
ആദ്യ സെമിയിൽ ട്രിവാൻഡ്രം റോയൽസിനെ ഒറ്റ വിക്കറ്റിന് തോൽപ്പിച്ച് തൃശൂർ
അവസാന ഓവറിൽ രണ്ട് സിക്സും ഒരു ഫോറും നേടി വിജയമൊരുക്കി ആനന്ദ് ജോസഫ്
തിരുവനന്തപുരം : അവസാന ഓവറിൽ രണ്ട് സിക്സുകളും ഒരു ഫോറും പായിച്ച ആനന്ദ് ജോസഫിന്റെ അവിസ്മരണീയ ബാറ്റിംഗിലൂടെ കെ.സി.എല്ലിൽ ആദ്യമായി ഫൈനലിലേക്ക് കാലെടുത്തുവച്ച് തൃശൂർ ടൈറ്റാൻസ്. ഇന്നലെ നടന്ന ആദ്യ സെമിയിൽ ഒരൊറ്റ പന്ത് ശേഷിക്കേ ഒറ്റ വിക്കറ്റിന് ട്രിവാൻഡ്രം റോയൽസിനെ മറികടന്നാണ് തൃശൂർ കലാശക്കളിക്ക് ടിക്കറ്റെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടിയിരുന്ന വിഷ്ണു വിനോദിനെ മൂന്നാം ഓവറിൽ തന്നെ നഷ്ടമായത് ട്രിവാൻഡ്രത്തിനേറ്റ ആദ്യ പ്രഹരമായി.. ആനന്ദ് ജോസഫിന്റെ പന്തിൽ നിഖിൽ തോട്ടത്ത് എടുത്ത ഉജ്ജ്വലമായൊരു ക്യാച്ചിലൂടെയാണ് വിഷ്ണു വിനോദ് (7) പുറത്തായത്. അടുത്ത ഓവറിൽ കൃഷ്ണപ്രസാദിനെയും (4) ആനന്ദ് ജോസഫ് തന്നെ മടക്കി. 28 റൺസെടുത്ത അഭിഷേക് പി. നായർ ബിജു നാരായണന്റെ പന്തിൽ പുറത്തായി. ഫോമിലുള്ള ഗോവിന്ദ് ദേവ് പൈയെ എം. എസ്. അഖിലും മടക്കിയതോടെ നാല് വിക്കറ്റിന് 72 റൺസെന്ന നിലയിലായിരുന്നു റോയൽസ്. തുടർന്നെത്തിയ അക്ഷയ് മനോഹറുടെ ( 26 പന്തുകളിൽ നാല് ഫോറും മൂന്ന് സിക്സറുമടക്കം 53 റൺസ്) ഇന്നിംഗ്സാണ് റോയൽസിനെ കരകയറ്റിയത്. 20 റൺസെടുത്ത സിജോമോൻ ജോസഫ് ബിജു നാരായണന്റെ പന്തിൽ പുറത്തായെങ്കിലും പകരമെത്തിയ എം. നിഖിൽ( 28നോട്ടൗട്ട്) അക്ഷയ്ക്ക് മികച്ച പിന്തുണയായി. ഇരുവരും ചേർന്ന് 34 പന്തുകളിൽ കൂട്ടിച്ചേർത്ത 70 റൺസാണ് റോയൽസിനെ 163ൽ എത്തിച്ചത്. അവസാന രണ്ട് ഓവറിൽ 38 റൺസ് ഇരുവരും ചേർന്ന് നേടി . ടൈറ്റൻസിനു വേണ്ടി ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടിക്കിറങ്ങിയ ടൈറ്റൻസിന് രണ്ടാം ഓവറിൽ തന്നെ കെ. ആർ. രോഹിതിനെ (16) നഷ്ടമായി. അടുത്ത ഓവറിൽ വിഷ്ണുരാജും(7) പുറത്തായി. തുടർന്നെത്തിയ അഹമ്മദ് ഇമ്രാനും (43) ഷോൺ റോജറും (23) ചേർന്ന് 45 റൺസും അഹമ്മദ് ഇമ്രാനും നിഖിൽ തോട്ടത്തും ചേർന്ന് നാലാം വിക്കറ്റിൽ 43 റൺസും കൂട്ടിച്ചേർത്തു. എന്നാൽ 14-ാം ഓവറിൽ അഹമ്മദ് ഇമ്രാന്റെ മടക്കം കൂട്ടത്തകർച്ചയുടെ തുടക്കമിട്ടു. അഞ്ച് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ നിഖിൽ തോട്ടത്തും (24) പുറത്തായി. ഷാരോൺ സുരേഷ് മൂന്നും മുഹമ്മദ് ഇനാൻ ഒന്നും ബിജു നാരായണൻ പൂജ്യത്തിനും മടങ്ങി. മറുവശത്ത് മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന ക്യാപ്ടൻ എം. എസ്. അഖിൽ 19- ാം ഓവറിലെ അവസാന പന്തിൽ പുറത്തായി. അവസാന ഓവർ തുടങ്ങുമ്പോൾ ഒരു വിക്കറ്റ് ശേഷിക്കെ തൃശൂരിന് ജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസാണ്. രണ്ടാം പന്തിൽ സിംഗിൾ നേടി അബ്ദുൾ റമീസ് ആനന്ദ് ജോസഫിന് സ്ട്രൈക്ക് നൽകി. തുടർന്ന് ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് അവിസ്മരണീയ നിമിഷങ്ങൾക്കാണ്. തുടരെയുള്ള മൂന്ന് പന്തുകളിൽ രണ്ട് സിക്സും ഒരു ഫോറും നേടി ആനന്ദ് ടീമിന് ഫൈനലിലേക്കുള്ള വഴിയൊരുക്കി. മൂന്ന് പന്തുകളിൽ നിന്ന് 16 റൺസുമായി ആനന്ദ് പുറത്താകാതെ നിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |