SignIn
Kerala Kaumudi Online
Sunday, 11 October 2026 4.37 AM IST

എസ്.എൽ.കെ: കാലിക്കറ്റിന് മൂന്നാം ജയം

തൃശൂർ: സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ കാലിക്കറ്റ് എഫ്.സി 2-1ന് തൃശൂർ മാജിക് എഫ്.സിയെ പരാജയപ്പെടുത്തി. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ (90+1)​ തൃശൂർ താരം അബ്ദുൾ സമദിന്റെ പിഴവിൽ പിറന്ന സെൽഫ് ഗോളാണ് കാലിക്കറ്റിന് തുടർച്ചയായ മൂന്നാം ജയം സമ്മാനിച്ചത്. തൃശൂരിന്റെ തുടർച്ചയായ മൂന്നാം തോൽവിയും. മത്സരത്തിന്റെ 48-ാം സെക്കന്റിൽ എമിൽ ബെന്നിയിലൂടെ കാലിക്കറ്റ് ലീഡെടുത്തു. സൂപ്പർ ലീഗ് കേരളയിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്. സിലജിത്ത് സാൻട്രയാണ് 61-ാം മിനിറ്റിൽ തൃശൂരിനായി ലക്ഷ്യം കണ്ടത്.

70ാം മിനിറ്റിൽ കാലിക്കറ്റിന്റെ കാൽവിൻ തോമസ് വലകുലുക്കിയെങ്കിലും ഓഫ് സൈഡായിരുന്നു. ഇഞ്ച്വറി ടൈമിന്റെ തുടക്കത്തിൽ (90+1) ബൊവാസ്സോ ബോക്‌സിനുള്ളിൽ നിന്ന് നൽകിയ പാസ് സ്വീകരിച്ച പകരക്കാരൻ കെ.ആർ.അജിത് ഷോട്ട് ഉതിർത്തു. എന്നാൽ അത് തടയാനുള്ള തൃശൂർ താരം അബ്ദുൾ സമദിന്റെ ശ്രമം ലക്ഷ്യം തെറ്റി സ്വന്തം പോസ്റ്റിലേക്ക് തന്നെ കയറുകയായിരുന്നു.


കൊമ്പന്മാർ ഇന്ന് വീണ്ടും സ്വന്തം തട്ടകത്തിൽ.
തിരുവനന്തപുരം: കഴിഞ്ഞ സീസണിലെ ജേതാക്കളായ തൃശൂർ വാരിയേഴ്സിനെ പരാജയപ്പെടുത്തിയ ആവേശത്തിൽ തിരുവനന്തപുരം കൊമ്പൻസ് ഇന്ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മൂന്നാം മത്സരത്തിനിറങ്ങും. പോയിന്റ് നിലയിൽ കൊമ്പന്മാർക്ക് താഴെയുള്ള മലപ്പുറം എഫ്സിയാണ് എതിരാളികൾ. കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും തോൽവിയുമാണ് കൊമ്പൻമാരുടെ സമ്പാദ്യം. മലപ്പുറം സീസണിലെ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്.

ചെൽസിക്കും ആഴ്‌സനലിനും ജയം

ലണ്ടൻ: ഇന്റർ നാഷണൽ ബ്രേക്കിന് ശേഷമുള്ള ആദ്യമത്സരങ്ങളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ആഴ്സനലിനും സൂപ്പർ ടീം ചെൽസിക്കും ജയം. ആഴ്‌സനൽ 2-1ന് ലീഡ്സിനെ തോൽപ്പിച്ചപ്പോൾ ചെൽസി 5-1ന് ബേൺമൗത്തിനെ കീഴടക്കി.

ബാഴ്‌സ കുതിക്കുന്നു

കാമ്പ് നൂ: സ്‌പാനിഷ് ലാലിഗിയിൽ നിലിവിലെ ചാമ്പ്യൻമാരായ ബാഴ്സലോണ വിജയക്കുതിപ്പ് തുടരുന്നു. ഇന്നലെ ഗെറ്റാഫെയെ 3-0ത്തിന് തീർത്ത് തുടർച്ചയായ 8-ാം മത്സരത്തിലും ജയം നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360