
കൊച്ചി: പുതിയ ഉടമകൾ, പുത്തൻ തന്ത്രങ്ങൾ. മുഖം മിനുക്കിയെത്തുന്ന മഞ്ഞപ്പടയ്ക്ക് കിരീടമല്ലാതെ മറ്റൊന്നുമില്ല ഐ.എസ്.എല്ലിന്റെ പുതിയ സീസണിൽ ലക്ഷ്യം.
ഒരുപിടി പ്രമുഖ താരങ്ങൾ കൂടുവിട്ടെങ്കിലും പുതുതായി ചേക്കേറിയ കരുത്തന്മാരുടെ പിൻബലത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിലെ ആദ്യ മത്സരത്തിന് ഇന്ന് ഇറങ്ങുന്നത്. ഇന്റർകാശിയാണ് എതിരാളികൾ. വൈകിട്ട് അഞ്ചിന് അവരുടെ തട്ടകമായ ഉത്തർപ്രദേശിലെ ഏക്ന ഇന്റർനാഷണൽ ഫുട്ബാൾ സ്റ്റേഡിയത്തിലാണ് മത്സരം. പുതിയ സീസണിലേക്കുള്ള 28അംഗ ബ്ലാസ്റ്റേഴ്സ് ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു.
പരിചയസമ്പന്നരായ താരങ്ങളും വിശ്വസ്ത മുഖങ്ങളും പുതിയ സൈനിംഗുകളും ഒത്തുചേരുന്ന സന്തുലിതമായ ടീമാണ് ഇത്തവണത്തേത്. ശക്തമായ ഇന്ത്യൻ യുവനിരയ്‌ക്കൊപ്പം മികച്ച വിദേശ താരങ്ങളും അണിനിരക്കുന്നു. എല്ലാ പൊസിഷനുകളിലും മികച്ച പകരക്കാരെ ഉറപ്പാക്കാനും ടീമിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ കാഴ്ചവെച്ച മികച്ച പ്രകടനത്തിന്റെ തുടർച്ച ലക്ഷ്യമിട്ടാണ് വെസ്റ്റ്‌വുഡും സംഘവും ആദ്യ മത്സരത്തിന് ബൂട്ടുകെട്ടുന്നത്.
മിഡ്ഫീൽഡിൽ കളി മെനയുന്ന നായകൻ അഡ്രിയാൻ ലൂണ തന്നെയാണ് പ്രധാന കരുത്ത്. മുന്നേറ്റനിരയിൽ വേഗതയും പ്രഹരശേഷിയുമായി ആന്ദ്രെ ഗ്രീനും, ശാരീരികക്ഷമതയും ഗോൾ സ്‌കോറിംഗ് മികവുമുള്ള മോമോ യാൻസാനെയും, ഇന്ത്യൻ യുവതാരം മുഹമ്മദ് സനാനും അണിനിരക്കുന്നു. ഇവർക്കൊപ്പം ജെയിംസ് ബോൾട്ടൺ, നെബോജ്ഷ കൊസോവോച്ച് എന്നിവരുടെ സാന്നിദ്ധ്യവും ടീമിന് മുതൽക്കൂട്ടാകും.
പ്രതിരോധക്കോട്ട കാക്കാൻ അനുഭവസമ്പന്നനായ ഗോൾകീപ്പർ അമരീന്ദർ സിംഗിനൊപ്പം ഹോർമിപാം റുയിവ, ബികാഷ് യുമനം, അമേയ് റണവാഡെ, ഫാലോ എൻഡിയായെ എന്നിവരും, മദ്ധ്യനിരയിൽ ഊർജ്ജം പകരാൻ വിബിൻ മോഹനൻ, സാഹിൽ തവോറ എന്നിവരും ബ്ലാസ്റ്റേഴ്‌സിനായി അണിനിരക്കും. ആഴ്ചകൾക്കു മുമ്പാണ് ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ കമ്പനിയായ അൽ ഫുർസാൻ ക്ലബിനെ പൂർണമായും ഏറ്റെടുത്തത്. പുതിയ സീസണിൽ വമ്പൻ തയ്യാറെടുപ്പുകളോടെയാണ് ഇന്റർകാശിയും കളത്തിലിറങ്ങുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് ടീം
ഗോൾകീപ്പർമാർ: അമരീന്ദർ സിംഗ്, അർഷ് അൻവർ ഷെയ്ഖ്, അൽ സാബിത്ത്
പ്രതിരോധ നിര: സന്ദീപ് സിംഗ്, ഹോർമിപാം റുയിവ, ജെയിംസ് ബോൾട്ടൺ, ജഗന്നാഥ് ജയൻ, ഐബൻ ഡോഹ്ലിംഗ്, ബികാഷ് യുമനം, ഫലോ എൻഡിയായെ, നവോച്ച സിംഗ് ഹുയിഡ്രോം, അമേയ് റണവാഡെ, സുമിത് ശർമ്മ
മദ്ധ്യനിര: ഫ്രെഡി ലല്ലാവ്മൗമ, വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ, സാഹിൽ തവോറ, പോൾ റാംഫാങ്‌സൗവ, നെബോജ്ഷ കെസോവിച്ച്, ജോയൽ ലാൽറമെഗ്മാവിയ, എബിൻദാസ് യേശുദാസൻ
മുന്നേറ്റ നിര: കൊറൗ സിംഗ്, ആന്ദ്രെ ജെയ് ഗ്രീൻ, മുഹമ്മദ് സനാൻ, മുഹമ്മദ് യാസിർ, ശ്രീകുട്ടൻ എം.എസ്, റാംലുൻഛുങ്ങ, മേമോ യാൻസാനെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |