻഡോറിൽ നടക്കും.

കഴിഞ്ഞ നാല് ഇന്നിംഗ്സുകളിൽ 9,7,2,11​ ​എ​ന്നി​ങ്ങ​നെ പുറത്താകേണ്ടിവന്നതിന്റെ സമ്മർദ്ദം ആവിയാക്കി കളഞ്ഞ റാഞ്ചിയിലെ സഞ്ജുവിന്റെ ഇന്നിംഗ്സിന് ഒൻപത് ഫോറുകളും നാലുസിക്സുകളും അകമ്പടിയായി. തിലക് വർമ്മ (18 പന്തുകളിൽ പുറത്താകാതെ 44 റൺസ്), ഇഷാൻ കിഷൻ (22 പന്തുകളിൽ 43 റൺസ്),ശ്രേയസ് അയ്യർ (18പന്തുകളിൽ 40റൺസ്), അഭിഷേക് ശർമ്മ (20) എന്നിവരുടെ ഇന്നിംഗ്സുകളും ഇന്ത്യയെ കൂറ്റൻ സ്കോറിലെത്താൻ തുണച്ചു.

സഞ്ജുവും അഭിഷേകും ഓപ്പണിംഗിനിറങ്ങി ആദ്യ നാലോവറിൽ കൂട്ടിച്ചേർത്തത് 42 റൺസാണ്. അഭിഷേകിന് പകരമെത്തിയ ഇഷാൻ കിഷനെ കൂട്ടുനിറുത്തി സഞ്ജു കത്തിക്കയറുകയായിരുന്നു. നേരിട്ട 21-ാമത്തെ പന്തിൽ സഞ്ജു അർദ്ധസെഞ്ച്വറിയിലെത്തി. 12-ാം ഓവറിന്റെ ആദ്യ പന്തിൽ ടീം സ്കോർ 139ൽ നിൽക്കുമ്പോഴാണ് ഇഷാൻ പുറത്തായത്. തുടർന്നിറങ്ങിയ ശിവം ദുബെ (7) 14-ാം ഓവറിൽ പുറത്തായി. സഞ്ജു അടുത്ത ഓവറിലാണ് മടങ്ങിയത്. തുടർന്ന് ശ്രേയസ്- തിലക് സഖ്യം 32 പന്തുകളിൽ അടിച്ചുകൂട്ടിയ 83 റൺസ് ഇന്ത്യയെ 245ലെത്തിച്ചു.

9

സഞ്ജുവിന്റെ ട്വന്റി-20യിലെ ഒൻപതാമത്തെ അർദ്ധസെഞ്ച്വറിയാണിത്. മൂന്ന് സെഞ്ച്വറികളും അന്താരാഷ്ട്ര ട്വന്റി-20യിൽ സഞ്ജു നേടിയിട്ടുണ്ട്.

41

പന്തുകളിൽ ഒൻപത് ഫോറുകളും നാലുസിക്സുകളും സഞ്ജു പറത്തി.

13

സിക്സുകളാണ് മത്സരത്തിൽ ആകെ ഇന്ത്യൻ താരങ്ങൾ പറത്തിയത്. കൂടുതൽ സിക്സുകൾ പറത്തിയത് സഞ്ജു.

87

റൺസാണ് അവസാന 33 പന്തുകളിൽ നിന്ന് ഇന്ത്യ വാരിക്കൂട്ടിയത്.

249/5

ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയുടെ എട്ടാമത്തെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET, SANJUSAMSON, SPORTS, LATESTNEWS, INDVSWI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360